head1
head2
head 3

ബോറിസ് ജോണ്‍സണെതിരെ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഭാവിയില്‍ ‘പത്താംനമ്പര്‍ പാര്‍ട്ടികള്‍’ കരിനിഴല്‍ വീഴ്ത്തുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ഇതു സംബന്ധിച്ച ഗ്രേ അന്വേഷണ റിപ്പോര്‍ട്ടിന് കാത്തിരിക്കുന്ന ബോറിസ് ജോണ്‍സണ് ഇനി അഗ്‌നിപരീക്ഷണത്തിന്റെ നാളുകളാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

രാഷ്ട്രീയ എതിരാളികളില്‍ നിന്നു മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പുകളെക്കൂടി നേരിടേണ്ടിവന്നേക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. അന്വേഷണ റിപ്പോര്‍ട്ട് ജോണ്‍സന് ദോഷകരമായാല്‍ പാര്‍ട്ടിയിലെ വിമത ഭാഗത്തുനിന്നും അവിശ്വാസം കൊണ്ടുവരാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. അതിനിടെ ആരോപണവിധേയരായ ചില കക്ഷികള്‍ക്കെതിരെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും അന്വേഷണം പ്രഖ്യാപിച്ചത് സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

ലോക്ക്ഡൗണ്‍ നിബന്ധകളെ പൊളിച്ചടുക്കി നടത്തിയ 10-ാം നമ്പറിലെയും വൈറ്റ്ഹാളിലെയും വിരുന്നു പാര്‍ട്ടികള്‍ ബ്രിട്ടന്റെ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തുമോയെന്നാണ് ഇനിയറിയേണ്ടത്. അതിനിടെ, റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രധാനമന്ത്രി പദവിയില്‍ നിന്നും പോകേണ്ടിവന്നാല്‍ അത് പൊതുതെരഞ്ഞെടുപ്പിന് കാരണമാകുമെന്ന് ഭൂരിപക്ഷം ടോറി എംപിമാരും സീനിയര്‍ മന്ത്രിമാരും മുന്നറിയിപ്പ് നല്‍കുന്നു. വിവാദത്തിന്റെ പേരില്‍ പുറത്താകുന്നത് ജയ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന ആശങ്കയും ഇവര്‍ ഉയര്‍ത്തുന്നു.

റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്ന്

സീനിയര്‍ സിവില്‍ സെര്‍വന്റ് സ്യൂ ഗ്രേയുടെ ഈ അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാകുമെന്നു തന്നെയാണ് കരുതുന്നത്. റിപ്പോര്‍ട്ട് ഇപ്പോള്‍ നിയമ, മാനവ വിഭവശേഷി ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ നിയമപരമായ പരിശോധനകളുടെ പേരില്‍ അത് തടഞ്ഞുവച്ചിരിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

റിപ്പോര്‍ട്ട് വൈകുന്നത് പാര്‍ലമെന്റ് നടപടികള്‍ അടുത്ത ആഴ്ചയിലേക്ക് നീട്ടുന്നതിന് വഴിയൊരുക്കുമെന്നും സൂചനയുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കണമെന്ന് ലേബര്‍ പാര്‍ട്ടിയുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. റിപ്പോര്‍ട്ട് തടയാന്‍ ഒരു വിധത്തിലും ശ്രമിക്കില്ലെന്ന് ജോണ്‍സന്റെ ഔദ്യോഗിക വക്താവും വെളിപ്പെടുത്തി. റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോമണ്‍സ് സ്പീക്കര്‍ ലിന്‍ഡ്സെ ഹോയില്‍ പറഞ്ഞു.

Comments are closed.