head 3
head1
head2

ഇറ്റലിയില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

റോം: ഇറ്റലിയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കായുള്ള ഇറ്റാലിയന്‍ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പിനായി ഇപ്പോള്‍ അപേക്ഷിക്കാം. 2022-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിനാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഇറ്റലിയിലെ ഉന്നത പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും, അംഗീകൃത സ്ഥാപനങ്ങളിലും പഠന-പരിശീലന പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കുന്നതിനായി അനുവദിക്കപ്പെടുന്ന സ്‌കോളര്‍ഷിപ്പാണ് ഇത്. മാസ്റ്റര്‍ ഡിഗ്രീ, Higher Education in Arts, Music and Dance (AFAM),പി.എച്ച്.ഡി പ്രോഗ്രാമുകള്‍, അക്കാഡമിക് സൂപ്പര്‍വിഷനോട് കൂടിയ ഗവേഷണ പ്രോഗ്രാമുകള്‍, ഇറ്റാലിയന്‍ ലാംഗ്വേജ് അന്റ് കള്‍ച്ചര്‍ കോഴ്‌സുകള്‍ എന്നിവയ്ക്കായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അര്‍ഹരായവര്‍ ജൂണ്‍ 9 ന് മുന്‍പായി Study in Italy പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കേണം.

യോഗ്യതാ മാനദണ്ഢങ്ങള്‍

അക്കാഡമിക്: ഇറ്റാലിയന്‍ സര്‍വ്വകലാശാലകളിലും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മേല്‍പറഞ്ഞ കോഴ്‌സുകളിലും പ്രോഗ്രാമുകളിലേക്കും അഡ്മിഷന്‍ നേടാന്‍ അര്‍ഹതയുള്ളവര്‍ മാത്രമാണ് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അഡ്മിഷന്‍ യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://studyinitaly.esteri.it/en/Recognition-of-qualification

പ്രായപരിധി: മാസ്റ്റര്‍ ഡിഗ്രീ, Higher Education in Arts, Music and Dance (AFAM) പ്രോഗ്രാമുകളിലേക്കുള്ള സ്‌കോളര്‍പ്പിനായി അപേക്ഷിക്കുന്നവര്‍ക്ക് അവസാന തീയതിയായ 2022 ജൂണ്‍ 9 ന് 28 വയസ്സും, 364 ദിവസങ്ങളും കവിയാന്‍ പാടില്ല എന്നാണ് നിബന്ധന. പി.എച്ച് ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ജൂണ്‍ 9 ന് 30 വയസ്സും, 364 ദിവസങ്ങളും കവിയാന്‍ പാടില്ല, ഗവേഷണ പ്രോഗ്രാമുകള്‍ക്കായുള്ള സ്‌കോളര്‍പ്പിനായുള്ള അപേക്ഷകര്‍ക്ക് അവസാന തീയ്യതിയില്‍ 40 വയസ്സും, 364 ദിവസങ്ങളും കവിയാന്‍ പാടില്ല എന്നുമാണ് പ്രായപരിധി സംബന്ധമായ നിബന്ധനകള്‍.

ഭാഷാ പരിജ്ഞാനം: ഇറ്റാലിയന്‍ ഭാഷയില്‍ നടക്കുന്ന കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടുന്നവര്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള പരിജ്ഞാനം തെളിയിക്കേണ്ടതായിട്ടുണ്ട്. CEFR പ്രകാരം മിനിമം B2 ലെവല്‍ പരിജ്ഞാനമാണ് ഇതിനാവശ്യം.

ഇംഗ്ലീഷ് ഭാഷയില്‍ നടക്കുന്ന കോഴ്‌സുകളിലും സമാനമായി CEFR പ്രകാരം B2 സ്‌കോര്‍ ലഭിച്ചാല്‍ മാത്രമേ ഈ കോഴ്‌സുകളിലേക്ക് സ്‌കോളര്‍ഷിപ്പോടു കൂടി പ്രവേശനം ലഭ്യമാവുകയുള്ളു.

അതേസമയം ഇറ്റാലിയന്‍ ലാംഗ്വേജ് ആന്റ് കള്‍ച്ചര്‍ കോഴ്‌സുകള്‍ക്ക് മിനിമം A2 ലെവലിലുള്ളു ഇറ്റാലിയന്‍ ഭാഷാ പരിജ്ഞാനമാണ് ആവശ്യം. എന്നാല്‍ പിഎച്ച്ഡി, ഗവേഷണ പ്രോഗ്രാമുകള്‍ക്ക് ഭാഷാ പരിജ്ഞാനം തെളിയിക്കേണ്ട ആവശ്യമില്ല.

ആനുകൂല്യങ്ങള്‍

സ്‌കോളര്‍ഷിപ്പിന് അര്‍ഹരാവുന്നവര്‍ക്ക് ഗ്രാന്റ് അവാര്‍ഡിങ് ലെറ്ററില്‍ സൂചിപ്പിച്ച കാലയളവില്‍ പ്രതിമാസം 900 യൂറോയാണ് പഠനാവശ്യങ്ങള്‍ക്കായി ലഭിക്കുക. കോഴ്‌സ് കാലാവധിയുടെ ഓരോ പാദത്തിലും ഈ തുക അര്‍ഹരായവുടെ ഇറ്റാലിയന്‍ ബാങ്ക് അക്കൌണ്ടുകളിലേക്ക് എത്തിച്ചേരും.

ഇതുകൂടാടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാവുന്നവര്‍ക്ക് അതത് സര്‍വ്വകലാശാലകളുടെ മാനദണ്ഢപ്രകാരം കോഴ്‌സ് ട്യൂഷന്‍ ഫീ, എന്റോള്‍മെന്റ് ഫീ എന്നിവയും ഒഴിവാക്കി നല്‍കും. എന്നാല്‍ ലാംഗ്വേജ് ആന്റ് കള്‍ച്ചറല്‍ കോഴ്‌സുകള്‍ക്ക് ഈ ഫീസ് ഒഴിവാക്കി നല്‍കുന്നതല്ല.

സ്‌കോളര്‍ഷിപ്പിനോടൊപ്പം തന്നെ പ്രത്യേക ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കവറേജും ഇവര്‍ക്ക് ലഭ്യമാവും. ഗ്രാന്റ് കാലാവധി കഴിയുന്നത് വരെ അപകടങ്ങള്‍, അസുഖങ്ങള്‍ എന്നിവയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇവര്‍ക്ക് ലഭിക്കും.

അപേക്ഷ

ഈ സ്‌കോളര്‍ഷിപ്പുകള്‍ക്ക് യോഗ്യതയുള്ളവര്‍ക്ക് 2022 ജൂണ്‍ 9 ഉച്ചയ്ക്ക് 2 മണിവരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിന് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. https://studyinitaly.esteri.it/ എന്ന വെബ്‌സൈറ്റിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കണ്ടത്. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ http://proposal.sakshat.ac.in/scholarship/ എന്ന വെബ്‌സൈറ്റിലും പ്രത്യേകമായി അപേക്ഷിക്കേണം. പാസ്‌പോര്‍ട്ട്, അംഗീകൃത തിരിച്ചറിയില്‍ രേഖകള്‍ എന്നിവയും, മറ്റ് യോഗ്യതാ രേഖകളും അപേക്ഷയോടൊപ്പം നല്‍കേണ്ടതുണ്ട്.

അപേക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://studyinitaly.esteri.it/en/call-for-procedure

Comments are closed.