head1
head 3
head2

ഇറ്റാലിയന്‍ ലേബര്‍ മാര്‍ക്കറ്റിലേക്ക് പാകിസ്ഥാന് പ്രവേശനം നല്‍കാനൊരുങ്ങി ഇറ്റലി

റോം: ഇറ്റലിയുടെ ലേബര്‍ മാര്‍ക്കറ്റിലേക്ക് പാക്കിസ്ഥാന് പ്രവേശനം നല്‍കാന്‍ ഇറ്റലി തയ്യാറായതായി ഇറ്റലിയിലെ പാക് അംബാസിഡര്‍ ജോഹര്‍ സലീം. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവയ്ക്കുമെന്നും,ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ജോഹര്‍ സലീം പറഞ്ഞു. കരാറിന്റെ കരട് ഇതിനകം തന്നെ പാകിസ്ഥാന്‍ ഇറ്റാലിയന്‍ അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇറ്റലിയുടെ 2022 ലെ സീസണല്‍ വര്‍ക്ക് വിസ സംവിധാനത്തില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയതായും ജോഹര്‍ സലീം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഇറ്റലിയിലെ കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ള മേഖലകളില്‍ തൊഴില്‍ ചെയ്യാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ പാകിസ്ഥാന്‍ പ്രവാസികളുടെ ക്ഷേമത്തിനായുള്ള നിരവധി പദ്ധതികള്‍ സംബന്ധിച്ചും പാക് അംബാസിഡര്‍ പ്രഖ്യാപനം നടത്തി.

കൂടുതല്‍ പാക് തൊഴിലാളികള്‍ക്ക് ഇറ്റലിയിലേക്ക് അവസരം ഒരുങ്ങുന്നതോടൊപ്പം, ഇറ്റാലിയന്‍ കമ്പനികള്‍ പാകിസ്ഥാനില്‍ നിക്ഷേപം നടത്താനും തയ്യാറാവുന്നതായി ജോഹര്‍ സലീം പറഞ്ഞു. ഊര്‍ജ്ജം, ഫുഡ് പ്രോസസിങ്, ലെതര്‍, വസ്ത്രങ്ങള്‍, നിര്‍മ്മാണ മേഖല എന്നിവയിലാണ് ഇറ്റാലിയന്‍ കമ്പനികള്‍ നിക്ഷേപിക്കാനായി ഒരുങ്ങുന്നത്.

Comments are closed.