head 3
head2
head1

പ്രശസ്ത കവി എസ്. രമേശന്‍ അന്തരിച്ചു, സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടം

കൊച്ചി : പ്രശസ്ത കവി എസ് രമേശന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

എസ് രമേശന്റെ ഭൗതിക ശരീരം നാളെ രാവിലെ (14/1/ 2022) എട്ട് മണിക്ക് പച്ചാളത്തുള്ള വസതിയില്‍ എത്തിയ്ക്കും. 11 മണിക്ക് എറണാകുളം ടൌണ്‍ ഹാളില്‍ കൊണ്ടുവരും. പൊതു ദര്‍ശനത്തിന് ശേഷം രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തില്‍ സംസ്‌ക്കാരം.

പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറിയുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിര്‍വാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1996 മുതല്‍ 2001 വരെ സാംസ്‌കാരിക മന്തി ടി കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

എസ്.എന്‍. കോളേജ് പ്രൊഫസറായിരുന്ന ഡോ. ടി.പി. ലീലയാണ് ഭാര്യ. ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവരാണ് മക്കള്‍.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ എഴുതി തുടങ്ങി. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകള്‍, എസ് രമേശന്റെ കവിതകള്‍ എന്നിവയാണ് കൃതികള്‍. ചെറുകാട് അവാര്‍ഡ്, ശക്തി അവാര്‍ഡ്, എ പി കളക്കാട് പുരസ്‌കാരം, മുലൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാര്‍ഡ്, ഫൊക്കാന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് സര്‍വീസില്‍ 1981ല്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2007ല്‍ അഡീഷണല്‍ ഡെവലപ്പ്മെന്റ് കമ്മിഷണര്‍ തസ്തികയില്‍ നിന്നാണ് വിരമിച്ചത്. അതിനു മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലി ചെയ്തിരുന്നു.

1952 ഫെബ്രുവരി 16ന് കോട്ടയം ജില്ലയിലെ വൈക്കത്താണ് ജനനം. പള്ളിപ്രത്തുശ്ശേരി (വൈക്കം) സെന്റ് ജോസഫ് എല്‍ പി സ്‌ക്കൂള്‍, വൈക്കം ഗവണ്മെന്റ് ബോയ്സ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ പ്രീഡിഗ്രീ വിദ്യാഭ്യാസം. 1970 മുതല്‍ 1975 വരെ എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എ, എംഎ പഠനം. ഈ കാലയളവില്‍ രണ്ടു തവണ മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. 1975 മുതല്‍ എറണാകുളം ഗവന്മെന്റ് ലോ കോളേജില്‍ നിയമ പഠനം പൂര്‍ത്തിയാക്കി.

ഐറിഷ് മലയാളി ന്യൂസിന്റെ അനുശോചനം

‘ഐറിഷ് മലയാളി ന്യൂസ്’ ആരംഭിച്ച 2012 മുതല്‍ ഏറെ സഹകരണവും, പിതൃ നിര്‍വിശേഷമായ പ്രോത്സാഹനവും നല്‍കിയ ഒരാളായിരുന്നു കവി എസ്. രമേശന്‍ എന്ന് ഐറിഷ് സമാചാര്‍ മീഡിയാ ലിമിറ്റഡ് മാനേജിംഗ് ബോര്‍ഡ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മാനേജിംഗ് ബോര്‍ഡ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത കവി എസ്. രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു എസ്. രമേശന്‍.

അധ:സ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായി നിന്നു എക്കാലവും രമേശന്റെ കവിത. വരേണ്യ വിഭാഗത്തിന്റെ അധികാര ഘടനയോട് എന്നും കലഹിച്ചു പോന്നിട്ടുള്ള രമേശന്റെ കവിതയിലുണ്ടായിരുന്നത് നിസ്വ ജനപക്ഷപാതം തന്നെയായിരുന്നു.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന നേതാവ് എന്ന നിലയിലും ഗ്രന്ഥശാല സംഘം പ്രവര്‍ത്തകന്‍ എന്ന നിലയിലും ഗ്രന്ഥാലോകം പത്രാധിപന്‍ എന്ന നിലയിലും സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക ലോകത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാനുളള വിധത്തിലുള്ളതായിരുന്നു.

കേരളത്തിലെ പുരോഗമന, രാഷ്ട്രീയ, സാമൂഹ്യ രംഗത്തിന് പൊതുവിലും പുരോഗമന കലാസാഹിത്യ സംഘത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമാണ് രമേശന്റെ വിയോഗംമൂലം ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.