head2
head 3
head1

ഇറ്റലിയിലെ ചരിത്ര സ്മാരകങ്ങളെ സാക്ഷി നിര്‍ത്തി വിവാഹം ചെയ്യൂ.. രണ്ടായിരം യൂറോ നേടൂ…!

റോം: വിവാഹദിനം അവിസ്മരണീയമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവോ? എങ്കിലിതാ ഇറ്റലി നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഇറ്റലിയിലെ റോം ഉള്‍പ്പെടുന്ന ലാസിയോ റീജിയണില്‍ വച്ച് നിങ്ങള്‍ക്ക് വിവാഹം ചെയ്യാം. ചിലവുകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, കാരണം ഈ വര്‍ഷം ലാസിയോ റീജിയണില്‍ വച്ച് വിവാഹം ചെയ്യുന്നവര്‍ക്ക് 2000 യൂറോ വരെ റീജിയണല്‍ ഗവണ്‍മെന്റ് സഹായം നല്‍കും.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആഗ്രഹിക്കുന്നവരുടെ എക്കാലത്തെയും പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്നായിരുന്നു റോം ഉള്‍പ്പെടെയുള്ള ഇറ്റാലിയന്‍ നഗരങ്ങള്‍. എന്നാല്‍ കോവിഡ് വ്യാപനം ആരംഭിച്ചതോടെ വിവാഹം കഴിക്കാനായി ഇങ്ങോട്ടെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നു. ടൂറിസം വരുമാനത്തെയും ഇത് മോശമായി ബാധിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ ആശയവുമായി ലാസിയോ അധികൃതര്‍ രംഗത്തുവന്നത്.

2022 ഡിസംബര്‍ 31 വരെ വിവാഹിതരാവുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. സ്വദേശി-വിദേശി വ്യതാസമില്ലാതെ എല്ലാവര്‍ക്കും ഇതിന്റെ ഗുണഭോക്താക്കളാവാം. ‘ഫ്രം ലാസിയോ വിത്ത് ലവ്’ എന്നാണ് ലാസിയോ അധികൃതര്‍ ഈ പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. വെഡ്ഡിങ് ഫോട്ടോഗ്രാഫി, കേക്ക്, കാറ്ററിങ്, ബ്രൈഡല്‍ ഷോപ്പ് എന്നീ ആവശ്യങ്ങള്‍ക്ക് ചിലവായ തുകയാണ് ഈ പദ്ധതിയിലൂടെ തിരികെ ലഭിക്കുക. ഇതിന്റെ റെസീപ്റ്റുകള്‍ സമര്‍പ്പിക്കാന്‍ 2023 ജനുവരി വരെ സമയമുണ്ടാകും.

കോവിഡ് മൂലം സാമ്പത്തികമായി തകര്‍ന്ന ടൂറിസം മേഖലയെ പിന്തുണയ്ക്കാനായുള്ള പദ്ധതിയാണ് ഇതെന്ന് ലാസിയോ റീജിയണ്‍ പ്രസിഡന്റ് Nicola Zingaretti പറഞ്ഞു. കോവിഡിന് മുന്‍പ് 15000 വിവാഹങ്ങള്‍ വരെ മേഖലയില്‍ നടക്കാറുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് ആകെ നടന്നത് 9000 വിവാഹങ്ങള്‍ മാത്രമാണ്. പുതിയ പദ്ധതിയില്‍ ആകൃഷ്ടരായി നിരവധിയാളുകള്‍ വിവാഹ ചടങ്ങുകള്‍ നടത്താനായി ലാസിയോയിലേക്കെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇനി ഒട്ടും വൈകിക്കേണ്ട… ചരിത്രമുറങ്ങുന്ന കൊളോസിയത്തെയും, ട്രെവി ഫൗണ്ടനെയും, സ്പാനിഷ് സ്റ്റെപ്പുകളെയും സാക്ഷി നിര്‍ത്തി ഒരു ക്ലാസിക് ഇറ്റാലിയന്‍ ശൈലിയിലുള്ള വിവാഹത്തിനായി നേരെ വിട്ടോളു ലാസിയോയിലേക്ക്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.