head2
head 3
head1

വരിക്കാരുടെ എണ്ണത്തില്‍ കുറവ്; 300 ജീവനക്കാരെ കൂടി വെട്ടിക്കുറച്ച് നെറ്റ്‍ഫ്ലിക്സ്

ചെലവു ചുരുക്കലിന്റെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് നെറ്റ്‍ഫ്ലിക്സ്. വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതിനെ തുടര്‍ന്നുള്ള നടപടിയില്‍ 300 ജീവനക്കാരെയാണ് അടുത്തിടെ പ്രമുഖ ഒ ടി ടി പ്ലാറ്റഫോം പിരിച്ചുവിട്ടത്. വരുമാനത്തില്‍ വന്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് കമ്പനി നടത്തുന്ന രണ്ടാം റൗണ്ട് പിരിച്ചു വിടലാണിത്. കഴിഞ്ഞ മാസം കമ്പനി 150 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

300 ജീവനക്കാരെന്നാല്‍ കമ്പനിയിലെ നാല് ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടു. ഇവരില്‍ ഭൂരിഭാഗവും നെറ്റ്ഫിള്ക്‌സിന്റെ അമേരിക്കയിലെ ജീവനക്കാരാണ്. വരുമാനത്തില്‍ കുറവു വന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് നെറ്റ്‍ഫ്ലിക്സ് അറിയിച്ചു. ചില കരാര്‍ തൊഴിലാളികളെയും എഡിറ്റോറിയല്‍ ജീവനക്കാരെയുമാണ് നെറ്റ്‍ഫ്ലിക്സ് പിരിച്ചു വിട്ടത്.

“ഞങ്ങള്‍ ഈ ബിസിനസില്‍ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. എന്നാല്‍, കമ്പനിയുടെ വരുമാനത്തിലുള്ള വളര്‍ച്ച മന്ദഗതിയിലാണ്. അതിനാലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടി വന്നത്” നെറ്റ്‍ഫ്ലിക്സ് അറിയിച്ചു. “നെറ്റ്ഫ്‌ലിക്‌സിനായി അവര്‍ ചെയ്ത എല്ലാ സേവനങ്ങള്‍ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഈ ബുദ്ധിമുട്ടു നിറഞ്ഞ അവസ്ഥയില്‍ അവരെ പിന്തുണയ്ക്കാന്‍ ശ്രമിച്ചു വരികയുമാണ്”, കമ്പനി കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പവും ഉക്രെയ്ന്‍-റഷ്യ യുദ്ധവും മറ്റ് സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള കടുത്ത മത്സരവുമൊക്കെ നെറ്റ്ഫ്‌ളിക്‌സിനെ കാര്യമായി തന്നെ ബാധിച്ചിരുന്നു. മഹാമാരിയുടെ വരവോടെ ആളുകള്‍ മറ്റ് സമാനമായ പ്ലാറ്റ്‌ഫോമുകള്‍ വിനോദത്തിനായി കണ്ടെത്തുകയും ചെയ്തു. അതു കൊണ്ടു തന്നെ സമീപ മാസങ്ങളില്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു നെറ്റ്ഫ്‌ളിക്‌സ്. ആദ്യ പാദത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. നിലവിലെ പാദത്തില്‍ ഇതിലും ആഴത്തിലുള്ള നഷ്ടം ഉണ്ടാകുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്.

ജനുവരിയില്‍ പ്ലാനുകളുടെ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് നെറ്റ്ഫ്‌ലിക്‌സ് വരിക്കാരുടെ എണ്ണത്തില്‍ കുറവു വന്നിരുന്നു. കൂടാതെ, ആമസോണ്‍, വാള്‍ട്ട് ഡിസ്‌നി, ഹുലു തുടങ്ങിയ എതിരാളികളില്‍ നിന്നുള്ള മല്‍സരവും ശക്തമായി. ഈ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളുടെയെല്ലാം വരിക്കാരുടെ എണ്ണം അടുത്തിടെ വര്‍ധിക്കുകയാണ് ചെയ്തത്.

വിലകുറഞ്ഞതും പരസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. അതിനായി പല കമ്പനികളുമായി നെറ്റ്ഫ്‌ളിക്‌സ് ചര്‍ച്ച നടത്തി വരികയാണ്. പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്ന് പ്ലാറ്റ്‌ഫോമിലെ വരിക്കാരുടെ എണ്ണവും വരുമാനവും മെച്ചപ്പെടുത്താന്‍ പദ്ധതിയിട്ടുണ്ടെന്ന് കമ്പനി ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ അറിയിച്ചിരുന്നു.

Comments are closed.