head 3
head1
head2

റഷ്യയ്ക്കെതിരെ നാറ്റോയുടെ പടനീക്കം… തിരിച്ചടി ഏത് നിമിഷവുമുണ്ടായേക്കാം… കൈവിട്ടുപോകുമോ കാര്യങ്ങള്‍…?

ബ്രസല്‍സ് : റഷ്യയ്ക്കെതിരെ പടനയിക്കാനൊരുങ്ങുകയാണോ നാറ്റോ…? നിരീക്ഷകര്‍ സംശയത്തിലാണ്. എപ്പോഴാണ് ആ മിന്നല്‍പ്പിണറുണ്ടാവുക…? തിരക്കു പിടിച്ച് നാറ്റോ കിഴക്കന്‍ യൂറോപ്പില്‍ സൈനികരെ സജ്ജമാക്കുന്നത് ഇതിന്റെ സൂചനയാണോ…? ഏതു നിമിഷവും റഷ്യയ്ക്കു തിരിച്ചടി കൊടുക്കാനുള്ള കളമൊരുക്കലാണ് നാറ്റോ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വായുവിലും കരയിലും കടലിലും സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ നേരത്തേ തന്നെ നാറ്റോ സഖ്യം തുടക്കമിട്ടിരുന്നു. എന്നിരുന്നാലും ഇത്രയും വലിയ മുന്നേറ്റം ആദ്യമാണ്.

22,000 അധിക നാറ്റോ സൈനികരെയും സൈനിക ഉപകരണങ്ങളുമാണ് കിഴക്കന്‍ യൂറോപ്പിലേക്ക് എത്തിച്ചിരിക്കുന്നത്. നാറ്റോയിലുള്‍പ്പെട്ടതും അല്ലാത്തതുമായ 20 രാജ്യങ്ങള്‍ ഉക്രെയ്‌നിന് ആയുധങ്ങള്‍ നല്‍കുന്നുണ്ട്.

40,000 സൈനികര്‍ ഉള്‍പ്പെടുന്ന റാപ്പിഡ് റിയാക്ഷന്‍ റെസ്‌പോണ്‍സ് ഫോഴ്‌സിനെയും (എന്‍ആര്‍എഫ്) സജീവമാക്കിയിട്ടുണ്ട്. ആദ്യമായി നാറ്റോ അതിന്റെ എന്‍ആര്‍എഫിനെ പടയ്ക്കിറക്കുന്നത്.

നാറ്റോ സേനയുടെ എക്കാലത്തെയും വലിയ സൈനിക നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. റഷ്യ ഉക്രെയ്ന്‍ ആക്രമിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് നാറ്റോ സായുധ സേനയുടെ ഈ നീക്കം. യുദ്ധം ഉക്രെയ്നില്‍ തീരില്ലെന്ന സൂചനയാണിത് നല്‍കുന്നത്.

ജര്‍മ്മനിയുടെ നയം മാറ്റം

റഷ്യന്‍ ആക്രമണം ജര്‍മ്മനിയിലും നയവ്യതിയാനത്തിന് കളമൊരുക്കിയിട്ടുണ്ട്. നാസിസത്തിന്റെ ദുഷിച്ച സ്മരണകളുടെ പേരില്‍ ജര്‍മ്മനി എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ചരിത്രപരമായ ആ വിലക്കുകള്‍ മാറ്റിമറിച്ച് പുതിയ ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ജര്‍മ്മനിയുമെത്തിയിട്ടുള്ളത്. 100 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ പദ്ധതിയാണ് ജര്‍മ്മനി ആവിഷ്‌കരിച്ചിട്ടുള്ളത്.

