head2
head 3
head1

ശ്വാസം മുട്ടിക്കാന്‍ ഉപരോധങ്ങളുമായി ലോക രാജ്യങ്ങള്‍; ഒറ്റപ്പെടുന്ന റഷ്യ

യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ ചരിത്രമായി ബ്രസല്‍സിലെ ത്രികക്ഷി ഉച്ചകോടി

ബ്രസല്‍സ് : ഉക്രൈനിലെ റഷ്യന്‍ യുദ്ധത്തിനെതിരെ അത്യപൂര്‍വ്വ കൂട്ടായ്മയ്ക്ക് ബ്രസല്‍സ് സാക്ഷ്യം വഹിച്ചു. നാറ്റോ, ജി 7, യൂറോപ്യന്‍ യൂണിയന്‍ നേതാക്കളാണ് ബ്രസ്സല്‍സില്‍ ഒരു വേദിയില്‍ സംഗമിച്ചത്. ഇരയായ ഉക്രൈന്‍ മേധാവി വ്ളാഡിമര്‍ സെലന്‍സ്‌കിയും വീഡിയോ കോളിലൂടെ ആ സമാഗമത്തിന്റെ ഭാഗമായതും ചരിത്രമായി.

ബ്രസല്‍സില്‍ ചേര്‍ന്ന ത്രികക്ഷി ഉച്ചകോടി റഷ്യയ്ക്കെതിരെ ‘പടയൊരുക്കം’ പ്രഖ്യാപിച്ചു. ഉക്രെയ്‌നിന് സൈനിക, മാനുഷിക സഹായങ്ങള്‍ പ്രഖ്യാപിച്ച ഉച്ചകോടി റഷ്യയെയും പുടിനെയും അതിരൂക്ഷമായാണ് ‘കൈകാര്യം’ ചെയ്തത്.

ശക്തമായ തീരുമാനങ്ങളുമായി ത്രികക്ഷികള്‍

ശക്തമായ ഉപരോധങ്ങളോടെ മോസ്‌കോയെ ശിക്ഷിക്കാനുള്ള പദ്ധതികള്‍ ജി7 യോഗം നടപ്പാക്കും. ആറ് നാറ്റോ അംഗങ്ങളെയും പിന്തുണയ്ക്കുന്നതാണ് ഈ നീക്കം. യൂറോപ്യന്‍ യൂണിയന്റെ ഉച്ചകോടിയോടെ ലോകത്തിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പകുതിയിലധികം പ്രതിനിധീകരിക്കുന്ന 27 രാജ്യങ്ങളാണ് റഷ്യയ്ക്കെതിരെ ഒത്തുചേര്‍ന്നത്.

1990കളിലെ ബാല്‍ക്കണ്‍ യുദ്ധങ്ങള്‍ക്ക് ശേഷം ഭൂഖണ്ഡം നേരിടുന്ന ഏറ്റവും മോശമായ സംഘര്‍ഷമാണിതെന്ന് യോഗം വിലയിരുത്തി.

കിഴക്കന്‍ യൂറോപ്പിലെ നാല് രാജ്യങ്ങള്‍ക്കായി നാറ്റോ പുതിയ യുദ്ധ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. ഉക്രൈയിന് കൂടുതല്‍ സഹായം പ്രഖ്യാപിച്ച വാഷിംഗ്ടണും ലണ്ടനും റഷ്യയ്ക്കെതിരായ ഉപരോധം വിപുലീകരിച്ചു. ഈ ഐക്യം തുടരുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ജോ ബൈഡന്‍ പറഞ്ഞു.

പ്രതിസന്ധി നേരിടുമെന്ന് ഉറപ്പായിട്ടും റഷ്യന്‍ ഊര്‍ജ്ജം ബഹിഷ്‌കരിക്കാനുള്ള തീരുമാനമാണ് യൂറോപ്യന്‍ യൂണിയന്‍ കൈക്കൊണ്ടത്. യൂറോപ്യന്‍ യൂണിയന്റെ വാതക ആവശ്യത്തിന്റെ 40 ശതമാനവും എണ്ണ ഇറക്കുമതിയുടെ നാലിലൊന്നും മോസ്‌കോയാണ് നിറവേറ്റുന്നത്.

സംയുക്തമായി വാതകം വാങ്ങാന്‍ ഇയു നേതാക്കള്‍ ഉച്ചകോടിയില്‍ തീരുമാനിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് വിന്ററിലേക്ക് കൂടുതല്‍ പ്രകൃതി വാതകം ഉറപ്പാക്കാന്‍ ബൈഡനുമായി കരാറുണ്ടാക്കുന്നതും ബ്രസല്‍സ് പരിഗണിക്കുന്നുണ്ട്.

