head2
head1
head 3

ഇ.യു കുടിയേറ്റ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

വെനീസ്: യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഇറ്റലിയടക്കം മെഡിറ്ററേനിയന്‍ തീരത്തുള്ള അഞ്ച് രാജ്യങ്ങള്‍ രംഗത്ത്. കുടിയേറ്റ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ voluntary solidarity നയം അവസാനിപ്പിക്കണമെന്നും, കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്നതിനായി കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വയ്ക്കണമെന്നും രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. ഇറ്റലിയെക്കൂടാതെ സൈപ്രസ്, ഗ്രീസ്, മാള്‍ട്ട, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ നയങ്ങള്‍ക്കെതിരെ മുന്നോട്ട് വന്നത്.

കുടിയേറ്റ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അഞ്ച് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുത്ത MED5 യോഗത്തിലായിരുന്നു ഇ.യുവിനെതിരായ വിമര്‍ശനം. രണ്ട് ദിവസം നീണ്ടു നിന്ന യോഗം ശനിയാഴ്ച അവസാനിച്ചു. റഷ്യന്‍ അധിനിവേശം മൂലമുണ്ടായ ഭക്ഷ്യ പ്രതിസന്ധിയെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലടക്കം പട്ടിണി രൂക്ഷമാവുകയാണെന്നും, ഇതിന്റെ ഫലമായി ഇറ്റലിയടക്കമുള്ള രാജ്യങ്ങളിലേക്ക് അഭയാര്‍ഥിപ്രവാഹത്തിന് സാധ്യതയുണ്ടെന്നും യോഗം നേരത്തെ വിലയിരുത്തിയിരുന്നു.

കുടിയേറ്റ വിഷയത്തില്‍ ശക്തമായ പൊതു യൂറോപ്യന്‍ നയമാണ് ആവശ്യമെന്ന് സൈപ്രസ് ആഭ്യന്തര മന്ത്രി നിക്കോസ് നോറിസ് യോഗത്തിന് ശേഷം പ്രതികരിച്ചു. ഇറ്റലിയും, ഗ്രീസും ഉള്‍പ്പെടെയുള്ള യൂറോപ്പിന്റെ തെക്കന്‍ തീരങ്ങളിലെത്തുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാരില്‍ ചിലരെ സ്വീകരിക്കാന്‍ ചില അംഗരാജ്യങ്ങള്‍ സ്വമേധയാ മുന്നോട്ട് വരിക എന്നതാണ് മുന്‍ ഇ.യു നയം.

എന്നാല്‍ ഈ നയം അപര്യാപ്തമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഇവിടങ്ങളിലേക്കെത്തുന്ന ചിലരെയെങ്കിലും സ്വീകരിക്കുമെന്ന് അവര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഭൂരിഭാഗം രാജ്യങ്ങളും ഇപ്പോള്‍ അതിനായി മുന്നോട്ട് വരുന്നില്ല. വര്‍ഷങ്ങളായി കുടിയേറ്റക്കാരെ സ്വീകരിച്ചുകൊണ്ടിരിക്കുന്ന സൈപ്രസിന്റെ ആകെ ജനസംഖ്യയുടെ 5 ശതമാനവും ഇപ്പോള്‍ അഭയാര്‍ഥികളാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

അഭയാര്‍ഥി അപേക്ഷകള്‍ നിരസിക്കപ്പെട്ടവരെ സ്വദേശത്ത് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് കുടുതല്‍ രാജ്യങ്ങളുമായി കരാറിലേക്കെത്തണമെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി ലൂസിയാന ലമോര്‍ഗീസ് ആവശ്യപ്പെട്ടു. ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇറ്റലിയുടെ repatriation കരാറുകള്‍ ഒട്ടും കാര്യക്ഷമമല്ല. ഇക്കാരണത്താല്‍ ഇറ്റലിയിലേക്കെത്തുകയും, അഭയാര്‍ഥി അപേക്ഷകള്‍ നിരസിക്കപ്പെടുകയും ചെയ്യുന്ന ഈ മേഖലയിലുള്ളവര്‍ ഇറ്റലിയില്‍ തന്നെ തുടരേണ്ടതായി വരുന്നു. അനധികൃത തൊഴിലുകളിലേക്കും, ഭിക്ഷാടനത്തിലേക്കും ഇവര്‍ പിന്നീട് കടക്കുകയാണെന്നും ലമോര്‍ഗീസ് പറഞ്ഞു.

അതേസമയം കുടിയേറ്റത്തിന് കൂടുതല്‍ നിയമപരമായ പാതകള്‍ ഒരുക്കണമെന്നാണ് ഗ്രീസ് ആഭ്യന്തര മന്ത്രി Notis Mitarachi ആവശ്യപ്പെട്ടത്. യൂറോപ്പിലേക്ക് ആരൊക്കെ വരണമെന്ന് തീരുമാനിക്കേണ്ടത് കള്ളക്കടത്തുകാരല്ല എന്നും അദ്ദേഹം പറഞ്ഞു.

Comments are closed.