head1
head 3
head2

ചൈനയുടെ ഭീഷണി വകവയ്ക്കാതെ നാന്‍സി പെലോസി തായ്വാനില്‍

തായ്‌വാന്‍: ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച് യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍. തായ്‌വാന്‍ സന്ദര്‍ശനത്തെ അത്യന്തം അപകടകരം എന്ന് വിശേഷിപ്പിച്ച ചൈന, അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കി. അമേരിക്കയുടെ നീക്കത്തില്‍ പ്രകോപിതരായ ചൈന, അതിര്‍ത്തിയില്‍ സൈനിക സന്നാഹം കൂട്ടുകയും തായ്വാന്റെ വ്യോമമേഖലയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ നാവികസേനയും കപ്പല്‍ പടയുമായി സജ്ജമാണ്.

25 വര്‍ഷത്തിനിടെ ഇതാദ്യമായാണ്, ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഒരു അമേരിക്കന്‍ പ്രതിനിധി തായ്‌വാനില്‍ സന്ദര്‍ശനം നടത്തുന്നത്. ചൈന തങ്ങളുടെ പ്രവിശ്യയായി കണക്കാക്കുന്ന തായ്‌വാനിലേക്ക് ഒരു അമേരിക്കന്‍ പ്രതിനിധിയുടെ സന്ദര്‍ശനമാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. പെലോസിയുടെ സന്ദര്‍ശനത്തില്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന പ്രതിഷേധം അറിയിച്ചു.

തായ്‌വാന്‍ ജനതയെ ഉപേക്ഷിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് നാന്‍സി പെലോസി പ്രഖ്യാപിച്ചു. തായ്വാന്റെ ജനാധിപത്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ സന്ദര്‍ശനമെന്നും അമേരിക്കന്‍ സ്പീക്കര്‍ പറഞ്ഞു. തായ്‌വാന്‍ നേതൃത്വവുമായുള്ള ഞങ്ങളുടെ ചര്‍ച്ചകള്‍, അവര്‍ക്കുള്ള പിന്തുണ ഉറപ്പാക്കുന്നതും സ്വതന്ത്ര ഇന്തോ-പസഫിക് മേഖലയുടെയടക്കം താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതുമാനിന്നും അവര്‍ വിശദീകരിച്ചു.

പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് തുരങ്കംവെക്കുന്നതിലുള്ള ഉത്തരവാദിത്വം യുഎസ് ഏറ്റെടുത്താല്‍ അതിനുള്ള വിലനല്‍കേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന് അയല്‍ രാജ്യമായ ജപ്പാന്‍ പ്രതികരിച്ചു. അമേരിക്കന്‍ വിമാനം തായ്‌പെയില്‍ ഇറങ്ങിയതോടെ ആഗോള രാഷ്ട്രീയത്തില്‍ സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. പെലോസിയുടെ സന്ദര്‍ശനം വന്‍ ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തിലെ തീപ്പൊരി ആളിക്കത്തിച്ചിരിക്കുകയാണ്.

സിങ്കപുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് നാന്‍സി പെലോസി തായ്വാനിലെത്തിയത്. ഏതു വിദേശ അതിഥികള്‍ വന്നാലും ഹാര്‍ദ്ദമായ സ്വാഗതമെന്ന് തയ്വാന്‍ പ്രധാനമന്ത്രി സു സെങ് ചാങ് പറഞ്ഞു.

Comments are closed.