head 3
head2
head1

ഉക്രൈയ്ന്‍ – റഷ്യ സംഘര്‍ഷത്തിന് അയവുണ്ടാകുമെന്ന സൂചനയില്‍ എണ്ണവില 6% കുറഞ്ഞു

കീവ് : യുദ്ധത്തിനും സംഘര്‍ഷത്തിനും തെല്ല് അയവുവരുമെന്ന സൂചനയെ തുടര്‍ന്ന് എണ്ണ വില കുറഞ്ഞു. നയതന്ത്ര ശ്രമങ്ങളിലൂടെ ഉക്രൈയ്‌നും റഷ്യയും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുണ്ടാകുമെന്നും ആഗോള വിതരണം വര്‍ദ്ധിപ്പിക്കുമെന്നുമുള്ള തോന്നലില്‍ എണ്ണ വില 6%മാണ് കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

ബ്രെന്റ് ഫ്യൂച്ചേഴ്സില്‍ വില 6.3% കുറഞ്ഞ് ബാരലിന് 105.56 ഡോളറായപ്പോള്‍ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റില്‍ (ഡബ്ല്യുടിഐ) ക്രൂഡ് വില 7.2% ഇടിഞ്ഞ് 101.51 ഡോളറിലെത്തി. ഫെബ്രുവരി 28ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഫെബ്രുവരി 24ലെ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷം ഇതുവരെ എണ്ണ വില ഏകദേശം 36%മാണ് ഉയര്‍ന്നത്. അതേസമയം, ചൈനയിലെ കോവിഡ് സംഭവവികാസങ്ങളും എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്.

കീവിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെയുണ്ടായ കനത്ത ഷെല്ലാക്രമണത്തിനിടയിലാണ് റഷ്യ-ഉക്രൈന്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വെടിനിര്‍ത്തല്‍, സൈന്യത്തെ ഉടനടി പിന്‍വലിക്കല്‍, സുരക്ഷാ ഗ്യാരന്റി എന്നിവ സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ഉക്രൈയ്ന്‍ സ്ഥിരീകരിച്ചു.

റഷ്യ-ഉക്രൈയ്ന്‍ ചര്‍ച്ചകളുടെ പോസിറ്റീവ് പ്രതീക്ഷകളാണ് എണ്ണ വിലയില്‍ പ്രതിഫലിക്കുന്നതെന്ന് ഊര്‍ജ്ജ ഗവേഷണ ദാതാവായ റിസ്റ്റാഡ് എനര്‍ജിയിലെ അനലിസ്റ്റ് കൗശല്‍ രമേശ് പറഞ്ഞു.

ചൈനയിലെ കോവിഡ് വ്യാപനം

അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ എണ്ണ, ദ്രവീകൃത പ്രകൃതി വാതകം, കല്‍ക്കരി ഇറക്കുമതിക്കാരായ ചൈനയിലെ കോവിഡ് വ്യാപനം ആഗോള ഇന്ധന-ഊര്‍ജ്ജ വിപണിയില്‍ ചലനമുണ്ടാക്കുമെന്ന് എനര്‍ജി കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പായ ഇബിഡബ്ല്യു അനലിറ്റിക്‌സിലെ വിശകലന വിദഗ്ധര്‍ പറയുന്നു. ചൈനയില്‍ ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. ഇവിടെ വ്യാപക ലോക്ക് ഡൗണിനും മറ്റും സാധ്യതയുണ്ട്. ഇത് ഊര്‍ജ്ജ ആവശ്യകത കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്.

ഒമിക്രോണിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ചൈനയിലെ ഒരു പ്രവിശ്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനിടെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും റഷ്യയുടെ എണ്ണ, വാതക കണ്ടന്‍സേറ്റ് ഉല്‍പ്പാദനം മാര്‍ച്ചില്‍ ഇതുവരെ പ്രതിദിനം 11.12 മില്യണ്‍ ബാരലായി (ബിപിഡി) ഉയര്‍ന്നു.

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് അമേരിക്ക നിരോധിച്ചിരുന്നു. 2022 അവസാനത്തോടെ ഘട്ടംഘട്ടമായി ഇറക്കുമതി അവസാനിപ്പിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ നാലാമത്തെ പാക്കേജിന് അംഗരാജ്യങ്ങള്‍ സമ്മതിച്ചതായി യൂറോപ്യന്‍ യൂണിയന്‍ സ്ഥിരീകരിച്ചു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.