head1
head2
head 3

റഷ്യന്‍ ഓയില്‍ ഇന്ത്യ വഴി യൂറോപ്പിലേയ്ക്കോ…? ഈ കുറുക്കുവഴിയ്ക്ക് ഇന്ത്യയും കൂട്ടുനില്‍ക്കുന്നോ ?

ഡബ്ലിന്‍ : റഷ്യന്‍ ഓയില്‍ ഇന്ത്യ വഴി യൂറോപ്പിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ… ഈ കുറുക്കുവഴിയ്ക്ക് ഇന്ത്യ കൂട്ടുനില്‍ക്കുകയാണോയെന്നതാണ് ഇപ്പോഴത്തെ യൂറോപ്യന്‍ ചര്‍ച്ച. അടുത്തകാലത്ത് വര്‍ധിച്ച ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതിയാണ് ഇതിലേയ്ക്ക് സൂചന നല്‍കുന്നത്.

എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള ഓയില്‍ യൂറോപ്പിലേയ്ക്കെത്തുന്നുവെന്നതിന് ഇനിയും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഇന്ത്യയില്‍ നിന്നും കറങ്ങിത്തിരിഞ്ഞ് റഷ്യന്‍ ഓയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്നുവെന്നു തന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്.

റഷ്യയുടെ ഓയില്‍ വിതരണത്തിനുള്ള യൂറോപ്പിലേക്കുള്ള പിന്‍വാതിലായി ഇന്ത്യയെ ഉപയോഗിക്കുന്നുവെന്ന ആശങ്കകളും ഇതോടെ വര്‍ദ്ധിച്ചു. ഉക്രൈയ്ന്‍ ആക്രമണത്തിന് മുമ്പ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി വളരെ കുറഞ്ഞ നിലയിലായിരുന്നു.

ഉയരുന്ന റഷ്യന്‍ എണ്ണയുടെ ഇന്ത്യന്‍ ഇറക്കുമതി

വഡിനാറിന്റെ ഉടമയായ നയാര എന്നാല്‍ അതിന് ശേഷം മാര്‍ച്ചില്‍ ട്രാഫിഗുരയില്‍ നിന്ന് ഏകദേശം 1.8 മില്യണ്‍ ബാരല്‍ റഷ്യന്‍ ഓയിലാണ് ഇന്ത്യ വാങ്ങിയത്. ഇതില്‍ നല്ലൊരു ശതമാനവും അവസാനമായി എത്തിപ്പെടുന്നത് യൂറോപ്പിലെ ഫില്ലിംഗ് സ്റ്റേഷനുകളിലാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

84,000 ടണ്‍ ഓയിലുമായി എസ് സി എഫ് പ്രിമോറിയുടെ കൂറ്റന്‍ എണ്ണക്കപ്പല്‍ ഈ മാസം ആദ്യം ഇന്ത്യയിലെ പടിഞ്ഞാറന്‍ ഗുജറാത്തിലെ വഡിനാറിലെ തുറമുഖത്ത് എത്തിയത് ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ്. എസ്തോണിയയുടെ അതിര്‍ത്തിക്കടുത്തുള്ള റഷ്യയിലെ സെറ്റില്‍മെന്റായ ഉസ്ത്-ലുഗയിലെ തുറമുഖത്ത് നിന്നായിരുന്നു കപ്പലെത്തിയത്. റഷ്യയുടെ എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ച സാഹചര്യത്തിലായിരുന്നു ടാങ്കറിന്റെ വരവ്.

2017 വരെ, എല്ലെസ്മിയര്‍ തുറമുഖത്തെ സ്റ്റാന്‍ലോ റിഫൈനറിയുടെ ഇന്ത്യന്‍ ഉടമയായ എസ്സാറിനായിരുന്നു വഡിനാര്‍ ഓയില്‍ റിഫൈനറിയുടെ നിയന്ത്രണം. പിന്നീട് റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റും 24.5% ഓഹരിയുള്ള ചരക്ക് വ്യാപാരി ട്രാഫിഗുരയും ഉള്‍പ്പെടെയുള്ള കണ്‍സോര്‍ഷ്യമാണ് ഇപ്പോള്‍ ഇതിന്റെ നടത്തിപ്പുകാര്‍.

