head 3
head2
head1

ജി 7-നില്‍ താരമായി ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ബര്‍ളിന്‍ : ജര്‍മ്മനിയില്‍ നടക്കുന്ന ജി സെവന്‍ ഉച്ചകോടിയില്‍ താരമാകുകയാണ് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിയിലെത്തുന്ന ചില രാജ്യങ്ങളിലെ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സാണ് ഇന്ത്യയ്ക്കൊപ്പം അര്‍ജന്റീന, ഇന്തോനേഷ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നിവയെയും 2022 ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. ഉക്രൈനിയന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയും 27ന് വെര്‍ച്വലായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യു കെ, യു എസ് എന്നിവ ഉള്‍പ്പെടുന്ന പ്രമുഖ വ്യാവസായിക രാജ്യങ്ങളുടെ അനൗപചാരിക ഫോറമാണ് ജി സെവന്‍.

ബവേറിയന്‍ ആല്‍പ്‌സിലെ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഷ്‌ലോസ് എല്‍മൗവില്‍ നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവന്‍ (ജി 7) ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധികള്‍ എല്ലായ്പ്പോഴും പങ്കെടുക്കാറുണ്ട്.

അല്‍പ്പം ചരിത്രം…

ആദ്യത്തെ ലോക സാമ്പത്തിക ഉച്ചകോടിയാണ് പിന്നീട് ജി 7 ആയിത്തീര്‍ന്നത്. 1975-ല്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് വലേരി ജിസ്‌കാര്‍ഡ് എസ്തേയിംഗും തുടര്‍ന്ന് ഫെഡറല്‍ ചാന്‍സലര്‍ ഹെല്‍മുട്ട് ഷ്മിറ്റും ചേര്‍ന്നാണ് ഇതിന് തുടക്കമിട്ടത്.

ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, ജപ്പാന്‍, യു എസ് എന്നിവയുടെ രാഷ്ട്രത്തലവന്മാരും ഗവണ്‍മെന്റിന്റെ തലവന്മാരുമുള്‍പ്പെട്ട ആറംഗ സംഘം ഫ്രാന്‍സിലെ റാംബൂലെറ്റ് കാസിലിലാണ് ഒത്തുകൂടിയത്.

1976ല്‍ കാനഡയെ ഗ്രൂപ്പിലേക്ക് ചേര്‍ത്തു. അങ്ങനെ ജി 6 ജി 7 ആയി. 1981ലെ ഒട്ടാവ ഉച്ചകോടി മുതല്‍ ഇപ്പോഴത്തെ യൂറോപ്യന്‍ യൂണിയനും ഉച്ചകോടിയുടെ എല്ലാ സെഷനുകളുടെയും ഭാഗമാണ്. 1991ല്‍ ലണ്ടന്‍ ഉച്ചകോടിക്കിടെ സോവിയറ്റ് ജനറല്‍ സെക്രട്ടറി മിഖായേല്‍ ഗോര്‍ബച്ചേവിനെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചു.

1998ല്‍ റഷ്യ ഇതില്‍ അംഗമായി. അതോടെ ജി 7 ജി 8 ആയി. 2014ല്‍ ഉക്രൈയ്നിന്റെ പരമാധികാരവും അഖണ്ഡതയും ലംഘിച്ചതിനെ തുടര്‍ന്ന് റഷ്യയെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. അടുത്ത വര്‍ഷം 2023ല്‍ ജപ്പാന്‍ പ്രസിഡന്റാകും.

Comments are closed.