head 3
head2
head1

പരമ്പര തോറ്റാലെന്താ, ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെ ‘വെള്ളം കുടിപ്പിച്ചില്ലേ…’

ഡബ്ലിന്‍ : മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റുവെങ്കിലും ലോക ക്രിക്കറ്റിലെ വമ്പന്മാരായ ന്യുസിലാന്‍ഡിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ താരതമ്യേന ദുര്‍ബലരായ അയര്‍ലണ്ടിനായി. അയര്‍ലണ്ട് ആതിഥേയത്വം വഹിച്ച പരമ്പരയുടെ മൂന്നാം മത്സരത്തില്‍ വെറും ഒരു റണ്ണിനാണ് ഐറിഷ് ടീം തോറ്റത്. ആദ്യ മത്സരത്തിലും സമാനമായ പോരാട്ടം കാഴ്ചവെച്ച അയര്‍ലണ്ടിനെ ഒരു വിക്കറ്റിനാണ് ന്യുസിലാന്‍ഡ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ന്യുസിലാന്‍ഡ് മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ സെഞ്ച്വറി കരുത്തില്‍ 360 എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. 361 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലണ്ട് അവസാനം വരെ പൊരുതി ജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഒരു റണ്‍ അകലെ അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഐറിഷ് ടീമില്‍ രണ്ട് സെഞ്ച്വറികള്‍ പിറന്നു. വെടിക്കെട്ട് ബാറ്റര്‍ പോള്‍ സ്റ്റെര്‍ലിംഗ് വെറും 103 പന്തില്‍ നിന്ന് 120 റണ്‍സ് നേടിയപ്പോള്‍, ഹാരി ടെക്ടര്‍ 106 പന്തില്‍ നിന്ന് 108 റണ്‍സും നേടി. ഇവര്‍ രണ്ടുപേരും ഒഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതെ പോയതാണ് പരാജയത്തിന് കാരണമായത്.

126 പന്തില്‍ രണ്ട് സിക്സും 15 ബൗണ്ടറിയും സഹിതം 115 റണ്‍സാണ് കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ നേടിയത്. കൂടാതെ ഹെന്റി നിക്കോള്‍സ് (79), ഗ്ലെന്‍ ഫിലിപ്സ് (47) എന്നിവരും മികച്ച സംഭാവന നല്‍കി. അയര്‍ലണ്ടിനുവേണ്ടി ജോഷ്വ ലിറ്റില്‍ 10 ഓവറില്‍ 84 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. കര്‍ട്ടിസ് കാംഫര്‍, ഗാരെത്ത് ഡെലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി. കിവി ബൗളര്‍മാരില്‍ നാല് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് മികച്ചുനിന്നത്. മൂന്ന് വിക്കറ്റ് നേടി ഓള്‍ റൗണ്ടര്‍ മിച്ചല്‍ സാന്റ്നറും മികച്ച പിന്തുണ നല്‍കി.

ആദ്യ ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടി. ആതിഥേയര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം അവസാന ഓവിലെ അഞ്ചാം പന്തിലാണ് ന്യൂസിലന്‍ഡ് മറികടന്നത്. അവസാന ഓവറില്‍ കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 20 റണ്‍സായിരുന്നു. എന്നാല്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ മൈക്കല്‍ ബ്രേസ്വെല്‍ 24 റണ്‍സ് അടിച്ചെടുത്തു. കരുത്തരായ ന്യുസിലാന്‍ഡിനെതിരെ അവസാന ഓവര്‍ വരെ വിജയിച്ചു എന്നു കരുതിയിരുന്നടുത്തുന്നിന്നാണ് ബ്രേസ്വെല്‍ എല്ലാം തകിടം മറിച്ചത്.

കഴിഞ്ഞ മാസം അവസാനം ഇന്ത്യക്കെതിരെ നടന്ന ടി20 മത്സരത്തിലും ഐറിഷ് പട കരുത്ത് തെളിയിച്ചിരുന്നു. 400ന് മുകളില്‍ റണ്‍സ് പിറന്ന ത്രില്ലര്‍ മത്സരത്തില്‍ വെറും നാലു റണ്‍സിന്റെ നേരിയ വിജയമാണ് ഇന്ത്യ അന്ന് സ്വന്തമാക്കിയത്. രണ്ടു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-0നു കൈക്കലാക്കിയെങ്കിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കാന്‍ അയര്‍ലണ്ടിനായി. 226 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് അസാധ്യമായിരിക്കുമെന്ന് കരുതിയെങ്കിലും ഞെട്ടിക്കുന്ന പ്രകടനമായി വിജയത്തിന് തൊട്ടരികില്‍ എത്തിയിരുന്നു. അഞ്ചു വിക്കറ്റിനു 221 റണ്‍സാണ് ഐറിഷ് ബാറ്റേഴ്‌സിന് നേടാനായത്.

Comments are closed.