head 3
head2
head1

മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി; ആംബര്‍ ഹേര്‍ഡ് വന്‍തുക നഷ്ടപരിഹാരം നല്‍കണം

ഹോളിവുഡ് താരം ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി വിധി. നടി ആംബര്‍ ഹേര്‍ഡ് ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണം എന്നാണ് കോടതി വിധി. ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണം.

യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയാണ് വിധി പറഞ്ഞത്. മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേര്‍ഡ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷമാണ് കോടതിയുടെ വിധി പ്രസ്താവം. മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തില്‍ എത്തിചേര്‍ന്നത്.

ജൂറി തനിക്ക് തന്റെ ജീവിതം തിരികെ തന്നുവെന്നാണ് വിധിയോട് ജോണി ഡെപ്പ് പ്രതികരിച്ചത്. അതേസമയം, വിധിയില്‍ തൃപ്തിയില്ലെന്നും കോടതിവിധി ഹൃദയം തകര്‍ത്തെന്നും ആംബര്‍ ഹേര്‍ഡ് പ്രതികരിച്ചു.

2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിഞ്ഞിരുന്നു. പിന്നീട് 2018ല്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഹേര്‍ഡ് തുറന്നുപറഞ്ഞതോടെ ഡെപ്പ് വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ആരോപണത്തിന് പിന്നാലെ ഡെപ്പിന്റെ സിനിമാകരിയറും ഏറെ ബാധിക്കപ്പെട്ടിരുന്നു. നടന്റെ പേര് എടുത്ത് പരാമര്‍ശിച്ചിരുന്നില്ല എങ്കിലും അത് അദ്ദേഹത്തെ തന്നെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ഏവര്‍ക്കും മനസിലാകുമെന്ന് അന്ന് ഡെപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് കരിയറിലും തിരിച്ചടി നേരിട്ടതോടെ ഹേര്‍ഡിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു ഡെപ്പ്.

Comments are closed.