head2
head1
head 3

കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട രാജ്യമായി സ്പെയിന്‍; രാജ്യത്തെ വിദേശികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 6 മില്യണ്‍ കടന്നു

മാഡ്രിഡ് : സ്പെയിനിയില്‍ കുടിയേറുന്ന വിദേശികളുടെ എണ്ണം ഏറുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു മില്യണ്‍ വിദേശികളാണ് സ്പെയിനിലെത്തിയത്. വിദേശികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 2021 അവസാനത്തോടെ 6 മില്യണ്‍ കടന്നതായി മൈഗ്രേഷന്‍ വകുപ്പ് വെളിപ്പെടുത്തി.

2021 ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം 60,07,553 വിദേശികളാണ് സ്പെയിനിനെ സ്വന്തം രാജ്യമാക്കിയത്. കുടിയേറ്റത്തിന്റെ കാര്യത്തില്‍ സ്പെയിന്‍ പ്രി പാന്‍ഡെമിക് ലെവലിലെത്തിയതായും വകുപ്പ് സ്ഥിരീകരിച്ചു.

സ്പെയിനിലെ വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 19 ശതമാനം വര്‍ധനവാണുണ്ടായതെന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പറയുന്നു. കൊളംബിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്പെയിനിലേയ്ക്ക് കുടിയേറിയത്. അതേസമയം, വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റം വന്‍ തോതില്‍ കുറഞ്ഞു. 2020ല്‍ 53 ശതമാനമായിരുന്ന ഇവിടെ നിന്നുള്ള കുടിയേറ്റം 2021ല്‍ വെറും 7 ശതമാനമായി ഇടിഞ്ഞു.

2020നെ അപേക്ഷിച്ച് 2,07,000 വിദേശികളാണ് കഴിഞ്ഞ വര്‍ഷം സ്പെയിനിലേയ്ക്ക് കുടിയേറിയത്. സ്പെയിനില്‍ റസിഡന്‍സി അനുവദിച്ച നോണ്‍ ഇയു വിദേശികളുടെ എണ്ണത്തിലും 2021ല്‍ 3.6% വര്‍ധനവുണ്ടായി.

ഇറ്റലിക്കാരുടെ പ്രിയപ്പെട്ട സ്പെയിന്‍

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് സ്പെയിനിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിയത് ഇറ്റലിയില്‍ നിന്നാണ് (7%), തൊട്ടുപിന്നില്‍ ഫ്രാന്‍സാണ് (5%). സ്പെയിനിലെ വിദേശികളില്‍ 3.48 മില്യണ്‍ മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ളവരും 2.34 മില്യണ്‍ ആളുകള്‍ മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവരിലേറെയും ബ്രിട്ടന്റെ പിന്‍വലിക്കല്‍ കരാറില്‍പ്പെട്ടവരാണ്.

ദേശീയത അടിസ്ഥാനത്തില്‍ നോക്കിയാല്‍ റൊമാനിയക്കാരാണ് ഏറെയും (1.09 മില്യണ്‍). മൊറോക്ക (8,30,000), ബ്രിട്ടന്‍ (4,07,000), ഇറ്റലി (377,000), ചൈന (230,000), ബള്‍ഗേറിയ (202,000), ഫ്രഞ്ച് (185,000), ജര്‍മ്മനി (185,000) എന്നിങ്ങനെയും ആളുകള്‍ സ്പെയിനിലുണ്ട്.

തലസ്ഥാനമായ മാഡ്രിഡിലാണ് (9,72,000) ഏറ്റവും കൂടുതല്‍ വിദേശികളുള്ളത്. ബാഴ്‌സലോണ(8,95,000)യ്ക്കാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം. അല്‍മേരിയ, മലാഗ, ലെയ്ഡ, അലികാന്റെ, ജിറോണ, ബലേറിക്‌സ്, എക്‌സ്ട്രാഞ്ചെറോസ് തുടങ്ങിയ പ്രവിശ്യകളിലും ജനസംഖ്യയുടെ നല്ല ഭാഗവും വിദേശികളാണ്.

ഇന്ത്യയും സ്പെയിനും

സ്പെയിനില്‍ ഏകദേശം 40,000-50,000നുമിടയില്‍ ഹിന്ദുക്കളാണുള്ളത്. അവരില്‍ 75%വും ഇന്ത്യയില്‍ നിന്നുള്ളവരാണ്. സ്പെയിനിലെ ഇന്ത്യന്‍ സമൂഹം വളരെ കഠിനാധ്വാനികളും സമാധാനപ്രിയരുമാണ്. സ്പാനിഷ് സമൂഹവുമായി ഇണങ്ങിച്ചേര്‍ന്നാണ് അവര്‍ ജീവിക്കുന്നത്.

സ്‌പെയിനില്‍ താമസിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും സ്വന്തം ബിസിനസ്സാണുള്ളത്. സ്റ്റോറുകള്‍, റസ്റ്റോറന്റുകള്‍, കോള്‍ സെന്ററുകള്‍, പലചരക്ക് കടകള്‍, തുണിക്കടകള്‍, കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ ഷോപ്പുകള്‍ തുടങ്ങി ബാറുകള്‍ വരെ നടത്തുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.

Comments are closed.