head1
head2
head 3

ഇറ്റലി-അമൃത്‌സര്‍ വിമാനത്തിലെ യാത്രക്കാരിലെ കോവിഡ്: ലാബിനെതിരെ അന്വേഷണം

അമൃത്‌സര്‍: ഇറ്റലിയില്‍ നിന്നും പഞ്ചാബിലെ അമൃത്‌സര്‍ വിമാനത്താവളത്തിലെത്തിയ നൂറുകണക്കിനാളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വിഷയത്തില്‍ ലാബിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇതില്‍ പലരുടെയും പരിശോധനഫലം കൃത്യമല്ല എന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ലാബിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാബായിരുന്നു ഈ യാത്രക്കാരുടെ കോവിഡ് പരിശോധന നടത്തിയത്. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇവരെ മാറ്റിയതായും, പകരം പഞ്ചാബില്‍ നിന്നു തന്നെയുള്ള മറ്റൊരു ലാബിനെ ചുമതലപ്പെടുത്തിയതായും ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇറ്റലിയിലെ മിലാനില്‍ നിന്നും റോമില്‍ നിന്നുമായി എത്തിയ രണ്ട് വിമാനങ്ങളിലുള്ളവര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മിലാനില്‍ നിന്നെത്തിയ വിമാനത്തിലെ 125 യാത്രക്കാരുടെയും, തൊട്ടടുത്ത ദിവസം റോമില്‍ നിന്നെത്തിയ വിമാനത്തിലെ 173 യാത്രക്കാരുടെയും പരിശോധനഫലങ്ങളായിരുന്നു പോസിറ്റീവായത്.

ഫ്‌ലൈറ്റില്‍ കയറുന്നതിന് മുന്‍പ് ഇറ്റലിയില്‍ വച്ച് നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ച ഇവര്‍ക്ക് മണിക്കൂറുകള്‍ക്കകം എങ്ങനെ പോസിറ്റീവ് ആയി എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ യാത്രക്കാര്‍ ഉയര്‍ത്തി. ഇവരില്‍ ചിലര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതില്‍ പല യാത്രക്കാര്‍ക്കും പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചതോടെ ലാബിന്റെ പ്രവര്‍ത്തനത്തില്‍ സംശയമുയരുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Comments are closed.