head1
head 3
head2

അതിര്‍ത്തി രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളൊഴുകുന്നു… ഇതുവരെയെത്തിയത് 1.37 മില്യണിലധികം ഉക്രേനിയക്കാര്‍

ന്യൂയോര്‍ക്ക് : റഷ്യന്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ ഉക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ഥികളൊഴുകുന്നു. സൈനിക ആക്രമണത്തെത്തുടര്‍ന്ന് ഇതുവരെ 1.37 മില്യണിലധികം ഉക്രൈനിയക്കാര്‍ അതിര്‍ത്തി കടന്നതായി ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചു. ഈ നില തുടര്‍ന്നാല്‍ നാല് മില്യണ്‍ ആളുകള്‍ ഉക്രെയ്നില്‍ നിന്ന് പലായനം ചെയ്തേക്കുമെന്നാണ് കണക്കാക്കുന്നത്.

ഉക്രൈനിയന്‍ പൗരന്മാര്‍ക്ക് അഭയം തേടാതെ രണ്ട് വര്‍ഷം വരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജീവിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കിയതോടെയാണ് യൂറോപ്പിനെ അഭയസങ്കേതമായി കണ്ടുകൊണ്ടുള്ള പ്രയാണം ആരംഭിച്ചത്.

ഭൂരിഭാഗം ഉക്രൈനിയക്കാരും (53%) പോളണ്ടിലേക്കാണ് പോകുന്നത്. പോളണ്ട് ഇതുവരെ 7,56,303 പേര്‍ക്കും ഹംഗറി 1,57,004 പേര്‍ക്കും അഭയം നല്‍കി. ഭൂരിപക്ഷം അഭയാര്‍ഥികളും യൂറോപ്പിലെ അവരുടെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളുടെ അടുത്തേയ്ക്കുമാണ് പോകുന്നതെന്ന് ഗ്രാന്‍ഡി പറഞ്ഞു.

അഭയാര്‍ഥികളുടെ പ്രധാന പ്രവേശന കവാടമായി മെഡൈക

തെക്ക്-കിഴക്കന്‍ പോളണ്ടിലെ മെഡൈകയാണ് അഭയാര്‍ഥികളുടെ പ്രധാന പ്രവേശന കവാടം. ആയിരക്കണക്കിനാളുകളാണ് ബസുകളിലും കാറുകളിലും കാല്‍നടയായും ഇതുവഴി എത്തുന്നത്. 18-60 വയസ് പ്രായമുള്ള ഉക്രൈനിയന്‍ പുരുഷന്മാര്‍ക്ക് രാജ്യം വിടുന്നതിന് നിരോധനമുള്ളതിനാല്‍ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. അതിര്‍ത്തി കടക്കാന്‍ കിലോമീറ്ററുകള്‍ നീണ്ട കാറുകളുടെ ക്യൂവുണ്ട്. ക്യൂ 14 കിലോമീറ്റര്‍ വരെ നീളുന്നതിനാല്‍ അതിര്‍ത്തികടക്കാന്‍ 40 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടതായും വരുന്നുണ്ട്.

ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അഭയാര്‍ഥി പ്രവാഹമെന്ന് യുഎന്‍

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ അഭയാര്‍ഥി പ്രതിസന്ധിയാണിതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍എച്ച്സിആര്‍) മേധാവി ഫിലിപ്പോ ഗ്രാന്‍ഡി സ്ഥിരീകരിച്ചു. 2015ലെ കുടിയേറ്റ പ്രതിസന്ധിയേക്കാള്‍ വലുതാണ് ഇപ്പോഴത്തെ പലായനത്തിന്റെ വേഗത.

ആ സമയത്ത് ദാരിദ്ര്യവും യുദ്ധവും ഭയന്ന് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 1.3 മില്യണ്‍ അഭയാര്‍ത്ഥികള്‍ യൂറോപ്പിലെത്തിയിരുന്നു.

Comments are closed.