head2
head 3
head1

മന്ത്രിമാരുടെ രാജി, ബ്രിട്ടനില്‍ ഭരണപ്രതിസന്ധി തുടരുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ഉന്നതരായ ക്യാബിനറ്റ് മന്ത്രിമാരില്‍ രണ്ടുപേര്‍ വ്യാഴാഴ്ച രാജിവച്ചു. ഇന്ത്യന്‍ വംശജനായ ധനകാര്യ സെക്രട്ടറി ഋഷി സുനക്, ഹെല്‍ത്ത് സെക്രട്ടറി സജിദ് ജാവേദ് എന്നിവരാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രാജി സമര്‍പ്പിച്ചത്. ഇത് ഇംഗ്ലണ്ടിന്റെ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വലിയ തിരിച്ചടിയാവും ഇവരുടെ രാജി എന്നതുറപ്പാണ്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ ബോറിസ് ജോണ്‍സനെതിരെ ഉയരുന്ന ഘട്ടത്തിലാണ് ഭരണകൂടത്തിലെ മന്ത്രിമാരുടെ നിര്‍ണായകമായ രാജിപ്രഖ്യാപനം.

നല്ലൊരു മനസ്സാക്ഷിയോടു കൂടി തനിക്കിനി ഈ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നാണ് സജിദ് ജാവേദ് തന്റെ രാജിക്കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ശരിയായ രീതിയില്‍ ഭരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഋഷിയും തന്റെ രാജിക്കത്തില്‍ എഴുതിയിരിക്കുന്നു.

പ്രധാനമന്ത്രിയെന്ന നിലയില്‍ ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചുകൊണ്ടാണ് ഇരുവരും രാജിവച്ചത്. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് രാജിവച്ച ഋഷി സുനക്.

ബോറിസ് മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നത് വിവാദമായിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഇയാളെ സര്‍ക്കാരില്‍ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിച്ചത് ബോറിസിന്റെ വീഴ്ചയാണെന്നാണ് രാജിവച്ച മന്ത്രിമാരുടെ നിലപാട്. ബോറിസ് ജോണ്‍സണ്‍ ക്ഷമാപണം നടത്തിയെങ്കിലും മന്ത്രിമാര്‍ വഴങ്ങാതെ രാജിവച്ചു.

ബോറിസിന് ഇനി മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന പ്രഖ്യാപനത്തോടെ ആരോഗ്യമന്ത്രി സാജിദ് ജാവിദാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഋഷി സുനക്കും മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് പിന്‍വാങ്ങിയതില്‍ സങ്കടമുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സുനക് രാജിക്കത്തില്‍ പറയുന്നു. ബോറിസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കൂടുതല്‍ മന്ത്രിമാര്‍ രാജിയിലേക്ക് നീങ്ങുകയാണെന്നാണ് ബ്രിട്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

Comments are closed.