head 3
head2
head1

ആഗോള ഖാലിസ്ഥാന്‍ റഫറണ്ടം: വോട്ട് ചെയ്യാനെത്തിയത് നാല്‍പതിനായിരത്തിലേറെ സിഖുകാര്‍

ബ്രസിയ (ഇറ്റലി) : ഇന്ത്യയില്‍ നിന്ന് പഞ്ചാബിനെ വേര്‍പെടുത്തുന്നതിനും, സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനുമായി ഇന്റര്‍നാഷണല്‍ സിഖ് ഗ്രൂപ്പായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) സംഘടിപ്പിച്ച ആഗോള ഖാലിസ്ഥാന്‍ റഫറണ്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത് 40000 ലധികം സിഖുകാര്‍. റഫറണ്ടത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും യുവാക്കളായിരുന്നു, നിരവധി സ്ത്രീകളും,സിഖ് കുടുംബങ്ങളും റഫറണ്ടത്തിന്റെ ഭാഗമായി. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ തന്നെ വോട്ടിങ് കോംപ്ലക്‌സിന് മുന്നില്‍ ആളുകളുടെ നീണ്ട നിര രൂപപ്പെട്ടെങ്കിലും, 11 മണിയോടെ മാത്രമേ വോട്ടിങ് ആരംഭിച്ചിരുന്നുള്ളു.

ഇന്ത്യയില്‍ നിന്ന് പഞ്ചാബിനെ വേര്‍തിരിക്കേണ്ടത് അനിവാര്യമാണെന്ന വ്യക്തമായ സന്ദേശം റഫറണ്ടത്തിലെ പങ്കാളിത്തത്തിലൂടെ മോഡി സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞതായി SFJ ജനറല്‍ കൗണ്‍സില്‍(എന്‍വൈ) ജനറല്‍ കൗണ്‍സല്‍ ഗുര്‍പന്ത്വന്ത് സിങ് പന്നൂന്‍ പറഞ്ഞു. ജൂണ്‍ 5 ന് നടക്കുന്ന റഫറണ്ടത്തിലൂടെ വിഷയത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇറ്റലിയിലെ സിഖുകാര്‍ക്ക് മറ്റൊരു അവസരം കൂടെ ലഭിക്കുമെന്നും, അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ അഖണ്ഡതയ്‌ക്കെതിരെ യൂറോപ്പിലെ സിഖുകാരുടെ ‘പടയൊരുക്കം’

ഇന്റര്‍നാഷണല്‍ സിഖ് ഗ്രൂപ്പായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) ആണ് ഇന്ത്യയില്‍ വേരറ്റുപോയ ഖാലിസ്ഥാന്‍ വാദവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.ഇവര്‍ രൂപം നല്‍കിയ ഖാലിസ്ഥാന്‍ റഫറണ്ടം മൂവ്മെന്റില്‍ യുകെയിലും ജനീവയിലും ഇറ്റലിയിലുമെല്ലാം വേരുകളായിക്കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 31ന് ലണ്ടനിലാണ് ആഗോള ഖാലിസ്ഥാന്‍ റഫറണ്ടത്തിന് തുടക്കമിട്ടത്. ബ്രിട്ടനിലെ ആയിരക്കണക്കിന് സിഖുകാര്‍ ഇവിടെ വോട്ടുചെയ്യാന്‍ അവിടെയെത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമാണ് ഞായറാഴ്ച ബ്രസിയയില്‍ നടന്നത്.

പഞ്ചാബ് സ്വതന്ത്ര രാജ്യമാണോ എന്നതു സംബന്ധിച്ച ആദ്യത്തെ സര്‍ക്കാരിതര റഫറണ്ടമാണിത്. ചേരിചേരാ വിദഗ്ധരുടെ സ്വതന്ത്ര പാനല്‍ നയിക്കുന്ന പഞ്ചാബ് റഫറണ്ടം കമ്മീഷന്‍ (പി ആര്‍ സി) യുടെ മേല്‍നോട്ടത്തിലാണ് റഫറണ്ടം നടക്കുന്നത്.ഖാലിസ്ഥാന്‍ റഫറണ്ടത്തിന്റെ വോട്ടെടുപ്പ്, പോളിംഗ് നടപടിക്രമങ്ങളില്‍ സുതാര്യതയും നിയമസാധുതയും പാലിക്കുക എന്നതാണ് കമ്മീഷന്റെ ചുമതല.