പുടിന്‍ പറഞ്ഞതും ഇതുതന്നെ

ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള റഷ്യന്‍ ഓയില്‍ വിതരണം ശ്രദ്ധേയമായി വളരുകയാണെന്ന് ഈ ആഴ്ച ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ബിസിനസ് ഉച്ചകോടിയില്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കൂടി ഈ വേളയില്‍ കൂട്ടി വായിക്കേണ്ടതാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം റഷ്യയുമായുള്ള വ്യാപാരം രാഷ്ട്രീയ അനിവാര്യതയാണ്. കുതിച്ചുയരുന്ന എണ്ണവില ഉയര്‍ത്തുന്ന സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സര്‍ക്കാരിന് ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. അതിനാല്‍ ഈ പ്രക്രിയയെ ഏതെങ്കിലും വിധത്തില്‍ തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

ഇന്ത്യന്‍ തീരുമാനം റഷ്യയെ കരുത്തുറ്റതാക്കി

30% വരെ വിലക്കുറവില്‍ റഷ്യന്‍ ക്രൂഡ് വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനം ഇറക്കുമതി വെട്ടിച്ചുരുക്കി വ്‌ളാഡിമിര്‍ പുടിനെ പൂട്ടാനുള്ള യു എസ്- യൂറോപ്പ്- യു കെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തി. മേയ് മാസത്തില്‍ എണ്ണ കയറ്റുമതിയില്‍ നിന്ന് റഷ്യ 20 ബില്യണ്‍ ഡോളറാണ് നേടിയത്. ഇത് റഷ്യയുടെ സാമ്പത്തിക നില ഭദ്രമാക്കി.

റഷ്യന്‍ എണ്ണ എങ്ങോട്ടു പോകുന്നു…

എസ് സി എഫ് പ്രിമോറിയില്‍ വഡിനാറിലേക്ക് കൊണ്ടുവരുന്ന റഷ്യന്‍ ക്രൂഡ് എവിടെയാണ് ഉപയോഗിക്കുകയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ ഇടപാടിനെക്കുറിച്ചോ റഷ്യയുടെ എണ്ണയുടെ യൂറോപ്യന്‍ കയറ്റുമതിയെക്കുറിച്ചോ വ്യക്തമാക്കാന്‍ വഡിനാറിന്റെ ഉടമ തയ്യാറായിട്ടില്ല.

മേയ് മാസത്തില്‍, ഇന്ത്യ റഷ്യയില്‍ നിന്ന് പ്രതിദിനം 800,000 ബാരല്‍ ഓയിലാണ് ഇറക്കുമതി ചെയ്തതെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് പറയുന്നു. ഈ നില തുടര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി പ്രതിദിനം 1 മില്യണ്‍ ബാരലായി വര്‍ധിക്കും. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 20% ആണിതെന്നും ഏജന്‍സി പറയുന്നു.

ഇതു കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിക്ക് റഷ്യയില്‍ നിന്ന് മേയില്‍ 27% ഓയില്‍ എത്തിയിരുന്നു. ഏപ്രിലില്‍ ഇത് 5% ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ പറഞ്ഞു.

ഇന്ത്യ വഴി യൂറോപ്പിലേക്ക് റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് വ്യവസായ വൃത്തങ്ങള്‍ പറയുന്നത്. എന്നിരുന്നാലും റഷ്യന്‍ ഓയിലിന്റെ ഉത്ഭവം മറച്ചുവെയ്ക്കാന്‍ ഷിപ്പര്‍മാര്‍ക്ക് നിരവധി തന്ത്രങ്ങളുണ്ടെന്ന് നിരീക്ഷകര്‍ വെളിപ്പെടുത്തുന്നു.

Comments are closed.