head1
head 3
head2

ഇറ്റാലിയന്‍ യാത്ര വിവാദം: രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി നവ്‌ജോത് സിങ് സിദ്ധു

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ യാത്രയെത്തുടര്‍ന്ന് വിവാദത്തിലായ മുന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ധു. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന പഞ്ചാബിലെ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കാനിരിക്കെയായിരുന്നു രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് വ്യക്തിഗത ആവശ്യങ്ങള്‍ക്കായി തിരിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസിനകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു സിദ്ധു കഴിഞ്ഞ ദിവസം രംഗത്തുവന്നത്. പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലി നടത്താന്‍ തീരുമാനിച്ചിരുന്നില്ലെന്നും, വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിദ്ധു പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പഞ്ചാബില്‍ വരാന്‍ താത്പര്യണ്ടെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും ആവാം, രാഹുലിന്റെയും, പ്രിയങ്കയുടെയും നേതൃത്വത്തിന്റെ ബലത്തിലാണ് 78 സീറ്റുകളോടെ മുന്‍പ് പഞ്ചാബില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത്, അതിനാല്‍ തന്നെ ഇവര്‍ക്കെതിരായ വിമര്‍ശനങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല, രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ത്യ മാറുന്ന കാലം വിദൂരമല്ല എന്നും സിദ്ധു പറഞ്ഞു.

പഞ്ചാബ്, ഉത്തരാഖഢ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന സംസ്ഥാനങ്ങളാണ് പഞ്ചാബും ഉത്തരാഖഢും. പഞ്ചാബില്‍ ജനുവരി 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ മെഗാ റാലി നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായത്.

Comments are closed.