head2
head 3
head1

ഉക്രൈന്‍ യുദ്ധം: ഇന്ത്യയുടെ ‘ന്യൂട്രല്‍’ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഐറിഷ് പ്രധാനമന്ത്രി

ബ്രസല്‍സ് : ഉക്രൈയ്ന്‍ വിഷയത്തില്‍ ‘ന്യൂട്രല്‍’ അടിക്കുന്ന ഇന്ത്യന്‍ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച് അയര്‍ലണ്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. റഷ്യയോടുള്ള ഇന്ത്യന്‍ സമീപനത്തെ അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി മാര്‍ട്ടിന്‍ പറഞ്ഞു. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലെത്തിയപ്പോഴാണ് ഇന്ത്യയുടെ നിലപാട് വളരെ നിരാശാജനകമാണെന്നു തുറന്നു പറഞ്ഞത്.

‘ഇത്രയും ക്രൂരമായ ആക്രമണം നടത്തിയ റഷ്യയെ അപലപിക്കാന്‍ പോലും ഇന്ത്യ തയ്യാറായില്ല. മാത്രമല്ല, ഉപരോധമേര്‍പ്പെടുത്തുന്നതിലും പങ്കാളിയായില്ല. ഈ യുദ്ധത്തിന് ധാര്‍മ്മികമായ തലമില്ല. മനുഷ്യര്‍ക്കെതിരായ, ഉക്രൈനിയന്‍ ജനതയ്ക്കെതിരായ യുദ്ധമാണിത്. പ്രകോപനമില്ലാത്തതും ന്യായീകരണമില്ലാത്തതുമായ യുദ്ധമാണ്’- അദ്ദേഹം പറഞ്ഞു. തന്റെ ഈ അഭിപ്രായം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരമായ യുദ്ധത്തില്‍ നിന്നും മാറി നില്‍ക്കാന്‍ അവിടുത്തെ ജനങ്ങള്‍ക്ക് കഴിയില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരെ അഞ്ചാം റൗണ്ട് ഉപരോധത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് മാര്‍ട്ടിന്റെ ഈ പ്രതികരണം.

ഉപരോധം റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍

പുടിന്‍ ഭരണകൂടത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഏറ്റവും വിശാലവും ശക്തവുമായ ആയുധം ഉപരോധമാണ്. ഊര്‍ജ്ജത്തിന്റെയും മറ്റും കാര്യത്തില്‍ യൂണിയന്‍ അംഗരാജ്യങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. കടുത്ത സമ്മര്‍ദ്ദം ചെലുത്തി റഷ്യയെ ശിക്ഷിക്കുകയെന്നതാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. അല്ലാതെ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെ ശിക്ഷിക്കാനാകരുതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. അതിനാല്‍, സന്തുലിതാവസ്ഥ സൂക്ഷിക്കേണ്ടതുണ്ട്. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ അയര്‍ലണ്ട് അനുകൂലിക്കുന്നതായും മാര്‍ട്ടിന്‍ പറഞ്ഞു. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കടുത്ത ഉപരോധമാണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Comments are closed.