head 3
head2
head1

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യൂറോപ്പിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഇടപെടലുമായി വിദേശകാര്യ വകുപ്പ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദേശയാത്ര സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ വകുപ്പ് നടപടി തുടങ്ങി. ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, പോളണ്ട് തുടങ്ങിയവ അടക്കമുള്ള രാഷ്ട്രങ്ങളുടെ നേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്. ഷെങ്കന്‍ വിസയുടെ കാര്യത്തില്‍ വന്ന പുതിയ മാറ്റങ്ങള്‍ ഇന്ത്യന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ യാത്രയില്‍ പ്രശ്നമാകുന്നത് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് വിദേശ വകുപ്പിന്റെ ഇടപെടലുണ്ടായത്. നൂറു കണക്കിന് വിദ്യാര്‍ത്ഥികളുടെ യാത്ര മുടങ്ങിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദേശയാത്ര സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ വകുപ്പ് ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, പോളണ്ട് എന്നിവയുമായും യു കെ, യു എസ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വെളിപ്പെടുത്തി.

വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനും ചര്‍ച്ച തുടരാന്‍ രാജ്യങ്ങള്‍ സമ്മതിച്ചതായി വക്താവ് പറഞ്ഞു. സ്റ്റുഡന്റ് വിസകള്‍ കാര്യക്ഷമമാക്കുന്നതു സംബന്ധിച്ച് ഇരുപക്ഷത്തെയും ഉന്നത ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരുമാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്.

ഷെങ്കന്‍ വിസ അപേക്ഷാ പ്രക്രിയയിലെ പുതിയ മാറ്റങ്ങള്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് പ്രധാന പ്രശ്നമായി മാറിയിരുന്നു. ജര്‍മ്മന്‍ ഷെങ്കന്‍ വിസകള്‍ക്കുള്ള അപ്പോയിന്റ്മെന്റുകളുടെ അഭാവം ഇന്ത്യന്‍ യാത്രികരുടെ പദ്ധതികളില്‍ അനിശ്ചിതത്വത്തിന് കാരണമായിരുന്നു.

നിവേദനവുമായി ജി സി സി ഐ

ഷെങ്കന്‍ വിസകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ജി സി സി ഐ) നിവേദനം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വകുപ്പ് ചര്‍ച്ചയുണ്ടായത്.

ഡ്രിങ്ക്‌ടെക്, എച്ച്മ, കെ 2022 എന്നിങ്ങനെ മൂന്ന് എക്സിബിഷനുകള്‍ ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജര്‍മ്മനിയില്‍ നടത്തുകയാണ്. വിവിധ ഇന്ത്യന്‍ കമ്പനികള്‍ ഈ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുന്നതാണ് ഈ എക്സിബിഷന്‍. എന്നാല്‍ ഷെങ്കന്‍ വിസകള്‍ക്കുള്ള പുതിയ നടപടിക്രമം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ ബുദ്ധിമുട്ടാക്കുന്നുവെന്ന് നിവേദനത്തില്‍ പറയുന്നു.

Comments are closed.