head1
head 3
head2

ഐ.എസ്.എല്‍: ഒഡിഷ എഫ്. സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത മുന്നേറ്റം തുടരുന്നു. ഒഡിഷ എഫ്.സിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിലെ കരുത്തരായ നിഷു കുമാറും, ഹര്‍മന്‍ ജോത് ഖബ്രയും നേടിയ ഗോളുകളിലൂടെയായിരുന്നു കേരളത്തിന്റെ വിജയം. തുടര്‍ച്ചയായ പത്താം മത്സരത്തിലാണ് കേരളം പരാജയമറിയാതെ മുന്നേറുന്നത്.

കളിയുടെ ഇരുപത്തി എട്ടാം മിനിറ്റിലായിരുന്നു നിഷു കുമാര്‍ കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റിലൂടെയായിരുന്നു നിഷുവിന്റെ ഗോള്‍. മത്സരത്തിന്റെ നാല്‍പതാം മിനിറ്റില്‍ ഖബ്രയിലൂടെ കേരളം രണ്ടാമതും ഒഡിഷയുടെ വലകുലുക്കി. കോര്‍ണര്‍ കിക്കിലൂടെ ലൂണ നല്‍കിയ പന്ത് മികച്ച ഒരു ഹെഡ്ഡറിലൂടെ ഖബ്ര ഗോളാക്കി മാറ്റി. പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ മികവു തെളിയിച്ച ഖബ്രയാണ് കളിയിലെ താരം.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഒഡിഷക്കെതിരായ വിജയത്തോടെ വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തി. പതിനൊന്ന് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ച് മത്സരങ്ങളില്‍ വിജയിക്കുകുയും അഞ്ച് മത്സരത്തില്‍ സമനില വഴങ്ങുകയും ചെയ്തിട്ടുണ്ട്. സീസണിലെ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ബഗാനോടായിരുന്നു കേരളത്തിന്റെ ഏകപരാജയം, ഇരുപത് പോയിന്റുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള സമ്പാദ്യം.

Comments are closed.