head2
head1
head 3

നാളെ ശ്രീലങ്കയ്ക്കെതിരെ കരിയറിലെ നൂറാം ടെസ്റ്റ്; ‘നൂറില്‍ നൂറടിക്കുമോ’ കോഹ്ലി…?

ടെസ്റ്റ് ക്രിക്കറ്റിലെ അത്യപൂര്‍വ നേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ശ്രീലങ്കയ്ക്കെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കോലിയുടെ കരിയറിലെ നൂറാം ടെസ്റ്റാണ്. ഈ നേട്ടം കൈവരിക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോഹ്ലി. 2011 -ലാണ് കോഹ്ലി ആദ്യമായി ഇന്ത്യക്കായി വെള്ളക്കുപ്പായം അണിഞ്ഞത്. ആദ്യ മത്സരത്തില്‍ വെറും 19 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും തന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മാര്‍ത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായി ഇന്ത്യയൂടെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ഉയരുവാന്‍ ഈ 33 വയസ്സുകാരന് സാധിച്ചു.

എല്ലാ ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കോഹ്ലിയുടെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ ഏതൊരു താരത്തെയും അസൂയപ്പെടുത്തുന്നതാണ്. 99 മത്സരങ്ങളില്‍ നിന്ന് 7962 റണ്‍സാണ് കോഹ്ലി ഇതുവരെ അടിച്ചെടുത്തത്. അതും 50.39 ശരാശരിയില്‍! നായകന്‍ എന്ന നിലയിലും കോഹ്ലി സമാനതകള്‍ ഇല്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. 68 മത്സരങ്ങള്‍ ഇന്ത്യയെ നയിച്ചു, അതില്‍ 40 എണ്ണത്തില്‍ വിജയിക്കാനുമായി. വിജയ ശരാശരി 58.82 ശതമാനമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോഹ്ലിയോളം ടെസ്റ്റില്‍ തിളങ്ങിയ താരമില്ലെന്ന് തന്നെ പറയാം. കോലിയുടെ ആധിപത്യം കണ്ട വര്‍ഷമായിരുന്നു 2016. 12 കളികളില്‍ നിന്ന് 1,215 റണ്‍സ് നേടി.

2011-12 ഓസ്‌ട്രേലിയന്‍ പര്യടന പരമ്പരയിലെ അവസാന മത്സരം. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയ അതികായര്‍ക്ക് പിന്നില്‍ ആറാമനായായിരുന്നു കോഹ്ലി അന്ന് ബാറ്റിങ്ങിനെത്തിയത്. 116 റണ്‍സെടുത്ത കോഹ്ലി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയും അഡ്‌ലെയ്ഡില്‍ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി കുറിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി കോഹ്ലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പോലും പിറക്കാത്തതില്‍ ആരാധകര്‍ നിരാശരാണ്. നാളത്തെ തന്റെ നൂറാം മത്സരത്തില്‍ സെഞ്ചുറി വരള്‍ച്ച മറികടന്ന് ഫോമിലേക്ക് തിരിച്ചുവരുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. കരിയറിലെ സെഞ്ചുറി ടെസ്റ്റില്‍ സെഞ്ച്വറി അടിക്കാനായാല്‍ മറ്റൊരു റെക്കോര്‍ഡ് കൂടെ കൊഹ്ലിയെ തേടിയെത്തും. 2019 നവംബറില്‍ ബംഗ്ലദേശിനെതിരായ മത്സരത്തിലാണ് കോഹ്ലിയുടെ അവസാന സെഞ്ച്വറി പിറന്നത്.

ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ അഞ്ച് പ്രധാന റെക്കോര്‍ഡുകള്‍

നായകനെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ താരമാണ് കോഹ്ലി. 20 സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്താണ് ഒന്നാമത്, 25 സെഞ്ചുറികള്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ചുറികളും കോഹ്ലി നേടിയിട്ടുണ്ട്. നിലവിലെ കളിക്കാരില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് മാത്രമാണ് കോഹ്ലിക്ക് ഒപ്പമുള്ളത്.

ഇന്ത്യയില്‍ വച്ച് നടന്ന 24 ടെസ്റ്റ് മത്സരങ്ങളില്‍ വിജയിക്കാന്‍ കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലാണ്.

നായകനെന്ന നിലയിലെ ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടിയ രണ്ടാമത്തെ താരമാണ് കോഹ്ലി. ഗ്രെഗ് ചാപ്പലാണ് സമാന നേട്ടം കോഹ്ലിക്ക് മുന്‍പ് കൈവരിച്ചിട്ടുള്ളത്.

11 വര്‍ഷം മുമ്പ് ധോണിയ്ക്ക് കീഴില്‍ കോഹ്ലിയ്ക്കൊപ്പം കളിച്ച ആരും തന്നെ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല. 2011 ജൂണ്‍ 20നു ജമൈക്കയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിച്ചുകൊണ്ടാണ് വിരാട് കോ്ഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. കോഹ്ലിയുടെ കരിയറിലെ നാഴികക്കല്ലായി മാറാന്‍ പോകുന്ന മത്സരം രോഹിത് ശര്‍മയുടെ ക്യാപ്റ്റനായുള്ള ടെസ്റ്റിലെ അരങ്ങേറ്റം കൂടിയാണ്. രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര മൊഹാലിയില്‍ നാളെ ആരംഭിക്കും.

ഇന്ത്യന്‍ ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പ്രിയങ്ക് പഞ്ചല്‍, മയാങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.