head1
head 3
head2

സീസണല്‍ തൊഴിലാളികള്‍ക്കുള്ള ഇറ്റാലിയന്‍ വര്‍ക്ക് പെര്‍മിറ്റിനായി ഇപ്പോള്‍ അപേക്ഷിക്കാം

റോം: ഇ-യു ഇതര രാജ്യങ്ങളില്‍ നിന്നുള്ള സീസണല്‍ തൊഴിലാളികള്‍ക്ക് ഇറ്റലിയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനുള്ള അപേക്ഷാ നടപടികള്‍ക്ക് തുടക്കം. ചൊവ്വാഴ്ച മുതലാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ആരംഭിച്ചത്. ഇറ്റലിയിലെ സീസണല്‍ ജോലികള്‍ക്കായി തൊഴിലാളികളെ നിയമിക്കാന്‍ താത്പര്യമുള്ള സ്വദേശ-വിദേശ കമ്പനി അധികൃതര്‍ക്ക് ഇപ്പോള്‍ അപേക്ഷകള്‍ നല്‍കാന്‍ കഴിയും. മാര്‍ച്ച് പതിനേഴ് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ ലഭ്യമാവുന്ന ക്രമത്തിലാണ് ഇമ്മിഗ്രേഷന്‍ ഓഫീസില്‍ ഇവ പരിഗണിക്കപ്പെടുക.

ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ വര്‍ഷം വിദേശ സീസണല്‍ തൊഴിലാളികള്‍ക്കായി 42000 വര്‍ക്ക് പെര്‍മിറ്റുകളാണ് അനുവദിക്കുക. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തൊഴില്‍ ദാതാക്കള്‍ ഇതിനായി പ്രത്യേക തയ്യാറാക്കിയ വെബ്‌സൈറ്റിലൂടെ (https://nullaostalavoro.dlci.interno.it/Ministero/) ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തൊഴില്‍ദാതാക്കളഉടെ SPID ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. നോണ്‍ സീസണല്‍ വര്‍ക്കേഴ്‌സിനും, സെല്‍ഫ് എംപ്ലോയ്ഡ് വര്‍ക്കേഴ്‌സിനുമായുള്ള അപേക്ഷകള്‍ ജനുവരി 27 മുതല്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.

അര്‍ഹരായ രാജ്യക്കാര്‍

ഇറ്റലിയുടെ ഈ പദ്ധതി പ്രകാരം കമ്പനികള്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുളളവരെയൊക്കെ സീസണല്‍ ജോലികള്‍ക്കായി റിക്രൂട്ട് ചെയ്യാം എന്ന് പരിശോധിക്കാം.
ഇന്ത്യ, അല്‍ബേനിയ, അള്‍ജീരിയ, ബംഗ്ലാദേശ്, ബോസ്‌നിയ, റിപബ്ലിക് ഓഫ് കൊറിയ, ഐവറി കോസ്റ്റ്, ഈജിപ്ത്, എല്‍-സാല്‍വദോര്‍, എത്യോപിയ, ഫിലിപ്പൈന്‍സ്, ഗാംബിയ, ഘാന, ജപ്പാന്‍, ഗ്വാട്ടെമല, കൊസോവോ, മാലി, മൊറോക്കോ, മൌറീഷ്യസ്, മൊല്‍ഡോവ, മൊണ്ടെനെഗ്രോ, നൈജര്‍, നൈജീരിയ, പാകിസ്ഥാന്‍, നോര്‍ത്ത് മക്കഡോണിയ, സെനഗല്‍, സെര്‍ബിയ, ശ്രീലങ്ക, സുഡാന്‍, ടുണീഷ്യ, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാവുന്നത്.

സീസണല്‍ വര്‍ക്കേഴ്‌സിനായി ആകെ അനുവദിക്കപ്പെട്ട ക്വാട്ടയായ 42000 പെര്‍മിറ്റുകളില്‍ ആയിരമെണ്ണം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതേ ജോലികള്‍ക്കായി ഇറ്റലിയില്‍ എത്തിയിരുന്ന നോണ്‍ ഇയു പൗരന്‍മാര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ഇവര്‍ക്കായി തൊഴില്‍ദാതാക്കള്‍ പ്രത്യേകം മള്‍ട്ടി-ഇയര്‍ പെര്‍മിറ്റിനായുള്ള അപേക്ഷ സമര്‍പ്പിക്കണം.

കാര്‍ഷിക തൊഴിലാളികള്‍

ക്വാട്ട പ്രകാരം 14000 പെര്‍മിറ്റുകള്‍ കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്ന നോണ്‍-ഇയു തൊഴിലാളികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷകള്‍ CIA, Coldiretti, Confagricoltura, Copagri, Alliance of Cooperatives എന്നീ പ്രൊഫഷണല്‍ ഓര്‍ഗനൈസേഷന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്.

ഇറ്റാലിയന്‍ ഫാര്‍മേഴ്‌സ് അസോസിയേഷനായ കോള്‍ഡിരേറ്റിയുടെ അഭിപ്രായത്തില്‍ ഇറ്റലിയിലെ വിളകള്‍ സംരക്ഷിക്കുന്നതിനും, ഭക്ഷ്യവിതരണം ഉറപ്പുവരുത്തുന്നതിനും കാര്‍ഷിക മേഖലയില്‍ ഇയു-ഇതര തൊഴിലാളികള്‍ക്ക് അവസരം നല്‍കേണ്ടത് പ്രാധാന്യമുള്ള കാര്യമാണ്. കാര്‍ഷിക മേഖല പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുന്നതോടെ കൃഷിയിടങ്ങളില്‍ ധാരാളം തൊഴിലാളികളുടെ ആവശ്യമുണ്ടാവുമെന്നും കോള്‍ഡിരേറ്റി വക്താക്കള്‍ പറഞ്ഞു.

Comments are closed.