head 3
head2
head1

യുഎന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് മാള്‍ട്ടയും

ന്യുയോര്‍ക്ക് : യുഎന്‍ പരമോന്നത സമിതിയില്‍ മറ്റ് ഒമ്പത് നോണ്‍ പെര്‍മെനന്റ് അംഗങ്ങള്‍ക്കൊപ്പം ഇനി മാള്‍ട്ടയും ഉണ്ടാകും. യുഎന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് മാള്‍ട്ട വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് വര്‍ഷത്തേക്കാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നോണ്‍ പെര്‍മനന്റ് അംഗത്വം ലഭിച്ചിരിക്കുന്നത്. വോട്ടെടുപ്പില്‍ 190 അംഗരാജ്യങ്ങളില്‍ 185 പേര്‍ മാള്‍ട്ടയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു. രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 127 വോട്ടുകളാണ് നോമിനേഷന് ആവശ്യമായുള്ളത്. ഇത് രണ്ടാം തവണയാണ് മാള്‍ട്ട ഈ പദവി നേടുന്നത്. മാള്‍ട്ടയ്ക്കൊപ്പം സ്വിറ്റ്‌സര്‍ലന്റ്, ഇക്വഡോര്‍, ജപ്പാന്‍, മൊസാംബിക് എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.

സുരക്ഷാസമിതിയിലെത്താന്‍ മാള്‍ട്ട നടത്തിയ 1977ലെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍ 1983ല്‍ മാള്‍ട്ട രണ്ട് വര്‍ഷം കൗണ്‍സിലില്‍ അംഗത്വം നേടി.

മാള്‍ട്ടയുടെ പുതിയ സ്ഥാനലബ്ധിയില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബേല പറഞ്ഞു. ആഗോള സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് സംഭാവന ചെയ്യാനുള്ള അവസരമാണ് മാള്‍ട്ടയ്ക്ക് ലഭിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ഇയാന്‍ ബോര്‍ഗ് അഭിപ്രായപ്പെട്ടു. .

യു എസ്, യു കെ, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവയാണ് അഞ്ച് സ്ഥിരാംഗങ്ങള്‍. 10 നോണ്‍ പെര്‍മനന്റ് അംഗങ്ങളും രണ്ട് വര്‍ഷത്തെ കാലാവധിയില്‍ സമിതിയിലുണ്ടാകും. വാര്‍ത്തയെ സ്വാഗതം ചെയ്യുന്നതായി നാഷണലിസ്റ്റ് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

Comments are closed.