ജി20ല്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്ന് ബൈഡന്‍

ഉക്രെയ്നിന് 1 ബില്യണ്‍ ഡോളറിന്റെ അധിക സഹായം കൂടി യു എസ് പ്രഖ്യാപിച്ചു. 1,00,000 അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന ഓഫറും മുന്നോട്ടുവെച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ നേതാവ് വ്‌ളാഡിമിര്‍ പുടിനെ ‘ക്രൂരന്‍’ എന്ന് ആക്ഷേപിച്ചു.

ജി20 ഗ്രൂപ്പില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്ന് ബൈഡന്‍ പറഞ്ഞു. ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയെ നീക്കം ചെയ്യുന്നതിനോട് യോജിക്കുന്നില്ലെങ്കില്‍, ഉക്രൈയ്നെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.

ഉക്രൈയ്‌നിനെതിരായ യുദ്ധത്തിലൂടെ പാശ്ചാത്യരാജ്യങ്ങളില്‍ ഭിന്നതയുണ്ടാക്കാനുള്ള റഷ്യന്‍ ശ്രമം വിജയിച്ചില്ല. നാറ്റോ ഇതുവരെയില്ലാത്ത വിധത്തില്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. ഉക്രൈയ്‌നിനെതിരെ പുടിന്‍ രാസായുധം ഉപയോഗിച്ചാല്‍ നാറ്റോ പ്രതികരിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

നാറ്റോയുടെ കിഴക്കന്‍ ഭാഗത്തേക്ക് കൂടുതല്‍ സൈനികരെ അയക്കുന്നതിന് സന്നദ്ധമാണെന്ന് ബൈഡന്‍ പറഞ്ഞു. കപ്പല്‍ വിരുദ്ധ മിസൈലുകള്‍ ഉപയോഗിച്ച് ഉക്രൈയ്നെ പിന്തുണയ്ക്കാന്‍ വാഷിംഗ്ടണ്‍ സഹായിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായി.

സാമ്പത്തിക ഉപരോധത്തിലൂന്നി ബ്രിട്ടന്‍

റഷ്യന്‍ ആക്രമണത്തെ ബാര്‍ബറിസം എന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തി. വ്‌ളാഡിമിര്‍ പുടിന്‍ ക്രൂരതയുടെ എല്ലാ അതിരുകളും കടന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഉപരോധങ്ങള്‍ കര്‍ക്കശമാക്കുമ്പോള്‍ യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയിലെ ഗാസ്‌പ്രോംബാങ്ക്, ആല്‍ഫ ബാങ്ക് എന്നിവയ്ക്കും ബ്രിട്ടന്‍ ഉപരോധം പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റിനെ സ്വര്‍ണ്ണ ശേഖരം ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു. റഷ്യന്‍ സ്വര്‍ണ്ണം ഹാര്‍ഡ് കറന്‍സിയിലേക്ക് മാറ്റുന്നതിനെ ഇത് തടയും.

വീഡിയോ കോളിലൂടെ സെലന്‍സ്‌കി

ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വീഡിയോ കോളിലൂടെയാണ് നാറ്റോ ഉച്ചകോടിയില്‍ പങ്കെടുത്തത്. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടാന്‍ കീവിനെ സഹായിക്കാന്‍ സെലെന്‍സ്‌കി നാറ്റോ, ഇയു, ജി 7 രാജ്യങ്ങളോട് ആവശ്യപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങള്‍ ടാങ്കുകളോ ആധുനിക മിസൈല്‍ വിരുദ്ധ സംവിധാനങ്ങളോ നല്‍കിയില്ലെന്നും ഇദ്ദേഹം പരാതിപ്പെട്ടു.

കിഴക്കന്‍ നാറ്റോ അംഗങ്ങളായ പോളണ്ടിനെയും ബാള്‍ട്ടിക് രാജ്യങ്ങളെയും ആക്രമിക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. പടിഞ്ഞാറിനും റഷ്യയ്ക്കും ഇടയിലുള്ള ഗ്രേ സോണിലാണ് ഉക്രൈനെന്ന് തോന്നുന്നതായി സെലെന്‍സ്‌കി പറഞ്ഞു. പാശ്ചാത്യലോകം വിഭാവനം ചെയ്യുന്ന എല്ലാ ജനാധിപത്യ മൂല്യങ്ങളും ഉക്രൈന്‍ സംരക്ഷിക്കുന്നു. അതിന്റെ പേരിലാണ് ഈ ആക്രമണം നേരിടേണ്ടിവന്നത്. ആവശ്യമായ എല്ലാ ആയുധങ്ങളും നല്‍കിയാല്‍ റഷ്യന്‍ ആക്രമണത്തെ തടയാന്‍ ഇപ്പോഴും കഴിയുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

