head1
head2
head 3

ഇറ്റാലിയൻ വർക്ക് പെർമിറ്റിന് ജനുവരി 27 മുതൽ അപേക്ഷിക്കാം; ഈ വര്‍ഷം ഇറ്റലി വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് എത്ര പേര്‍ക്ക്‍?

റോം: ഇറ്റലിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍? എങ്കിലിതാ നിങ്ങള്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ഇറ്റലിയുടെ ഫോറിന്‍ വര്‍ക്കേഴ്സ് ക്വാട്ട പ്രകാരം ഈ വര്‍ഷം ഇറ്റലിയിലേക്ക് വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കാവുന്ന ഫോറിന്‍ വര്‍ക്കേഴ്‍സിന്റെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

യൂറോപ്യന്‍ ഇക്കണോമിക് ഏരിയക്ക് (ഇ.ഇ.എ) പുറത്തു നിന്നു വരുന്നവര്‍ക്കായി അനുവദിക്കുന്ന പെര്‍മിറ്റുകളുടെ പരിധി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവിന്( decreto flussi ) കഴിഞ്ഞ ദിവസമാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതുപ്രകാരം യൂറോപ്യന്‍ ഇക്കണോമിക് ഏരിയക്കു പുറത്തുനിന്നുള്ള 69,700 വര്‍ക്കേഴ്സിനാണ് ഇറ്റലി ഇത്തവണ പെര്‍മിറ്റ് അനുവദിക്കുക. കഴിഞ്ഞ വര്‍ഷം ഇത് 30,000 ആയിരുന്നു.

ഏതൊക്കെ മേഖലയിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം?

ഇറ്റലിയുടെ ലേബര്‍- സോഷ്യല്‍ പോളിസീസ് മന്ത്രാലയത്തിന്റെ‍ ഉത്തരവ് പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിക്കുക താത്കാലിക സീസണല്‍ വര്‍ക്കര്‍മാര്‍ക്കാണ്. ആകെ 42000 പെര്‍മിറ്റുകള്‍ ഈ വിഭാഗത്തിലേക്ക് അനുവദിക്കും. ഇവയില്‍ 14000 പെര്‍മിറ്റുകളും കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമാണ് അനുവദിക്കുക.

നോണ്‍ സീസണല്‍ ജീവനക്കാര്‍ക്കും, സ്വയം-തൊഴില്‍ ചെയ്യുന്നവര്‍ക്കുമായി ആകെ 27000 പെര്‍മിറ്റുകള്‍ ഈ വര്‍ഷം ഇറ്റലി അനുവദിക്കും. ഇവയില്‍ 20000 പെര്‍മിറ്റുകള്‍ റോഡ് ട്രാന്‍സ്പോര്‍ട്ട്, കെട്ടിടനിര്‍മ്മാണം, ടൂറിസം എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായുള്ളതാണ്.

ഇവ കൂടാതെ സ്വന്തം രാജ്യത്ത് തന്നെ പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികള്‍ക്കായി 100 പെര്‍മിറ്റുകളും, സെല്‍ഫ് എംപ്ലോയ്ഡ് വര്‍ക്കേഴ്സിനായി 500 വര്‍ക്ക് പെര്‍മിറ്റുകളും ഇറ്റലി ഇത്തവണ അനുവദിക്കും. റെസിഡന്‍സ് പെര്‍മിറ്റുകള്‍ കണ്‍വേര്‍ട്ട് ചെയ്യുന്നവര്‍ക്കായി ഏഴായിരം വര്‍ക്ക് പെര്‍മിറ്റുകളാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം

വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനായി ആദ്യം ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ( https://nullaostalavoro.dlci.interno.it/Ministero/ ) അപേക്ഷ സമര്‍പ്പിക്കണം. നോണ്‍ സീസണല്‍ വര്‍ക്കേഴ്സിനും, സെല്‍ഫ്- എംപ്ലോയ്ഡ് വര്‍ക്കേഴ്സിനും, റെസിഡന്‍സി പെര്‍മിറ്റ് കണ്‍വേര്‍ട്ട് ചെയ്യുന്നവര്‍ക്കും ജനുവരി 27 രാവിലെ 9 മണി മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സീസണല്‍ വര്‍ക്കേഴ്‍സിന്റെ അപേക്ഷകള്‍ ഫെബ്രുവരി 1 രാവിലെ 9 മണി മുതല്‍ സ്വീകരിക്കും. ‌

സീസണല്‍ – നോണ്‍ സീസണല്‍ ജോലിക്കായുള്ള പെര്‍മിറ്റിനുള്ള അപേക്ഷ അതത് തൊഴില്‍ദാതാക്കളാണ് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ സെല്‍ഫ്-എംപ്ലോയ്ഡ് , കണ്‍വേര്‍ഷന്‍ അപേക്ഷകര്‍ സ്വയം തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കേണം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി ഇറ്റാലിയന്‍ ഇലക്ട്രോണിക് ഐഡിയായ SPID ആവശ്യമാണ്. ഇവ കൂടാതെ ഇറ്റലിയിലെ താമസത്തിന്റെ രേഖകള്‍, എംപ്ലോയ്‍മെന്റ് കോണ്‍ട്രാക്‌ട്, ലൈസന്‍സുകള്‍ എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മാര്‍ച്ച് 17 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

അപേക്ഷകള്‍ ലഭിക്കുന്ന ക്രമത്തിലാണ് ഇമ്മിഗ്രേഷന്‍ ഓഫീസില്‍ ഇവ പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ക്വാട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടനെ തന്നെ അപേക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് ഉചിതം. ക്വാട്ട തികഞ്ഞ ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയുമില്ല.

അടുത്ത പടി?

ഒരു നോണ്‍ ഇ.ഇ.എ പൗരന് ഇറ്റലിയില്‍ ജോലി ചെയ്യുന്നതിനായി പ്രധാനമായും വര്‍ക്ക് പെര്‍മിറ്റ്, വര്‍ക്ക് വിസ, റെസിഡന്‍സ് പെര്‍മിറ്റ് എന്നീ മൂന്ന് രേഖകളാണ് ആവശ്യം. ഇവയില്‍ ആദ്യ പടി മാത്രമാണ് വര്‍ക്ക് പെര്‍മിറ്റ്. വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ വിജയകരമായിക്കഴിഞ്ഞാല്‍ അടുത്ത പടിയായി വിസയ്ക്കായി അപേക്ഷിക്കണം. സ്വന്തം രാജ്യത്തെ ഇറ്റാലിയന്‍ എംബസികളിലോ, കോണ്‍സുലേറ്റിലോ ആണ് ഇതിനായി അപേക്ഷിക്കേണ്ടത്.

വിസ ലഭിച്ചു കഴിഞ്ഞാല്‍ ഇറ്റലിയിലേക്ക് പ്രവേശനം സാധ്യമാവും. ഇറ്റലിയിലെത്തി എട്ടു ദിവസത്തിനുള്ളില്‍ ഇറ്റലിയുടെ റെസിഡന്‍സി പെര്‍മിറ്റിനായും അപേക്ഷ സമര്‍പ്പിക്കണം. ഇറ്റലിയില്‍ നിയമപരമായി താമസിക്കാന്‍ അനുവാദം നല്‍കുന്ന രേഖയാണ് ഇത്. ഓര്‍ക്കുക, ആറുമാസമാണ് ഇറ്റാലിയന്‍ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി. ഇതു ലഭിച്ച് ആറുമാസത്തിനകം ഇറ്റലിയിലേക്ക് പ്രവേശിച്ച് അവിടെ റെസിഡന്‍സി പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിക്കണം.

Comments are closed.