head 3
head2
head1

ടെക്സാസിലെ പ്രൈമറി സ്‌കൂളിലെ കൂട്ടക്കൊല; പോലീസ് ഇടപെടാന്‍ മടിച്ചെന്ന് ആരോപണം

ടെക്സാസ് : സൗത്ത് ടെക്‌സാസിലെ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ച നടന്ന കൂട്ടക്കൊല സംഭവത്തില്‍ ഇടപെടുന്നതില്‍ പോലീസ് അലംഭാവമെന്ന് രക്ഷിതാക്കളുടെ ആരോപണം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ ഈ പോലീസ് നിഷ്‌ക്രിയത്വം വെളിപ്പെടുത്തുന്നു.

പോലീസിനോട് സ്‌കൂളില്‍ കയറി കുട്ടികളെ രക്ഷിക്കണമെന്ന് അലറി വിളിച്ചു പറയുന്ന രക്ഷിതാക്കളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പോലീസിന്റെ മഞ്ഞ ടേപ്പുകള്‍ ഇവര്‍ തകര്‍ക്കുന്നതും വീഡിയോയിലുണ്ട്. അതിന് ശേഷമാണ് പോലീസ് സക്രിയമായി ഇടപെട്ടത്. അപ്പോഴേയ്ക്കും കൊലപാതകി കിരാത വാഴ്ട പൂര്‍ത്തിയാക്കിയിരുന്നു. ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ സ്‌കൂള്‍ വെടിവയ്പ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആക്രമണകാരിയായ 18 കാരനായ സാല്‍വഡോര്‍ റാമോസ് സ്‌കൂളില്‍ അതിക്രമിച്ച് കടന്ന് ഒരു മണിക്കൂറിന് ശേഷമാണ് പോലീസ് എത്തിയത്. എന്നിട്ടും അങ്ങോട്ടേയ്ക്ക് കടക്കാന്‍ മടിച്ചുനിന്നപ്പോഴാണ് രക്ഷിതാക്കള്‍ രോഷത്തോടെ പ്രതികരിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പോലീസ് രംഗത്തുവന്നപ്പോഴേയ്ക്കും നാലാം ക്ലാസ് മുറിയിലെ 19 കുട്ടികളെയും രണ്ട് അധ്യാപകരെയും ഇയാള്‍ വെടിവെച്ചു കൊന്നിരുന്നു.

സ്‌കൂളില്‍ പ്രവേശിച്ച് നാല് മിനിറ്റിനുള്ളില്‍ ഏതാനും ഉദ്യോഗസ്ഥരും അവിടെയെത്തിയിരുന്നു. എന്നാല്‍ തുരുതുരാ വെടിവെച്ചതോടെ അവര്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താവ് വിക്ടര്‍ എസ്‌കലോണ്‍ പറഞ്ഞു. സ്‌കൂളില്‍ സായുധ പോലീസ് ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ക്ലാസ് മുറിയുടെ ഇടനാഴിക്കുള്ളില്‍ കയറുന്നതു തടഞ്ഞ രണ്ട് ഉദ്യോഗസ്ഥരെ റാമോസ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

സ്‌കൂളിലുണ്ടായ വെടിവയ്പ്പ് രാജ്യത്തെ തോക്ക് നിയമങ്ങളെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. റിപ്പബ്ലിക്കന്‍മാരുടെ എതിര്‍പ്പ് അവഗണിച്ച് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡന്‍.

ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ച റാമോസിന് ക്രിമിനല്‍ റെക്കോര്‍ഡോ മാനസിക രോഗ ചരിത്രമോ ഇല്ലെന്ന് പോലീസ് പറഞ്ഞു. പ്രൈമറി സ്‌കൂള്‍ ആക്രമിക്കാനൊരുങ്ങുന്നുവെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ സന്ദേശം അയച്ച ശേഷമാണ് റാമോസ് കൂട്ടക്കൊല നടത്തിയതെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. സ്‌കൂളിലെ കൂട്ടക്കൊലയ്ക്ക് മുമ്പ് മുത്തശ്ശിയെയും ഇയാള്‍ വെടിവെച്ചിട്ടിരുന്നു. ഇവരും ചികില്‍സയിലാണ്.

Comments are closed.