യുദ്ധം കൊണ്ടുവന്നത് പാശ്ചാത്യരെന്ന് റഷ്യ

ബ്രസ്സല്‍സിലെ കൂട്ടായമയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി റഷ്യ രംഗത്തുവന്നു. ഉക്രൈന്‍ യുദ്ധത്തിന് ഉത്തരവാദികള്‍ പാശ്ചാത്യരാണെന്ന് മോസ്‌കോ പറഞ്ഞു. കീവിലെ ഭരണകൂടത്തെ ആയുധമാക്കാന്‍ ശ്രമിച്ചതാണ് എല്ലാത്തിനും കാരണമെന്നും മോസ്‌കോ പ്രതികരിച്ചു.

ഒമ്പതാം നൂറ്റാണ്ടില്‍ കീവ് റഷ്യയുടെ തലസ്ഥാനമായിരുന്നു കീവ്. മുന്‍ സോവിയറ്റ് റിപ്പബ്ലിക്ക് കൂടിയായ ഉക്രൈയ്നിലെ സംഭവങ്ങളെക്കുറിച്ച് നാറ്റോയ്ക്ക് അപര്യാപ്തമായ ധാരണകളാണുള്ളതെന്ന് ക്രെംലിന്‍ കുറ്റപ്പെടുത്തി. ഈ ധാരണകളാണ് പ്രശ്നത്തിന്റെ അടിസ്ഥാനം.

നാറ്റോയുടെ കിഴക്കന്‍ വിപുലീകരണം റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായി. ഇത് ഉക്രൈയ്നിന്റെ വിഭജനത്തിനും കാരണമായെന്ന് പുടിന്‍ പറയുന്നു. നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും ചേരാനുള്ള ആഗ്രഹത്തിലൂടെ മോസ്‌കോയോട് അനാദരവു കാട്ടിയ ഉക്രൈയ്‌നെ നിരായുധമാക്കാനാണ് പ്രത്യേക സൈനിക ഓപ്പറേഷനിലൂടെ ഉദ്ദേശിച്ചതെന്നും പുടിന്‍ പറഞ്ഞു.

യുദ്ധത്തിന്റെ ഒരു മാസം

ഫെബ്രുവരി 24 -നാണ് യുദ്ധം തുടങ്ങിയത്. ഒരു മാസം പിന്നിടുന്ന യുദ്ധം ഇതിനകം നിരവധിയാളുകളെ കൊന്നൊടുക്കി. 3.6 മില്യണ്‍ പേര്‍ പലായനം ചെയ്തു. ഉക്രൈനിലെ നിരവധി നഗരങ്ങള്‍ തകര്‍ത്തു. ഉക്രൈയിനിലെ പകുതിയിലധികം കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്തായി. എന്നിരുന്നാലും
ഈസി വാക്കോവര്‍ എന്ന നിലയില്‍ റഷ്യ തുടങ്ങിയ യുദ്ധം ഒരു മാസമെത്തുമ്പോഴും ഇഴയുകയാണ്. റഷ്യ ഉന്നംവെച്ച സഡന്‍ വിക്ടറിയെ ഉക്രെയ്ന്‍ പ്രതിരോധിക്കുന്നതാണ് കാണാനാകുന്നത്.

പ്രധാന നഗരങ്ങളൊന്നും പിടിച്ചെടുക്കാന്‍ മോസ്‌കോയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മാത്രമല്ല വലിയ തിരിച്ചടികളും നേരിടേണ്ടി വന്നു. റഷ്യന്‍ അധീനതയിലുള്ള ബെര്‍ഡിയാന്‍സ്‌ക് തുറമുഖത്ത് റഷ്യന്‍ ലാന്‍ഡിംഗ് കപ്പല്‍ ‘ഓര്‍സ്‌ക്’ സൈന്യം തകര്‍ത്തതായി ഉക്രൈയ്ന്‍ പറഞ്ഞു.

ഉക്രൈയ്നില്‍ ഇതുവരെ 15,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് നാറ്റോ ഉദ്യോഗസ്ഥന്‍ പറയുന്നു. 40,000 പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ തടവിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് നാറ്റോ വിശദീകരിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ ഉപരോധം ശക്തമായി തുടരാന്‍ തീരുമാനിച്ചതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

എന്നിരുന്നാലും, റഷ്യന്‍ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള കീവിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന നാറ്റോ നിരസിച്ചു.

Comments are closed.