head1
head 3
head2

അയര്‍ലണ്ടില്‍ വിദേശ നഴ്‌സുമാര്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കാന്‍ എന്‍എംബിഐ അവസരമൊരുക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വിദേശ നഴ്‌സുമാര്‍ക്ക് മുപ്പത് ദിവസങ്ങള്‍ വരെ ജോലി ചെയ്യാനുള്ള താല്‍ക്കാലിക രജിസ്‌ട്രേഷന് അനുമതി നല്‍കാന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് (എന്‍ എം ബി ഐ) തീരുമാനം. സ്വന്തം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും അയര്‍ലണ്ടില്‍ താല്‍ക്കാലികമായി പ്രാക്ടീസ് ചെയ്യാന്‍ അവസരം ഒരുക്കുന്നതാണ് ഈ പദ്ധതി.

ആഗ്രഹിക്കുന്നവര്‍ക്കെല്ലാം താല്‍ക്കാലിക പെര്‍മിറ്റിനായി ഇപ്പോള്‍ അപേക്ഷിക്കാമെന്ന് എന്‍ എം ബി ഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. മാനുഷിക ആവശ്യങ്ങള്‍ക്കായി രാജ്യത്തിന് പുറത്ത് പ്രാക്ടീസ് ചെയ്യുന്ന നഴ്സിന് അയര്‍ലണ്ടിലും 30 ദിവസത്തില്‍ കൂടാത്ത കാലയളവില്‍ പ്രാക്ടീസ് ചെയ്യാനാണ് പെര്‍മിറ്റ് ലഭിക്കുക.

ആരോഗ്യവകുപ്പ് 2011ലെ നഴ്‌സസ് ആന്റ് മിഡൈ്വവ്‌സ് ആക്ടിന്റെ 39, 41 വകുപ്പുകള്‍ പ്രാബല്യത്തില്‍ വരുത്തിയതോടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് മന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പുറത്തിറക്കിയത്. തൊഴില്‍ ലക്ഷ്യമിട്ട് അയര്‍ലണ്ടിലെത്തുന്ന നഴ്സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും ഇനി ഹ്യൂമാനിറ്റേറിയന്‍ പ്രാക്ടീസ് പെര്‍മിറ്റിന് ഈ നിയമമമനുസരിച്ച് അപേക്ഷിക്കാനാകും.

അടിയന്തരവും സങ്കീര്‍ണ്ണവുമായ ക്ലിനിക്കല്‍ പരിചരണം ആവശ്യമായ രോഗിയുടെ ട്രാന്‍സ്ഫര്‍, നഴ്‌സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കുമുള്ള ക്ലിനിക്കല്‍ ഏരിയാ പരിശീലനം എന്നീ ഘട്ടങ്ങളില്‍ പെര്‍മിറ്റിന് അപേക്ഷിക്കാം. കായിക ഇവന്റിനായി അനുഗമിക്കുമ്പോഴും കുറഞ്ഞകാലം വിശ്രമത്തില്‍ കഴിയുന്ന രോഗിയുടെ പരിചരണത്തിനും നഴ്സുമാര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകും. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നിയമ പ്രകാരം തുല്യമല്ലാത്ത യോഗ്യതകള്‍ അംഗീകരിക്കാത്ത നഴ്സുമാര്‍ക്കും മിഡൈ്വഫുകള്‍ക്കും ഈ പെര്‍മിറ്റ് ലഭിക്കില്ല.

സ്വന്തം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും എന്‍ എം ബി ഐ വെബ്‌സൈറ്റിലൂടെ ഹ്യൂമാനിറ്റേറിയന്‍ പ്രാക്ടീസ് പെര്‍മിറ്റിന് അപേക്ഷിക്കാമെന്ന് എന്‍എംബിഐ യുടെ സി ഇ ഒ ഷീല മക്ലെലാന്‍ഡ് പറഞ്ഞു. എന്നാല്‍ അയര്‍ലണ്ടില്‍ സ്ഥിരമായി പ്രാക്ടീസ് ചെയ്യണമെങ്കില്‍ എന്‍ എം ബി ഐ യില്‍ രജിസ്ട്രേഷന് അപേക്ഷിക്കേണ്ടതുണ്ടെന്നും സിഇഒ വ്യക്തമാക്കി.

Comments are closed.