കഴിഞ്ഞ വാരാന്ത്യം വരെ ബെര്‍ലിന്‍ ഇരകള്‍ക്കെതിരെ ഉപയോഗിക്കാവുന്ന ആയുധ വിതരണം നിരസിച്ചിരുന്നു. ആ നയത്തിലും ജര്‍മ്മനി മാറ്റം വരുത്തി. ഇപ്പോള്‍ നേരിട്ടും മൂന്നാം രാജ്യങ്ങള്‍ വഴിയും അത്തരം ആയുധങ്ങളും ജര്‍മ്മനി നല്‍കിത്തുടങ്ങി. ഗ്രനേഡ് ലോഞ്ചറുകളും ടാങ്ക് വിരുദ്ധ റോക്കറ്റുകളും ആന്റി-എയര്‍ക്രാഫ്റ്റ് റോക്കറ്റുകളുമെല്ലാമാണ് ഇതിലുള്‍പ്പെടുന്നത്.

ജര്‍മ്മന്‍ നിഷ്‌ക്രിയത്വം ഭയപ്പെടുത്തുന്നതാണെന്ന് 2011ല്‍ പോളണ്ടിന്റെ അന്നത്തെ വിദേശകാര്യ മന്ത്രി റാഡെക് സിക്കോര്‍സ്‌കി ചൂണ്ടിക്കാട്ടിയിരുന്നു. റഷ്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പരാമര്‍ശം.

എന്നാലിപ്പോള്‍ ജര്‍മ്മന്‍ യുദ്ധവിമാനങ്ങള്‍ പോളിഷ് വ്യോമാതിര്‍ത്തികളിലും പോളണ്ടിനും റൊമാനിയയ്ക്കും മുകളിലൂടെയും സായുധ പട്രോളിംഗ് നടത്തുകയാണ്. ക്രിമിയയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ജര്‍മ്മന്‍ ടൊര്‍ണാഡോ യുദ്ധവിമാനങ്ങളും ഒരു സമുദ്ര പട്രോളിംഗ് വിമാനവും ബാള്‍ട്ടിക് കടലില്‍ പട്രോളിംഗിനിറങ്ങിയിട്ടുണ്ട്.

റൊമാനിയയിലും പോളണ്ടിലും എണ്ണമറ്റ പടക്കോപ്പുകള്‍

300 ബെല്‍ജിയന്‍ സൈനികര്‍, 150 ഡച്ച് സൈനികര്‍, ഒരു ഫ്രഞ്ച് എന്‍ആര്‍എഫ് ആര്‍മി ബറ്റാലിയന്‍, കൂടാതെ 12 ഇറ്റാലിയന്‍, ആറ് ജര്‍മ്മന്‍ യൂറോഫൈറ്റര്‍ ജെറ്റുകള്‍ എന്നിവയാണ് റൊമാനിയയിലുള്ളത്.

പോളണ്ട് വ്യോമാതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്ന ഫ്രഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കും ജര്‍മ്മന്‍ ടൊര്‍ണാഡോ നിരീക്ഷണ വിമാനങ്ങള്‍ക്കും കണക്കില്ല. ബാള്‍ട്ടിക് രാജ്യങ്ങളിലേയ്ക്കും പോളണ്ടിലേക്കും 15,000 യുഎസ് സൈനികരും 32 യുഎസ് ആക്രമണ ഹെലികോപ്റ്ററുകളുമെത്തി. യൂറോപ്പ് ആസ്ഥാനമായുണ്ടായിരുന്ന 5,500 യുഎസ് സൈനികരും പോളണ്ടിന്റെ കിഴക്കന്‍ ഭാഗത്തേയ്ക്ക് നീങ്ങിയിട്ടുണ്ട്.

