head2
head1
head 3

പി.ടി. ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യുഡല്‍ഹി : പിടി ഉഷ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭ ചേര്‍ന്നയുടനെയായിരുന്നു ഉഷയുടെ സത്യപ്രതിജ്ഞ. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി പി ടി ഉഷ പറഞ്ഞു. കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതെന്ന് ഉഷ വിശദീകരിച്ചു.

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചെന്നും, സംസ്ഥാന വികസനത്തിനും, സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചക്കും എല്ലാ എംപിമാരോടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പിടി ഉഷ വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നും പിടി ഉഷയെ ബിജെപി എംപിയായി നിയോഗിച്ചത്.കായിക താരം എന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാര്‍ശ ചെയ്തത്.സത്യപ്രതിജ്ഞ ചടങ്ങുകള്‍ കാണാന്‍ പിടിഷയുടെ കുടുംബവും പാര്‍ലമെന്റില്‍ എത്തിയിരുന്നു.

പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന പിടി ഉഷയുടെ രാജ്യസഭാംഗത്വം കേരളത്തിലെ കായിക രംഗത്തിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പയ്യോളി കടപ്പുറത്തുനിന്ന് ഓടിത്തുടങ്ങിയ ഉഷ, പിന്നീട് ദേശീയ സ്‌കൂള്‍ കായികമേളകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. 1979ല്‍ നാഗ്പൂരിലെ ദേശീയ സ്‌കൂള്‍ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്ലറ്റിക് മീറ്റും വരവറിയിച്ച ഉഷ 100, 200 മീറ്ററുകളില്‍ സ്വന്തം റെക്കോര്‍ഡുകള്‍ പലതവണ തിരുത്തിക്കുറിച്ചു. ഒടുവില്‍ 1984 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക് ഗെയിംസില്‍ സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തില്‍ ഒളിംപിക് മെഡല്‍ കൈവിട്ട ഉഷയുടെ നഷ്ടം രാജ്യത്തിന്റെ കണ്ണീരായിരുന്നു.

Comments are closed.