ബ്രസിയയില്‍ രണ്ട് ലക്ഷം സിഖുകാര്‍

ഇറ്റലിയില്‍ 2,00,000ലധികം സിഖുകാരുള്ളതിനാലാണ് പരേഡിനും ഹിതപരിശോധനയ്ക്കും ബ്രസിയ തിരഞ്ഞെടുത്തതെന്ന് സിഖ് ഫോര്‍ ജസ്റ്റിസ് പറഞ്ഞു.ഇവിടെ നാഗര്‍കീര്‍ത്തന്‍ പരേഡില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് സിഖുകാര്‍ ഒരു ചൂണ്ടുപലകയാണെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നും വേറിട്ട് സിഖുകാര്‍ക്ക് സ്വതന്ത്രമായ രാജ്യം വേണമെന്നാഗ്രഹിക്കുന്നവരാണ് ഈ പരേഡില്‍ പങ്കെടുത്തവര്‍. ഇന്ത്യയില്‍ നിന്ന് വേര്‍പിരിയാനുള്ള സിഖുകാരുടെ ആഗ്രഹവും ആവേശവുമാണ് ഇവിടെ കണ്ടതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു എന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമ പ്രകാരം സിഖുകാര്‍ക്ക് വ്യത്യസ്തമായ മതസ്വത്വവും ഭാഷയുമാണുള്ളതെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ഖാലിസ്ഥാന്‍ പ്രസിഡന്റ് കൗണ്‍സില്‍ ഡോ. ബക്ഷീഷ് സിംഗ് സന്ധു പറഞ്ഞു.ഇത് സിഖ് ജനതയ്ക്ക് സ്വയം നിര്‍ണ്ണയ അവകാശത്തിന് അവസരമൊരുക്കുന്നതാണ്. 1984 മുതല്‍ ഇന്ത്യ സിഖ് വംശഹത്യ നടത്തുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.

ഇന്ത്യയ്ക്കെതിരെ ആരോപണങ്ങള്‍

ഖാലിസ്ഥാന്‍ റഫറണ്ടം കാമ്പെയ്‌നിനെ പിന്തുണച്ചതിന് കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ നിയമങ്ങള്‍ സിഖുകാര്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന് ഡോ. ബക്ഷീഷ് സിംഗ് സന്ധു കുറ്റപ്പെടുത്തി. നൂറുകണക്കിനാളുകള്‍ക്കെതിരെ കേസെടുത്ത് പീഡിപ്പിച്ച് ജയിലിലടച്ചു. പ്രധാനമന്ത്രി മോദിയുടെ കീഴില്‍ സിഖുകാര്‍ക്കെതിരായ പീഡനം വര്‍ദ്ധിച്ചെന്നും ഇദ്ദേഹം ആരോപിക്കുന്നു.

പഞ്ചാബ് ജനതയുടെ മനസ്സറിയുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍

ഖാലിസ്ഥാന്‍ റഫറണ്ടം നിയമപരവും ജനാധിപത്യപരവുമായ പ്രചാരണമാണെന്ന് സിഖ് ഫോര്‍ ജസ്റ്റിസ് യുകെയുടെ കോര്‍ഡിനേറ്റര്‍ ദുപീന്ദര്‍ജിത് സിംഗ് പറഞ്ഞു.സിഖ് ജനതയുടെ ഇഷ്ടം കണ്ടെത്താനുള്ള ഏറ്റവും നിയമാനുസൃതവും സമാധാനപരവുമായ മാര്‍ഗ്ഗമാണ് റഫറണ്ടം. യുഎന്‍ ചാര്‍ട്ടറിനും മനുഷ്യാവകാശ പ്രഖ്യാപനമനുസരിച്ച് ഇന്ത്യയില്‍ തുടരണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം പഞ്ചാബ് ജനതയ്ക്കുണ്ട്. ഇതൊരു രാഷ്ട്രീയ ചോദ്യമാണ്. അതിനുള്ള ഉത്തരം തേടലാണ് ഈ റഫറണ്ടം.

ഖാലിസ്ഥാനും ഇന്ത്യയും

ഇന്ത്യയില്‍ ഒരു കാലത്ത് ഖാലിസ്ഥാന്‍ വാദികള്‍ ശക്തമായിരുന്നു. 1984 ജൂണില്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിനെതിരായ ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിലൂടെ ഇതിന് അന്ത്യം വരുത്താന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് സാധിച്ചു. ഇത് ഒക്ടോബര്‍ 31ലെ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലാണ് കലാശിച്ചത്. ഇതേത്തുടര്‍ന്ന് രാജ്യത്താകെ പടര്‍ന്ന സിഖ് വിരുദ്ധ കലാപത്തില്‍ നിരവധി സിഖുകാര്‍ ആക്രമത്തിനിരയായിരുന്നു.

Comments are closed.