head 3
head1
head2

ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് മാള്‍ട്ട പൊതു തിരഞ്ഞെടുപ്പിലേയ്ക്ക്

വലേറ്റ : ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ മാള്‍ട്ടയില്‍ പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 26 -നാണ് പൊതു തിരഞ്ഞെടുപ്പ്. പാര്‍ലമെന്റ് പിരിച്ചുവിടാനാവശ്യപ്പെടുന്ന ശുപാര്‍ശ പ്രധാനമന്ത്രി റോബര്‍ട്ട് അബേല സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രസിഡണ്ട് ഇന്നലെ ഉച്ചകഴിഞ്ഞതോടെ പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു. അഞ്ച് വര്‍ഷത്തെ ഭരണ കാലാവധി അവസാനിക്കാന്‍ ഏകദേശം 10 ആഴ്ച അവശേഷിക്കവെയാണ് പ്രധാനമന്ത്രിയുടെ ഇലക്ഷന്‍ ശുപാര്‍ശ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തിന് ഒരാഴ്ച മുമ്പായിരിക്കും മാള്‍ട്ടയുടെ ജനവിധി.

മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ലേബര്‍ പാര്‍ട്ടിയും റോബര്‍ട്ട് അബേലയും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം മുന്‍തൂക്കം ലേബറിനാണ്. കഴിഞ്ഞ നവംബറിലും ഈ മാസം ആദ്യവും നടന്ന വിവിധ അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ലേബറിന് വന്‍ ഭൂരിപക്ഷമാണ് പ്രവചിച്ചിരുന്നത്. എന്നിരുന്നാലും, ജോസഫ് മസ്‌കറ്റിന്റെ വീട്ടിലെ റെയ്ഡും പ്രധാനമന്ത്രിയ്ക്ക് ക്രിമിനല്‍ ബന്ധമെന്ന ആരോപണമവുമൊക്കെ പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്ന സംഭവങ്ങളാണ്.

നേതൃത്വ മത്സരത്തില്‍ ഉപ പ്രധാനമന്ത്രി ക്രിസ് ഫിയേണിനെ തോല്‍പ്പിച്ച് ലേബര്‍ പാര്‍ട്ടി നേതാവായി കിരീടമണിഞ്ഞാണ് 2020 ജനുവരി 13ന് റോബര്‍ട്ട് അബേല പ്രധാനമന്ത്രിയായത്. കോവിഡ് കെടുതിയില്‍ തളരാതെ പിടിച്ചുനിന്നതും ജനങ്ങള്‍ക്ക് തുണയായതുമൊക്കെ നേട്ടമായപ്പോള്‍ സര്‍ക്കാര്‍ ഖജനാവ് കമ്മിയിലേയ്ക്ക് കൂപ്പുകുത്തി. എഫ്.എ.ടി.എഫ് ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ് മാള്‍ട്ടയെ ഗ്രേലിസ്റ്റില്‍പ്പെടുത്തിയതിനും ഈ ഭരണം സാക്ഷിയായി. എന്നിരുന്നാലും ഇലക്ഷനില്‍ അനായാസ ജയം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൗമാരക്കാരുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വോട്ടെടുപ്പ്

ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഒന്നു രണ്ടു പുതുമകളുമുണ്ട്. 16 വയസ്സുകാര്‍ വോട്ടു ചെയ്യുന്നുവെന്നതാണ് അതിലൊന്ന്. വോട്ടു ചെയ്യുന്നതിനുള്ള പ്രായം 18ല്‍ നിന്ന് 16 ആയി കുറച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചായിരിക്കും ഇലക്ഷനെന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചത്.

പിഎന്നും പിഎല്ലും ഗോദയിലേയ്ക്ക്

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ മാള്‍ട്ട ഇലക്ഷന്‍ ചൂടിലേയ്ക്ക് നീങ്ങിക്കഴിഞ്ഞു. ഞായറാഴ്ച ഫ്ളോറിയാനയില്‍ നടത്തിയ സമ്മേളനത്തില്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനം പ്രധാനമന്ത്രി നല്‍കി. മാള്‍ട്ടയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്കുതകുന്ന കര്‍മ്മ പദ്ധതികള്‍ ലേബര്‍ പാര്‍ട്ടിക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് വൈകിട്ട് ഖോര്‍മിയില്‍ നടക്കുന്ന റാലിയോടെ ലേബര്‍ പാര്‍ട്ടിയുടെ ഇലക്ഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. രാജ്യമെമ്പാടും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ് ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. ചിലയിടങ്ങളില്‍ നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും കാണാം. ഇന്നലെ പീറ്റയില്‍ നടത്തിയ റാലിയോടെ നാഷണലിസ്റ്റ് പാര്‍ട്ടിയും കളത്തിലിറങ്ങി. ലേബര്‍ – മാള്‍ട്ട ഫ്ളിംകീന്‍, പിഎന്‍ – മിഗെക് ഗല്‍ മാള്‍ട്ട എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇരു പാര്‍ട്ടികളും ജനങ്ങളെ നേരിടുന്നത്.

പടിയിറങ്ങുന്നത് സംഭവബഹുലമായ പാര്‍ലമെന്റ്

മാള്‍ട്ടയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ പാര്‍ലമെന്റാണ് ഈ ഇലക്ഷനോടെ പിരിച്ചുവിടുന്നത്. പത്രപ്രവര്‍ത്തകയായ ഡാഫ്‌നെ കരുവാന ഗലീസിയയുടെ കൊലപാതകം, അഴിമതിയില്‍ മുങ്ങി നാണം കെട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റിന്റെ രാജി, അഞ്ച് വര്‍ഷത്തിനിടെ മൂന്ന് നേതാക്കളെ പരീക്ഷിച്ചിട്ടും വിജയിക്കാത്ത നാഷണലിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ച, കോവിഡ് ദുരിതം എന്നിവയെല്ലാം ഈ സഭയുടെ സാക്ഷ്യങ്ങളാണ്.

അസ്തമിക്കുമോ ഗ്രച്ച് കാലം…

അതേസമയം, ഒരുപക്ഷേ, ബെര്‍ണാഡ് ഗ്രച്ച് എന്ന നാഷണലിസ്റ്റ് പാര്‍ട്ടി നേതാവിന്റെ അതിദാരുണ പതനത്തിനും ഈ ഇലക്ഷന്‍ വഴിതെളിച്ചേക്കാം. ഗ്രച്ചിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് ഇലക്ഷന്‍ വന്നതും പാര്‍ട്ടിക്കും നേതാവിനും തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്.

2017ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് സൈമണ്‍ ബുസുട്ടില്‍ പാര്‍ട്ടി നേതൃത്വം രാജിവച്ചത്. തുടര്‍ന്ന് നടന്ന നേതൃത്വ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അഡ്രിയാന്‍ ഡെലിയ പാര്‍ട്ടി നേതാവായി. എന്നാല്‍ കടുത്ത ഭിന്നതയെ തുടര്‍ന്ന് പുതുമുഖമായ ബെര്‍ണാഡ് ഗ്രച്ച് പാര്‍ട്ടിയുടെ തലപ്പത്തെത്തുകയായിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.