head 3
head1
head2

റഷ്യന്‍ വാള്‍ തലയ്ക്ക് മീതെ… അടുത്തത് ആരുടെ തല ?

കീവ് : പഴുത്തില വീഴുമ്പോള്‍ പച്ചിലയെന്ന അവസ്ഥയാണ് റഷ്യയുടെ അയല്‍ രാജ്യങ്ങളും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും അഭിമുഖീകരിക്കുന്നതെന്ന് ഉക്രെയിന്റെ അനുഭവം ഓര്‍മ്മപ്പെടുത്തുന്നു.

പഴയ സോവിയറ്റ് യൂണിയനെ വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നാണ് ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. അതുകൊണ്ട് എല്ലാവരും ഒത്തുനില്‍ക്കണമെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു. ഇതിനെതിരെ സംഘടിതമായ ചെറുത്തുനില്‍പ്പുണ്ടാകണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വിശാല റഷ്യ പുനസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പുടിന്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്.

ഉക്രെയിന്റെ കാര്യമാണ് ഇപ്പോഴത്തേതെന്നും നമുക്കൊന്നും പേടിക്കാനില്ലെന്നും കരുതുന്നത് മണ്ടത്തരമാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മുന്നറിയിപ്പ് നല്‍കുന്നു. പഴയ സോവിയറ്റ് യൂണിയനെ പുനസ്ഥാപിക്കുകയാണ് പുടിന്റെ ലക്ഷ്യമെന്ന് ലിസ് ട്രസ് പറയുന്നു. അതിനായി കിഴക്കന്‍ യൂറോപ്പിലെ വലിയ പ്രദേശങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കാനാണ് റഷ്യന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നത്.

ഉക്രെയ്ന്‍ അധിനിവേശം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിനെ ഏറ്റവും വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. പുടിനെ തടഞ്ഞുനിര്‍ത്തണം, കാരണം അദ്ദേഹം ഉക്രെയ്ന്‍ കൊണ്ട് അവസാനിപ്പിക്കില്ല- വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

1990 -കളുടെ മധ്യത്തിലേയ്ക്കോ അതിനുമുമ്പെയ്ക്കോ കാലത്തെ തിരിച്ചുവിടാനാണ് ആഗ്രഹിക്കുന്നത്. എസ്റ്റോണിയ, ലാത്വിയ തുടങ്ങിയ ബാല്‍ക്കന്‍ രാജ്യങ്ങളും സെര്‍ബിയയും അല്‍ബേനിയയും ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ബാല്‍ക്കണുകളും അപകടത്തിലാണ്. ഈയാഴ്ച ഉക്രെയ്‌നായിരിക്കാം, അടുത്തത് മറ്റേതെങ്കിലും രാജ്യമായിരിക്കാമെന്നും ട്രസ് പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.