head2
head1
head 3

കൊറോണയ്ക്ക് ശേഷം എന്തെന്ന ചോദ്യത്തിന് ഉത്തരമായി… ‘ഫ്ളൂറോണ’; കൊറോണയും ഇന്‍ഫ്ളുവന്‍സയും ഒത്തു ചേര്‍ന്ന് പുതിയ രോഗം

ജറുസലേം : കൊറോണയ്ക്ക് ശേഷം എന്ത് മാരണമാണ് വരിക എന്ന ചിലരുടെയെങ്കിലും ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരമായി; ‘ഫ്ളൂറോണ’യാണ് അടുത്ത കക്ഷി.

ഈ അപൂര്‍വ്വ അവതാരം ലോകത്ത് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇന്‍ഫ്ളുവന്‍സയും കൊറോണയും ചേരുന്ന അപൂര്‍വ മിശ്രിത രോഗമായ ഫ്ളൂറോണയുടെ ആദ്യ കേസ് ഇസ്രായേലിലാണ് സ്ഥിരീകരിച്ചത്. ഗര്‍ഭിണിയായ യുവതിയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഗലക്ഷണങ്ങള്‍ കാര്യമായില്ലെങ്കിലും ഇവരിപ്പോള്‍ പെറ്റ ടിക്വ സിറ്റിയിലെ ബെയ്‌ലിന്‍സണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അഡ്മിറ്റ് ചെയ്യാനെത്തിയപ്പോള്‍ത്തന്നെ നടത്തിയ പരിശോധനയില്‍ ഫ്ളൂവും കൊറോണയും ഇവരില്‍ കണ്ടെത്തിയെന്ന് പെറ്റ ടിക്വ സിറ്റിയിലെ ബെയ്‌ലിന്‍സണ്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡയറക്ടര്‍ അര്‍നോണ്‍ വിഷ്നിറ്റ്‌സര്‍ പറഞ്ഞു. സംശയം നീക്കാന്‍ വീണ്ടും പരിശോധിച്ചപ്പോഴും രണ്ട് പരിശോധനകളും പോസിറ്റീവായെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

രണ്ടും വൈറലാണ്, ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അതിനാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണ് ചെയ്യുന്നതെന്ന് പ്രൊഫ. വിഷ്നിറ്റ്സര്‍ പറഞ്ഞു.

രണ്ട് അണുബാധകളും ഒത്തുചേര്‍ന്നതിനാല്‍ രോഗിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമോയെന്ന് നിരീക്ഷിച്ചുവരികയാണെന്ന് ഇസ്രായേല്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

രണ്ട് രോഗങ്ങളും ഒരേസമയം സ്ഥിരീകരിച്ച ആദ്യത്തെ ഡോക്യുമെന്റഡ് കേസാണിതെന്നും ഇത്തരത്തില്‍പ്പെട്ട കൂടുതല്‍ രോഗികള്‍ രാജ്യത്ത് ഉണ്ടെന്നും ഇസ്രായേലി ഡോക്ടര്‍മാര്‍ പറയുന്നു.

മാസ്‌ക് വേണ്ടെന്നുവെച്ചത് തിരിച്ചടിയായി

ഔട്ട്‌ഡോറുകളില്‍ നിര്‍ബന്ധിതമായി മാസ്‌ക് ധരിക്കണമെന്ന നിയമം ഏപ്രിലില്‍ രാജ്യം ഉപേക്ഷിച്ചിരുന്നു. വലിയ ഒത്തുകൂടലുകള്‍ക്ക് മാത്രമേ മാസ്‌ക് നിര്‍ബന്ധമായിരുന്നുള്ളു. ഇതോടെ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നതിന് കാരണമായി. വെള്ളിയാഴ്ച വരെ 5,000 കേസുകള്‍ രേഖപ്പെടുത്തിയതായാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

നാലാമത്തെ ഡോസ് വാക്സിനും നല്‍കിത്തുടങ്ങി

ഒമിക്രോണ്‍ വ്യാപനം തടയുന്നതിന് ഇസ്രായേല്‍ നാലാമത്തെ വാക്‌സിന്‍ ഡോസുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നാലാമത്തെ ഡോസ് നല്‍കുന്നത്.

കോവിഡ് ആരംഭിച്ചതിനുശേഷം ഇതുവരെ 13,76,256 രോഗബാധയും 8,243 കോവിഡ് മരണങ്ങളുമാണ് ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒമിക്രോണ്‍ വ്യാപനം ആരോഗ്യ സംവിധാനത്തെ തകര്‍ക്കുമെന്ന ആശങ്ക കരസേനയുടെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ തലവന്‍ പങ്കുവെച്ചിട്ടുണ്ട്.

Comments are closed.