head2
head1
head 3

യുകെ നഴ്സുമാര്‍ക്ക് പുതിയ ദൗത്യം; സിക്ക് നോട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് നഴ്സുമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും അധികാരം

ലണ്ടന്‍ : ഫാമിലി ഡോക്ടര്‍ക്ക് പകരം സിക്ക് നോട്ടുകള്‍ സാക്ഷ്യപ്പെടുത്തുകയെന്ന പുതിയ ദൗത്യം കൂടി നഴ്സുമാരെയും ഫാര്‍മസിസ്റ്റുകളെയും ഏല്‍പ്പിക്കുകയാണ് യു കെ സര്‍ക്കാര്‍. ബ്യൂറോക്രസിയുടെ ഇടപെടല്‍ കുറയ്ക്കാനും ഡോക്ടര്‍മാരുടെ സമയം ലാഭിക്കാനുമാണ് ഈ പരിഷ്‌കാരത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളില്‍ ഈ മാറ്റങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഉടന്‍ തന്നെ ഈ പരിഷ്‌കാരങ്ങള്‍ നടപ്പാകുമെന്നാണ് കരുതുന്നത്.

പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ക്ക് കൂടി സിക്ക് നോട്ട് നല്‍കാനുള്ള അധികാരം നല്‍കിയിരിക്കുകയാണ്. ജിപി സര്‍ജറിയിലോ ആശുപത്രിയിലോ ജോലി ചെയ്യുന്നവര്‍ക്കാണ് ഇതിന് അനുമതി നല്‍കുന്നത്. ഹൈ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുവാദമില്ല.

കഴിഞ്ഞ വര്‍ഷം, ഏകദേശം 10 മില്യണ്‍ സിക്ക് നോട്ടുകളാണ് ജിപികള്‍ വഴി സാക്ഷ്യപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. ഇത്തരം അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ അവരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നതായും സര്‍ക്കാര്‍ വിലയിരുത്തുന്നു.

ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് സിക്ക് നോട്ട് സര്‍ട്ടിഫൈ ചെയ്യുന്നതിന് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന് ഡിസേബിള്‍ഡ് മന്ത്രി കോള്‍ സ്മിത്ത് പറഞ്ഞു. ഫിറ്റ് നോട്ട് ലഭിക്കുന്നതിന് അനാവശ്യമായ കാലതാമസം നേരിടുന്നത് പതിവാണ്. കൂടുതല്‍ പ്രൊഫഷണലുകളെ ഈ സേവനത്തിനായി ലഭിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാകും.

ബ്യൂറോക്രസിയെ വെട്ടിക്കുറയ്ക്കുന്നതിലൂടെ രോഗികള്‍ക്ക് അവരുടെ ജിപിയെ വേഗത്തില്‍ കാണാന്‍ കഴിയുന്നത് ഉറപ്പാക്കുമെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

Comments are closed.