head2
head 3
head1

രാജസ്ഥാനില്‍ ഇസ്ലാമിനെ അപമാനിച്ചെന്ന് ആരോപിച്ച് ഒരാളെ തലയറുത്ത് കൊന്നു; രണ്ട് പേര്‍ പിടിയില്‍, സംസ്ഥാനത്ത് കനത്ത ജാഗ്രത

ജയ്പുര്‍: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ രാജസ്ഥാനില്‍ ഒരാളെ തലയറുത്ത് കൊന്നതിന് പിന്നാലെ സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. രാജസ്ഥാനിലെ എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രവാചക നിന്ദയുടെ പേരില്‍ നുപൂര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട തയ്യല്‍ കടയുടമയെ തലയറുത്തു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് പിടിയിലായത്.

രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉദയ്പുരിലെ മാല്‍ദാസ് തെരുവില്‍ രണ്ടു യുവാക്കള്‍ ചേര്‍ന്ന് പട്ടാപ്പകലാണ് കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എല്ലാവരും സമാധാനം പാലിക്കണമന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ആഹ്വാനം ചെയ്തു.

കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. രണ്ട് പേര്‍ തയ്യല്‍ക്കാരനായ കനയ്യ ലാല്‍ എന്ന യുവാവിന്റെ കഴുത്ത് അറുത്ത് ഇസ്ലാമിനെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കൊലപാതക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

അതേസമയം കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് ഇന്നലെ രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. രണ്ടു പ്രതികളേയും പിടികൂടിയിട്ടുണ്ടെന്നും വേഗത്തിലുള്ള അന്വേഷണം നടക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങി. ഇതേ തുടര്‍ന്ന് പ്രദേശത്തെ കടകള്‍ പോലീസ് അടപ്പിച്ചിരുന്നു. ഉദയ്പുരില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നും അധികൃതര്‍ സംശയിക്കുന്നു.

Comments are closed.