head 3
head2
head1

ആവേശമുയര്‍ത്തി മിന്നല്‍ മുരളിയുടെ പ്രൊമോഷന്‍ വീഡിയോകള്‍

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ സിനിമയായ ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സിനിമാലോകം ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മിന്നല്‍ മുരളിയുടെ പ്രീമിയര്‍ ഈയിടെ മുംബൈയില്‍ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ നടന്നപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’യുടെ ആദ്യ ടീസര്‍ മുതല്‍ തന്നെ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. പിന്നീട് ഈയടുത്തായി രണ്ട് ട്രെയിലറുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ നെറ്റ്ഫ്ലിക്സ് രണ്ട് പുതിയ പ്രൊമോഷന്‍ വീഡിയോകള്‍ കൂടെ പുറത്തിറക്കിയതോടെ ആരാധകരുടെ പ്രതീക്ഷകള്‍ ഇരട്ടിക്കുകയാണ്. ഇതില്‍ രണ്ടാമതായി പുറത്തിറങ്ങിയ വീഡിയോയില്‍ ഇന്ത്യന്‍ WWE താരം സാക്ഷാല്‍ ഗ്രേറ്റ് ഖാലി തന്നെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടൊവീനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രം സൂപ്പര്‍ ഹീറോ ടെസ്റ്റിനായി ഖാലിയുടെ അടുത്ത് ചെല്ലുന്നതായാണ് വീഡിയോയില്‍ ഉള്ളത്. പ്രൊമോഷന്‍ വീഡിയോ തന്നെ ഇത്തരത്തിലാണെങ്കില്‍ സിനിമ എങ്ങനെയാവും എന്ന് ആരാധകരും ആകാക്ഷയോടെ ചോദിക്കുന്നു. മുന്‍പൊന്നും ഒരു ഇന്ത്യന്‍ ചിത്രത്തിനും നല്‍കാത്ത തരത്തിലുള്ള പ്രൊമോഷനാണ് മിന്നല്‍ മുരളിക്ക് നെറ്റ്ഫ്ലിക്സ് നല്‍കുന്നതെന്നാണ് എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ പ്രമുഖരുടെ അഭിപ്രായം.

തിയേറ്ററില്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ട് നിര്‍മിച്ച ചിത്രമാണെങ്കിലും, കോവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ മൂലമാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്. അതേസമയം, നെറ്റ്ഫ്ലിക്സ് പോലൊരു ആഗോള പ്ലാറ്റ്ഫോമിലൂടെ ഒരു മലയാള സിനിമയെ ലോക പ്രേക്ഷകരിലേക്കെത്തിക്കാനുള്ള ഒരു അവസരമായും അണിയറ പ്രവര്‍ത്തകര്‍ മിന്നല്‍മുരളിയുടെ ഒ.ടി.ടി റിലീസിനെ കാണുന്നു.

Comments are closed.