head 3
head1
head2

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സില്‍ ഹൃദ്യമായ വരവേല്‍പ്പ്

റഷ്യ-ഉക്രൈയ്ന്‍ യുദ്ധത്തില്‍ വിജയികളുണ്ടാകില്ലെന്ന് ഇന്ത്യ..

പാരീസ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സ് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. മൂന്നു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ ഡെന്മാര്‍ക്കില്‍ നിന്നാണ് മോദി പാരീസിലെത്തിയത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ എലിസി പാലസിലാണ് മോദി കൂടിക്കാഴ്ച നടത്തിയത്.

പ്രാദേശിക, ആഗോള സംഭവവികാസങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് സന്ദര്‍ശനത്തെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റില്‍ വിശേഷിപ്പിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളികളിലൊന്നാണ് ഫ്രാന്‍സെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ വിശേഷിപ്പിച്ചു.

മാക്രോണ്‍ യൂറോപ്യന്‍ യൂണിയന്റെ പ്രസിഡന്റായിരിക്കെയാണ് മോദിയുടെ സന്ദര്‍ശനമെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. മോദി – മാക്രോണ്‍ കൂടിക്കാഴ്ച ഇന്ത്യ – ഫ്രാന്‍സ് സൗഹൃദത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞയാഴ്ച വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മാക്രോണുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ ലോകനേതാക്കളിലൊരാളാണ് പ്രധാനമന്ത്രി മോദി. തിരഞ്ഞെടുപ്പു വിജയത്തില്‍ മോദി മാക്രോണിനെ അഭിനന്ദിച്ചിരുന്നു.

ഇന്ത്യയുമായി 75 വര്‍ഷത്തെ നയതന്ത്ര ബന്ധമാണ് ഫ്രാന്‍സിനുള്ളത്. പ്രധാനമന്ത്രി മോദിയുടെ അഞ്ചാമത്തെ ഫ്രാന്‍സ് സന്ദര്‍ശനമാണിത്. 2015 നവംബര്‍, 2015 ഏപ്രില്‍ , 2017 ജൂണ്‍, 2019 ഓഗസ്റ്റ് എന്നിങ്ങനെയായിരുന്നു മുന്‍ സന്ദര്‍ശനം.

2018 മാര്‍ച്ചില്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2021 ഒക്ടോബറിലെ ജി20 റോം ഉച്ചകോടി, 2019 ജൂണില്‍ ജി20 ഒസാക്ക ഉച്ചകോടി, 2018 ഡിസംബറില്‍ നടന്ന ജി20 ബ്യൂണസ് അയേഴ്‌സ് ഉച്ചകോടി എന്നിവയിലും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫിന്‍ലാന്‍ഡ്, ഐസ്ലന്‍ഡ്, സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാര്‍ക്കൊപ്പം കോപ്പന്‍ഹേഗനില്‍ ബുധനാഴ്ച നടന്ന ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി സംബന്ധിച്ചിരുന്നു.

റഷ്യ-ഉക്രൈയ്ന്‍ യുദ്ധത്തില്‍ വിജയികളുണ്ടാകില്ലെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാവര്‍ക്കും നഷ്ടം സംഭവിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വികസ്വര, ദരിദ്ര രാജ്യങ്ങളില്‍ യുദ്ധം കൂടുതല്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.