head 3
head1
head2

പല്ലോന്‍ജിയ്ക്ക് ഐറിഷ് ക്രിക്കറ്റ് ടീമിന്റെ അന്ത്യോദകം

ഡബ്ലിന്‍ : ശതകോടീശ്വരന്‍ പല്ലോന്‍ജി ഷാപൂര്‍ജി മിസ്ത്രിയുടെ നിര്യാണം അയര്‍ലണ്ട് ക്രിക്കറ്റ് ടീമിന് നികത്താനാവാത്ത നഷ്ടമാണ് വരുത്തിയത്. ഇദ്ദേഹത്തിന്റെ ഐറിഷ് ക്രിക്കറ്റ് സംഭാവനകളെ ടീം നന്ദിയോടെയാണ് സ്മരിക്കുന്നത്.

ഡബ്ലിനിലെ മാലഹൈഡില്‍ നടന്ന രണ്ടാം ടി20യില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് അയര്‍ലണ്ട് നടത്തിയ തകര്‍പ്പന്‍ പ്രകടനം അന്നേ ദിവസം ഈ ലോകത്തോട് വിടപറഞ്ഞ മിസ്ത്രിക്കുള്ള അന്ത്യോദകമായാണ് ടീം കാണുന്നത്. 225-7 എന്ന സ്‌കോറിലെത്തിയ ഇന്ത്യയ്ക്ക് മുന്നില്‍ ആതിഥേയര്‍ വെറും നാല് റണ്‍സിനാണ് വീണത്. തോറ്റെങ്കിലും, ധീരമായ പ്രകടനമാണ് ടീം നടത്തിയത്. ഇത് അദ്ദേഹത്തിനുള്ള ആദരവായി സമര്‍പ്പിക്കുകയാണ് ടീം ചെയ്യുന്നത്.

2003ലാണ് മിസ്ത്രി ഐറിഷ് പൗരത്വം സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി തീര്‍ന്ന മിസ്ത്രി തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗവും ഐറിഷ് ക്രിക്കറ്റിന്റെ താഴേതലം മുതല്‍ പടുത്തുയര്‍ത്താന്‍ സംഭാവന നല്‍കി.

ഡബ്ലിനില്‍ ഷാപൂര്‍ജി പല്ലോന്‍ജി ക്രിക്കറ്റ് അയര്‍ലണ്ട് അക്കാദമി സ്ഥാപിക്കുന്നതിന് കാരണമായത് ഇദ്ദേഹത്തിന്റെ സാന്നിധ്യമാണ്. അക്കാദമിയുടെ 10 വര്‍ഷത്തെ സ്പോണ്‍സറായിരുന്നു ഇദ്ദേഹം. ഇന്ത്യയുമായുള്ള മല്‍സരങ്ങളില്‍ ടോപ് സ്‌കോററായ ഹാരി ടെക്ടര്‍ ഉള്‍പ്പെടെ നിരവധി അറിയപ്പെടുന്ന കളിക്കാരെയാണ് അക്കാദമി രാജ്യത്തിന് സംഭാവന ചെയ്തത്.

ഇദ്ദേഹത്തിന്റെ സ്ഥാപനവും ക്രിക്കറ്റ് അയര്‍ലണ്ടും തമ്മിലുള്ള 10 വര്‍ഷത്തെ ലക്ഷക്കണക്കിന് യൂറോയുടെ കരാറിലൂടെയാണ് അക്കാദമി യാഥാര്‍ഥ്യമായത്. ക്രിക്കറ്റ് അയര്‍ലണ്ടിന്റെ പെര്‍ഫെക്ട് പാര്‍ട്ണറുമായിരുന്നു പല്ലോന്‍ജി ഗ്രൂപ്പ്.

ക്രിക്കറ്റ് അയര്‍ലണ്ട് ചീഫ് എക്സിക്യൂട്ടീവ് വാറന്‍ ഡ്യൂട്രോം പല്ലോന്‍ജി മിസ്ത്രിയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തിയിരുന്നു. പല്ലോന്‍ജി മിസ്ത്രിയുടെ വേര്‍പാടില്‍ ക്രിക്കറ്റ് അയര്‍ലണ്ട് ബോര്‍ഡും സ്റ്റാഫും ഏറെ ദുഃഖിക്കുന്നതായി അനുശോചന സന്ദേശത്തില്‍ പറയുന്നു.

ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹമാണ് ഷാപൂര്‍ജി പല്ലോന്‍ജി ക്രിക്കറ്റ് അയര്‍ലണ്ട് അക്കാദമിയുടെ 10 വര്‍ഷത്തെ സ്‌പോണ്‍സറായത്. ഐറിഷ് ക്രിക്കറ്റിലെ പുരുഷ-വനിതാ പ്രതിഭകളെ വളര്‍ത്താന്‍ ഈ സ്ഥാപനം മികച്ച അവസരമൊരുക്കി. ഐറിഷ് ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കുന്നതിലുള്ള ഇദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണെന്ന് സന്ദേശം പറയുന്നു.

Comments are closed.