head 3
head2
head1

ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അടുത്ത 25 വര്‍ഷം രാജ്യത്തിന് വളരെ പ്രധാനമാണ്. വലിയ പദ്ധതികളാണുള്ളതെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. രാജ്യത്തിന് ഇന്ന് ഐതിഹാസിക ദിനമാണ്. പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണിതെന്നും തുടര്‍ച്ചയായ ഒമ്പതാം തവണയും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ച പ്രധാനമന്ത്രി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

അടുത്ത 25 വര്‍ഷം രാജ്യത്തിന് വളരെ പ്രധാനമാണ്. വലിയ പദ്ധതികളാണുള്ളത്. അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേയ്ക്കും അടിമത്ത മനോഭാവത്തില്‍ നിന്ന് ഇന്ത്യ സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പൂര്‍ണ വികസിത ഭാരതം, അടിമത്ത നിര്‍മ്മാര്‍ജ്ജനം, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും, പൗരധര്‍മം പാലിക്കല്‍ എന്നീ അഞ്ച് ലക്ഷ്യങ്ങളാണ് അടുത്ത 25 വര്‍ഷത്തേക്ക് പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്.

വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നേറി. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ജന്മസിദ്ധമാണ്. ഭീകരവാദവും തീവ്രവാദവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള മഹാന്‍മാരെ അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ വി ഡി സവര്‍ക്കറെയും അദ്ദേഹം പരാമര്‍ശിച്ചു. നാരായണ ഗുരു ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. റാണി ലക്ഷ്മി ഭായ് അടക്കമുള്ളവരുടെ വീര്യം സ്വാതന്ത്ര്യപോരാട്ടത്തില്‍ കണ്ടു. ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓര്‍ക്കണം. 75 വര്‍ഷത്തെ യാത്ര ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു.

വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ഓരോ ഇന്ത്യക്കാരനും സ്വന്തം മാതൃഭാഷയില്‍ അഭിമാനിക്കണം. ഭാവിതലമുറയെ കാത്തിരിപ്പുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നില്ല. സാമൂഹികമായ ഉണര്‍വ് അടുത്തകാലത്തുണ്ടായി. ജനത കര്‍ഫ്യു അടക്കം കോവിഡ് പ്രതിരോധ നടപടികള്‍ ഈ ഉണര്‍വിന്റെ ഫലമാണ്. സ്ത്രീ വിരുദ്ധത തുടച്ചു നീക്കണം. അഴിമതി ഇല്ലാതാക്കണം. അഴിമതിയും കുടുംബവാഴ്ചയും രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം മീ17 ഹെലിക്കോപ്റ്ററുകള്‍ ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി നടത്തി. 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചത്. കോവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

Comments are closed.