head 3
head1
head2

രാജി സാധ്യത വീണ്ടും നല്‍കി ഫ്രാന്‍സീസ് മാര്‍പാപ്പ: ‘കുമ്പസാരം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സമയം ചെലവഴിക്കും’

റോം : സ്ഥാനത്യാഗത്തിന്റെ സൂചനകള്‍ വീണ്ടും പ്രകടിപ്പിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ. തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ ചെയ്തതു പോലെ താന്‍ സ്ഥാനത്യാഗം ചെയ്താല്‍ എന്തുചെയ്യുമെന്നതിനെ കുറിച്ചുള്ള സൂചനകളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തിയത്.

മെക്സിക്കന്‍-അമേരിക്കന്‍ ടിവി ചാനലായ ടെലിവിസ യൂനിവിഷനുമായുള്ള അഭിമുഖത്തില്‍, ഇറ്റാലിയന്‍ ഇടവകയിലെ വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും രോഗികളെ സന്ദര്‍ശിക്കുന്നതിനും തന്റെ സമയം ചെലവഴിക്കുമെന്ന് മാര്‍പാപ്പ പറഞ്ഞു.

‘രാജിക്ക് ശേഷം എനിക്ക് സാധിക്കുമെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുമ്പസാരിപ്പിക്കാനും രോഗികളെ പോയി കാണാനും എനിക്ക് സാധിക്കും,’ അദ്ദേഹം പറഞ്ഞു.

മാര്‍പാപ്പമാര്‍ക്ക് ജോലിയില്‍ തുടരാനാവുന്നില്ലെങ്കില്‍ രാജിവയ്ക്കുന്നത് ശരിയാണെന്ന് പറഞ്ഞിരുന്നു. കാല്‍മുട്ടിന്റെ പ്രശ്‌നങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള രാജി ഊഹാപോഹങ്ങള്‍ക്കും കാരണമായി.

അനാരോഗ്യവും ബലഹീനതയും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരിയില്‍ രാജിവച്ച മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ 95-ാം വയസ്സിലും പ്രാര്‍ത്ഥനയിലും പഠനത്തിലും എഴുത്തിലും ജീവിതം നയിക്കുന്ന കാര്യം അഭിമുഖത്തില്‍ പരാമര്‍ശിക്കവെയാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

‘താന്‍ എപ്പോഴെങ്കിലും വിരമിക്കുകയാണെങ്കില്‍, ജന്മനാടായ അര്‍ജന്റീനയിലേക്ക് മടങ്ങില്ലെന്നും പകരം പ്രവര്‍ത്തിക്കാന്‍ റോമിലെ ഒരു പള്ളി കണ്ടെത്താന്‍ ശ്രമിക്കുമെന്നും ബെനഡിക്റ്റിനെപ്പോലെ ‘റോമിലെ എമിരിറ്റസ് ബിഷപ്പ്’ എന്ന് അറിയപ്പെടുമെന്നും പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.

85 കാരനായ ഫ്രാന്‍സിസ് പാപ്പാ അടുത്തിടെ റോയിട്ടേഴ്സിനോട് നടത്തിയ അഭിമുഖത്തില്‍ സ്ഥാനത്യാഗത്തിനുള്ള സാധ്യതകള്‍ നിഷേധിച്ചിരുന്നു.

Comments are closed.