head1
head 3
head2

യൂറോപ്പിലാകെ ‘എക്സ്റ്റസി’ ഉപയോക്താക്കള്‍ പെരുകുന്നതായി കണക്കുകള്‍

ഡബ്ലിന്‍ : ഞരമ്പുകള്‍ക്ക് തീ പാറുന്ന ലഹരി നല്‍കി മനുഷ്യനെ നശിപ്പിക്കുന്ന എക്സ്റ്റസി ഉപയോക്താക്കള്‍ യൂറോപ്പിലാകെ പെരുകുകയാണെന്ന് പുതിയ പഠനങ്ങള്‍. നൈമിഷകമായ സുഖത്തിന്റെ പിന്നാലെ പാഞ്ഞു ജീവിതം നശിപ്പിച്ചവരുടെ ജീവിതാനുഭവങ്ങളൊന്നും പുതു തലമുറയ്ക്ക് പാഠമാകുന്നില്ല. അനുദിനം ഇത്തരക്കാരുടെ എണ്ണം യൂറോപ്പിലാകെ വ്യാപകമാവുകയാണ്. യുവജനങ്ങള്‍ക്കിടയില്‍ മദ്യോപയോഗം കുറയുന്നു എന്ന വാര്‍ത്തയ്ക്ക് തൊട്ടു പിന്നാലെയാണ് പുതിയ പഠനം പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവിലാണ് എം.ഡി.എം.എ പോലുള്ള മയക്കുമരുന്നുകള്‍ അടങ്ങിയതെന്നാണ് മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ മാന്‍ഡ്രേക്ക് ഡ്രഗ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ചില ഗുളികകളില്‍ 296 മുതല്‍ 324 മില്ലിഗ്രാം വരെ എംഡിഎംഎയാണ് കണ്ടെത്തിയത്. ഇത് സാധാരണ ഡോസിന്റെ മൂന്നിരട്ടിയാണെന്ന് എച്ച്എസ്ഇ പറഞ്ഞു.

യുകെയിലെ ലൂപ്പ് എന്ന ഡ്രഗ് ചെക്കിംഗ് ഓര്‍ഗനൈസേഷന്‍ അടുത്തിടെ നടത്തിയ പരീക്ഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്. 2021 ഫെസ്റ്റിവല്‍ സീസണില്‍, എംഡിഎംഎ ആയി വില്‍ക്കുന്ന 45% ഗുളികളിലും മരുന്നൊന്നുമുണ്ടായിരുന്നില്ല, പകരം കാത്തിനോണുകളും കഫീനുമായിരുന്നു.

യുവാക്കളൊഴുകുന്നു ലഹരിയിലേയ്ക്ക്…

മയക്കുമരുന്ന് ഉപയോഗിക്കുന്ന 15-24 വയസ് പ്രായക്കാരുടെ എണ്ണത്തില്‍ 26% വര്‍ദ്ധനവാണ് ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കൊക്കെയ്ന്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 83% കൂടി. ഒരിക്കലെങ്കിലും കൊക്കെയ്‌നും എക്സ്റ്റസിയും ഉപയോഗിച്ച യുവാക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനം അയര്‍ലണ്ടിലാണെന്നും ബോര്‍ഡ് വെളിപ്പെടുത്തുന്നു.

‘പണിഷര്‍’ ഗുളികയുടെ പണിഷ്മെന്റ്

സംഗീത പരിപാടികളിലും മറ്റുമാണ് ഇത്തരം അമിത ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപമാകുന്നത്. കഴിഞ്ഞ നവംബറില്‍ ബ്ലൂ ‘പണിഷര്‍’ ഗുളികയില്‍ അതില്‍ 477 മില്ലിഗ്രാം എംഡിഎംഎയാണ് സ്ഥിരീകരിച്ചത്. രണ്ടു ഗുളികകള്‍ ഒന്നിച്ചു ചേര്‍ന്നതാണോ ഇതെന്ന സംശയം പോലും ഗവേഷകര്‍ ഉന്നയിച്ചിരുന്നു.

അവഗണിക്കരുതാത്ത മുന്നറിയിപ്പുമായി എച്ച്എസ്ഇ

എംഡിഎംഎ ഉയര്‍ത്തുന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍ ശക്തമായ മുന്നറിയിപ്പുമായി എച്ച്എസ്ഇ രംഗത്തുവന്നിട്ടുണ്ട്. ഉത്സവ സീസണില്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ അളവ് വര്‍ദ്ധിക്കുമെന്നതിനാല്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നതെന്ന് എച്ച്എസ്ഇ പറയുന്നു.

യൂറോപ്പിലെ മയക്കു മരുന്നു ഉല്‍പ്പന്നങ്ങളില്‍ ശരാശരി എംഡിഎംഎ ഡോസിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ് അടങ്ങിയിട്ടുള്ളതെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. ലോകത്തിലെ എക്കാലത്തേയും ശക്തമായ എംഡിഎംഎ ഗുളികയാണ് മാഞ്ചസ്റ്ററില്‍ കണ്ടെത്തിയതെന്ന് എച്ച്എസ്ഇ ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ശരാശരി ഡോസിന്റെ നാലിരട്ടിയിലധികമായിരുന്നു ഇതിലെ ഉള്ളടക്കം. ഇതിന് പുറമേ, സിന്തറ്റിക് കാത്തിനോണുകള്‍ പോലെയുള്ള പുതിയ മയക്കുമരുന്നുകളും വിപണിയിലെത്തുന്നതും ആശങ്കപ്പെടുത്തുന്നതാണെന്നും എച്ച്എസ്ഇ പറയുന്നു.

അരുത്… ഒരിക്കലും തൊടരുതേ…

മയക്കുമരുന്ന് ഒരിക്കലും ഉപയോഗിക്കാതിരിക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്നതാണ് പ്രധാന ഉപദേശമെന്ന് എച്ച്എസ്ഇ പറഞ്ഞു. സമ്മറില്‍ മൂന്ന് ഫെസ്റ്റിവല്‍ ഇവന്റുകളിലും ഓണ്‍ലൈനിലും ബോധവല്‍ക്കരണം നടത്തുന്നതിനായി എച്ച്എസ്ഇ ഫെസ്റ്റിവല്‍ ഹാം റിഡക്ഷന്‍ കാമ്പെയ്‌ന് തുടക്കമിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ ഡ്രഗ് ട്രെന്‍ഡുകള്‍, ഡ്രഗ് എമര്‍ജെന്‍സിയുടെ ലക്ഷണങ്ങള്‍, ദോഷം കുറയ്ക്കുന്നതിനുള്ള ഉപദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രചാരണമാണ് ഇതിന്റെ ഭാഗമായി നടത്തുക.

Comments are closed.