സ്ലോവാക്യയിലും ബള്‍ഗേറിയയിലും ബാള്‍ട്ടിക്കിലും കൂടുതല്‍ സൈന്യം

സ്ലോവാക്യയിലെ 1200 നാറ്റോ സഖ്യസേനയില്‍ 250 ജര്‍മ്മന്‍ സൈനികര്‍ കൂടിയെത്തി. ജര്‍മ്മന്‍ പട്ടാളക്കാര്‍ കൈകാര്യം ചെയ്യുന്ന ജര്‍മ്മന്‍ ‘പാട്രിയറ്റ്’ എയര്‍ ഡിഫന്‍സ് സിസ്റ്റവും ഇവിടെ സുസജ്ജമാണ്. ബള്‍ഗേറിയയില്‍ രണ്ട് ഡച്ച് എഫ്-35 വിമാനങ്ങളും നാല് സ്പാനിഷ് യൂറോഫൈറ്റര്‍ ജെറ്റുകളും വിന്യസിച്ചിട്ടുണ്ട്. ബാള്‍ട്ടിക്കില്‍ ലാത്വിയയ്ക്കുവേണ്ടി 150 സ്പാനിഷ് സൈനികരും 30 കനേഡിയന്‍ സൈനികരും, പീരങ്കി,ഇലക്ട്രോണിക് യുദ്ധ യൂണിറ്റുകളും 100 അധിക ഡച്ച് സൈനികരുമെത്തി. ലിത്വാനിയ യുദ്ധഗ്രൂപ്പിലേക്ക് 60 നോര്‍വേ സൈനികരെയും 350 ജര്‍മ്മന്‍ സൈനികരെയും വിന്യസിച്ചു.

എസ്തോണിയയില്‍ ഫ്രഞ്ച് മിറാഷ് യുദ്ധവിമാനങ്ങള്‍

ബുണ്ടസ്വെഹറിന്റെ സാന്നിധ്യം 1,200 ആയി വര്‍ധിച്ചു. എസ്തോണിയയില്‍ നാല് ഫ്രഞ്ച് മിറാഷ് യുദ്ധവിമാനങ്ങളും 200 സൈനികരും 1,000 യുകെ സൈനികരും ചലഞ്ചര്‍ ടാങ്കുകളും ജര്‍മ്മന്‍ പി3സി ഓറിയോണ്‍ മാരിടൈം പട്രോളിംഗ് വിമാനവും ബാള്‍ട്ടിക് കടലിലെ ഒരു മൈന്‍ ഹണ്ടറുമെത്തിയിട്ടുണ്ട്.

സ്റ്റാന്‍ഡ്‌ബൈയായി വേറെയും

3,400 ഇറ്റാലിയന്‍ സൈനികരും 3,400 കനേഡിയന്‍ സൈനികരും നാല് ഡച്ച് എഫ്16, നാല് എഫ്35 യുദ്ധവിമാനങ്ങളും സ്റ്റാന്‍ഡ്‌ബൈയായി നിലയുറപ്പിച്ചിട്ടുണ്ട്. ഹ്യുമാനിറ്റേറിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 1,000 യുകെ സൈനികരുമുണ്ട്. നാല് യൂറോ ഫൈറ്റേഴ്സ് സൈപ്രസിലുണ്ട്. എച്ച്എംഎസ് ട്രെന്റും ഡയമണ്ടും കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിട്ടുണ്ട്. കനേഡിയന്‍ ഫ്രിഗേറ്റും രഹസ്യാന്വേഷണ വിമാനവും ഡാനിഷ് കരസേനയും ആഭ്യന്തര കപ്പലുകളും അധിക ജെറ്റുകളും ബോണ്‍ഹോം ദ്വീപില്‍ സജ്ജമായിട്ടുണ്ട്.

രണ്ട് ദശകങ്ങളെ കടത്തിവെട്ടുന്ന സുരക്ഷയും പ്രതിരോധവും

യൂറോപ്യന്‍ മേഖലയില്‍ സൈനിക സുരക്ഷയും പ്രതിരോധവും കഴിഞ്ഞ രണ്ട് ദശകങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ആറ് ദിവസങ്ങളില്‍ കൂടുതല്‍ വര്‍ധിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അഭിപ്രായപ്പെട്ടു.

ഈ ആഴ്ച നാറ്റോയുടെ കിഴക്കന്‍ ഭാഗത്തുള്ള എല്ലാ ഗവണ്‍മെന്റ് മേധാവികളുമായി യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സൈനിക നീക്കം വേഗത്തിലായതെന്നാണ് കരുതുന്നത്.

ബാള്‍ട്ടിക് രാജ്യങ്ങളിലും റൊമാനിയയിലും പോളണ്ടിലുമടക്കം സഖ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് സാന്നിധ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ് കഴിഞ്ഞ ഏതാനും നാളുകളായി ചെയ്യുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.