head2
head 3
head1

വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ഫൈവ്സ്റ്റാര്‍; ഡ്രാഗി സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്

റോം: മരിയോ ഡ്രാഗിയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയന്‍ സഖ്യസര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്. ഇന്ന് (വ്യാഴാഴ്ച) നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ നിന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടി വിട്ടുനില്‍ക്കുമെന്ന് ഗ്യുസെപ്പ കോണ്ടെ പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാരിന്റെ നിലനില്‍പ് വന്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

ഫൈവ് സ്റ്റാര്‍ പാര്‍ട്ടി ഇല്ലാത്ത സര്‍ക്കാര്‍ സഖ്യത്തില്‍ പ്രധാനമന്ത്രിയായി തുടരില്ലെന്ന് മരിയോ ഡ്രാഗി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. ഫൈവ് സ്റ്റാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ തങ്ങളും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മറ്റ് ഭരണകക്ഷി പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയുടെ തീരുമാനം ഇറ്റലിയുടെ ഭരണതലത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയന്റെ നിര്‍ണ്ണായക ഫണ്ടുകള്‍ നേടിയെടുക്കാനുള്ള ഇറ്റലിയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാവും. മാത്രമല്ല സര്‍ക്കാര്‍ സഖ്യം പൊളിയുന്ന സാഹചര്യത്തില്‍ രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിലേക്കും ഇത് നയിക്കും.

ബുധനാഴ്ച നടന്ന നീണ്ട ചര്‍ച്ചകകള്‍ക്കൊടുവിലായിരുന്നു സെനറ്റിലെ വോട്ടെടുപ്പില്‍ നിന്നും പാര്‍ട്ടി വിട്ടു നില്‍ക്കുമെന്ന് കോണ്ടെ പ്രഖ്യാപിച്ചത്. നേരത്തെ ലോവര്‍ ഹൌസില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നും ഫൈവ് സ്റ്റാര്‍ വിട്ടുനിന്നിരുന്നു.

അതേസമയം സര്‍ക്കാര്‍ തകരുകയാണെങ്കില്‍ രാജ്യത്തെ പൊതുതിരഞ്ഞടുപ്പ് നേരത്തെയാക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവുമായി ലീഗ് പാര്‍ട്ടിയും, ഡെമോക്രാറ്റിക് പാര്‍ട്ടിയും കഴിഞ്ഞ ദിവസം രംഗത്തെത്തി. അതേസമയം 2023 ല്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് നേരത്തെ നടക്കുന്ന സാഹചര്യത്തില്‍ അത് രാജ്യത്തിന്റെ ബജറ്റിനെ വരെ ബാധിച്ചേക്കാം എന്ന അഭിപ്രായങ്ങളും നിലവിലുണ്ട്. സര്‍ക്കാരിനുള്ള പിന്തുണ ഫൈവ് സ്റ്റാര്‍ പിന്‍വലിക്കുകയാണെങ്കില്‍ ബാക്കി കാര്യങ്ങള്‍ പ്രസിഡന്റ് മറ്റരെല്ല തീരുമാനിക്കും എന്നായിരുന്നു മരിയോ ഡ്രാഗി കഴിഞ്ഞ ദിവസം പറഞ്ഞത്.

Comments are closed.