head1
head 3
head2

റഷ്യന്‍ ആക്രമണം ഏതു നിമിഷവും, യുദ്ധം ആസന്നമെന്ന് നാറ്റോ മേധാവി

കീവ് : റഷ്യയുടെ ഉക്രെയ്ന്‍ ആക്രമണം ആസന്നമായെന്ന് സൂചന. അതിന് കോപ്പുകൂട്ടുന്നതിനുള്ള കൂടുതല്‍ സൈനിക സമാഹരണമാണ് ഉക്രെയ്നിലെ വിഘടനവാദ റിപ്പബ്ലിക്കുകളെ അംഗീകരിച്ചതിലൂടെ റഷ്യ നടത്തുന്നതെന്നാണ് കരുതുന്നത്. വിഘടനവാദ ഗ്രൂപ്പുകളെ അംഗീകരിച്ച് ഉക്രെയ്നെതിരെ കൂടുതല്‍ സൈനികരെ വിന്യസിക്കുകയാണ് റഷ്യ ചെയ്യുന്നത്. യുദ്ധ സാധ്യത കണക്കിലെടുത്ത് ഉക്രെയിനിലെ അത്യാവശ്യമില്ലാത്ത ജീവനക്കാരെയും കുടുംബാംഗങ്ങളെയും സ്ഥലം മാറ്റുകയാണെന്ന് യുഎന്‍ അറിയിച്ചു.

അതിനിടെ, ആക്രമണത്തില്‍ നിന്നും റഷ്യയെ പിന്തിരിപ്പിക്കുന്നതിന് ജര്‍മ്മനിയും ബ്രിട്ടനുമെല്ലാം പലവിധ സമ്മര്‍ദ്ദ നടപടികളും കൈക്കൊള്ളുന്നുണ്ട്. പുതിയ ഗ്യാസ് പൈപ്പ് ലൈനിന്റെ പേരില്‍ ജര്‍മ്മനി പിടിമുറുക്കിയപ്പോള്‍ ബാങ്കുകള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുകയാണ് ബ്രിട്ടന്‍.

വിഘടനവാദികളെ സഹായിക്കുന്നതിനെതിരെ പ്രത്യക്ഷ ഉപരോധ നടപടികളുമായി യു.എസും രംഗത്തുവന്നു. ഈ പ്രദേശങ്ങളിലെ യുഎസ് ബിസിനസ്സുകള്‍ നിര്‍ത്തിവെയ്ക്കാനും ഇവിടെ നിന്നുള്ള എല്ലാ വസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കാനും യുഎസ് തീരുമാനിച്ചു.

അതിനിടെ, കിഴക്കന്‍ ഉക്രെയ്നിലെ ഡോണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നീ എന്‍ക്ലേവുകളുടെ സ്വാതന്ത്ര്യം അംഗീകരിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനത്തിന് റഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. 2014 മുതല്‍ റഷ്യന്‍ പിന്തുണയുള്ള പോരാളികള്‍ നിയന്ത്രിക്കുന്ന ഈ ഇരു പ്രദേശങ്ങളുമായുള്ള കരാറുകള്‍ക്കാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങള്‍ മാത്രമല്ല, കിഴക്കന്‍ ഉക്രെയ്നിലെ മുഴുവന്‍ പ്രദേശങ്ങളും ഈ എന്‍ക്ലേവുകളിലുള്‍പ്പെടുമെന്ന് പുടിന്‍ വ്യക്തമാക്കിയത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ സേനയെ ഈ പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിനുള്ള പുടിന്റെ ഉത്തരവിനും പാര്‍ലമെന്റിന്റെ ഉപരിസഭ അനുമതി നല്‍കി.

ഉക്രെയ്നിലെ അധിനിവേശത്തിന് കാരണം സൃഷ്ടിക്കാനാണ് കിഴക്കന്‍ പ്രദേശങ്ങളെ മോസ്‌കോ അംഗീകരിച്ചതെന്ന് യു.എന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍ പറഞ്ഞു.

എല്ലാവരും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. അതേസമയം, മോസ്‌കോയ്ക്കെതിരെ അന്താരാഷ്ട്ര ഉപരോധത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ജപ്പാന്‍ രംഗത്തുവന്നു.

ഉപരോധമേര്‍പ്പെടുത്തി ഇയുവും

റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തെ ഇയു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഏകകണ്ഠമായി അംഗീകരിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-യെവ്സ് ലെ ഡ്രിയാന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഉപരോധം റഷ്യയ്ക്ക് കനത്ത നഷ്ടം വരുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു. എന്നിരുന്നാലും ഉക്രെയ്ന്‍ പുരാതന റഷ്യയുടെ അനിവാര്യ ഭാഗമാണെന്ന നിലപാട് പുടിന്‍ ആവര്‍ത്തിച്ചു. അതിനിടെ രണ്ടുവട്ടം ചിന്തിച്ചിട്ടുവേണം മുന്നോട്ടുപോകാനെന്നും സ്ഥിതി കൂടുതല്‍ വഷളാക്കരുതെന്നും റഷ്യയുടെ യുഎന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയയും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

യുദ്ധം ആസന്നമെന്ന് നാറ്റോ

ഉക്രെയ്‌നിനെതിരെ സമ്പൂര്‍ണ ആക്രമണത്തിന് റഷ്യ തയ്യാറെടുത്തു കഴിഞ്ഞതായി നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. ഉക്രെയ്ന്‍ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ ഫോഴ്സിനെ എത്തിക്കുന്നത് അതിന്റെ തെളിവാണ്. ഒറ്റ രാത്രിയ്ക്കുള്ളില്‍ കൂടുതല്‍ റഷ്യന്‍ സൈനികരെ ക്രെംലിന്‍ പിന്തുണയുള്ള പ്രദേശങ്ങളിലെത്തിച്ചെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

അതിനിടെ, റഷ്യന്‍ നീക്കം മുന്നില്‍ക്കണ്ട് നാറ്റോ സഖ്യം ആയിരക്കണക്കിന് അധിക സൈനികരെ അവരുടെ കിഴക്കന്‍ ഭാഗത്ത് നിയോഗിച്ചു. നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയെന്ന് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. സേനയെ കൂടുതല്‍ സജ്ജമാക്കിയിട്ടുണ്ട്. 100 ജെറ്റുകളും 120 കപ്പലുകള്‍ യുദ്ധസന്നദ്ധമായി റെഡിയായി നില്‍ക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.

നാറ്റോയെന്ന ദീര്‍ഘകാല ലക്ഷ്യം ഉക്രെയ്ന്‍ ഉപേക്ഷിക്കണമെന്ന പുടിന്റെ ആവശ്യം കൈവും നാറ്റോ രാജ്യങ്ങളും വീണ്ടും നിരസിച്ചു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.