head1
head2
head 3

നിലപാടുകള്‍ ഉറച്ചതുതന്നെ; മാള്‍ട്ടയ്ക്കുള്ള ബഹുമതിയെന്ന് റോബര്‍ട്ട മെറ്റ്സോള

ബ്രസല്‍സ് : യുറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റെന്ന നിലയില്‍ റോബര്‍ട്ട മെറ്റ്സോളയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളെല്ലാം ഗര്‍ഭഛിദ്രത്തെയും സ്ത്രീകളുടെ ലൈംഗികാവകാശങ്ങളെയും സംബന്ധിച്ചുള്ളതായിരുന്നു. വ്യക്തിപരമായി വേറിട്ട നിലപാട് സ്വീകരിച്ചതിനെ മുന്‍നിര്‍ത്തിയായിരുന്നു ഈ ചോദ്യങ്ങളെല്ലാം. എന്നാല്‍ ഉറച്ച മറുപടിയോടെ അവയെയെല്ലാം നേരിടാന്‍ മെറ്റ്സോളയ്ക്കായി. ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ഇ.പിയുടെ നിലപാടിനെ മാനിക്കുമെന്ന് മെത്സോള ആവര്‍ത്തിച്ച് വ്യക്തമാക്കി.

വ്യക്തിഗത നിലപാടിന് പ്രസക്തിയില്ല

തന്റെ നിലപാട് യൂറോപ്യന്‍ പാര്‍ലമെന്റിന്റേതു തന്നെയാണെന്ന് ഇവര്‍ വിശദീകരിച്ചു. ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യ അവകാശങ്ങളുടെ വിഷയത്തില്‍ പാര്‍ലമെന്റ് നിലപാട് എല്ലായ്പ്പോഴും വ്യക്തമാണ്. ഈ നിലപാടുകളെ വ്യാഖ്യാനിക്കില്ല. അതുതന്നെയായിരിക്കും തന്റെ നിലപാടും. മുമ്പും ഇങ്ങനെയായിരുന്നുവെന്നും അവര്‍ പറഞ്ഞു. വൈസ് പ്രസിഡന്റായിരിക്കെ പോളണ്ടിന്റെ ഗര്‍ഭച്ഛിദ്ര നിയമത്തെക്കുറിച്ച് പാസാക്കിയ പ്രമേയം മെറ്റ്സോള ചൂണ്ടിക്കാട്ടി.

എംഇപി ആയിരുന്ന സമയത്ത്, സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഗര്‍ഭഛിദ്ര സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകളെയും പ്രമേയങ്ങളെയും മെറ്റ്സോള എതിര്‍ത്തിരുന്നു. ഇ.പി പ്രസിഡന്റായിരിക്കെ ഇത്തരം കാര്യങ്ങളില്‍ വോട്ട് ചെയ്യേണ്ടതില്ലെന്ന് തീരുമാനമെടുത്തതായി അവര്‍ പറഞ്ഞു.

ഈ പദവി മാള്‍ട്ടയ്ക്കുള്ള ബഹുമതി

തന്റെ പദവി മാള്‍ട്ടയ്ക്ക് ലഭിച്ച ബഹുമതിയാണെന്ന് മെറ്റ്സോള പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുമ്പ് യൂറോപ്യന്‍ ചര്‍ച്ചാ ടേബിളിന്റെ ഭാഗമാകാനുള്ള മാള്‍ട്ടയുടെ തീരുമാനത്തിന്റെ പരിസമാപ്തിയാണ് തന്റെ തിരഞ്ഞെടുപ്പ്. ഡേവിഡ് കാസ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ നന്ദി പറയുന്നു.

ലേബര്‍ സര്‍ക്കാരുമായി നല്ല ബന്ധം

പ്രോ യൂറോപ്യന്‍ എന്ന നിലയില്‍ ലേബര്‍ സര്‍ക്കാരുമായി വളരെ നല്ല ബന്ധമാണുള്ളതെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് ഇവര്‍ മറുപടി നല്‍കി. പ്രധാനമന്ത്രി അബേലയുമായി നേരില്‍ക്കണ്ട് സംസാരിച്ചെന്നും അവര്‍ വ്യക്തമാക്കി.

കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കമ്മിറ്റികളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി യുറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റെന്ന നിലയില്‍ നിലപാട് സ്വീകരിക്കുമെന്നും അവര്‍ വിശദീകരിച്ചു.

Comments are closed.