head2
head 3
head1

ഡെര്‍വ്‌ല മര്‍ഫി; സഞ്ചാര ചരിത്രത്തിലെ ഒറ്റയടിപ്പാത

അപാരം, അയര്‍ലണ്ടില്‍ നിന്നും സൈക്കിളില്‍ ഇന്ത്യയിലേയ്ക്ക് പോയ ആ സാഹസീകത

ഡബ്ലിന്‍ : അന്തമില്ലാതെ നീണ്ടു കിടക്കുന്ന റോഡിലൂടെയാണ് ഡെര്‍വ്‌ല മര്‍ഫി സൈക്കിളില്‍ ഇന്ത്യയിലേക്ക് യാത്ര തുടങ്ങിയത്. ആ സൈക്കിള്‍ ചവിട്ടിക്കയറിയത് ലോകത്തിന്റെ യാത്രാ ചരിത്രത്തിലേയ്ക്കായിരുന്നു. സൈക്കിളില്‍ നാല് ഭൂഖണ്ഡങ്ങളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്ത, കഴിഞ്ഞ 22ന് ഈ ലോകത്തോട് വിടപറഞ്ഞ ഈ ട്രാവല്‍ റൈറ്ററെ ഒരു ഒറ്റയടിപ്പാതയായി വിശേഷിപ്പിക്കാം. റോഡ് യാത്രകളിലെ എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സധൈര്യം നേരിട്ട് ഇവര്‍ നടത്തിയ സഞ്ചാരമാണ് ചരിത്രം സൃഷ്ടിച്ചത്.

1965ല്‍ പ്രസിദ്ധീകരിച്ച ‘അയര്‍ലണ്ട് ടു ഇന്ത്യ വിത്ത് എ സൈക്കിള്‍’ എന്ന യാത്രാ വിവരണമാണ് ഐതിഹാസികമായ യാത്രയിലേയ്ക്ക് വെളിച്ചം വിതറുന്നത്. വീടിന്റെ നാലു ചുമരുകളിലൊതുങ്ങാതെ 1962-63 കാലത്താണ് മഞ്ഞുവീണ വഴികളിലൂടെ യാത്ര തുടങ്ങിയത്. 64 യൂറോയും പിസ്റ്റളും ഭൂപടങ്ങളും വടക്കുനോക്കി യന്ത്രവും മാത്രമായിരുന്നു യാത്രയുടെ സമ്പാദ്യം.

ഔപചാരിക വിദ്യാഭ്യാസം മാത്രമുള്ള 90 വയസ്സുകാരിയായ മര്‍ഫി, 26 പുസ്തകങ്ങളാണ് ലോകത്തിന് സമ്മാനിച്ചത്. പലതും ഡയറി ശൈലിയിലായിരുന്നു. ഓരോ ദിവസവും ഓരോ സ്ഥലങ്ങളെയും വ്യക്തികളേയും പുതുമയോടെയാണ് ഇവര്‍ അവതരിപ്പിച്ചത്. എഴുത്തിലെ ഈ ശൈലി വായനക്കാര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.

10 വയസ്സുള്ളപ്പോള്‍ത്തന്നെ തന്റെ ഇന്ത്യന്‍ സൈക്കിള്‍ യാത്ര അവര്‍ മനസ്സിലുറപ്പിച്ചിരുന്നു. 70കളില്‍ ബാല്‍ക്കണില്‍ പര്യടനം നടത്തുന്നതിനിടെ ബ്രേക്ക് പ്രയോഗിക്കാതെ അമിത വേഗതയില്‍ പോയതിന് മിലിട്ടറി പട്രോളിംഗ് ടീം ശാസിച്ച സംഭവവുമുണ്ടായി. വഴികളിലുടനീളം പരിചയപ്പെട്ട എല്ലാവരോടും വേര്‍തിരിവില്ലാതെ ഇടപെട്ടു. ചിലയിടങ്ങളില്‍ ആണായാണ് കടന്നുപോയത്. നല്ല ഉയരവും ആകാരസ്രൗഷ്ടവവും അതിന് തുണയായി.

ഇതിനിടെ മകളെ ഗര്‍ഭം ധരിച്ചു. റേച്ചലെന്ന് പേരിട്ട അവളുടെ അഞ്ചാം ജന്മദിനം ഇന്ത്യയിലെ കുടകില്‍ ആയിരുന്നു ആഘോഷിച്ചത്. അമ്മയോടൊപ്പം ഇവര്‍ പിന്നീട് ബാള്‍ട്ടിസ്ഥാന്‍, പെറു, മഡഗാസ്‌കര്‍, കാമറൂണ്‍ എന്നിവിടങ്ങളിലേക്ക് പോയി. കാലക്രമേണ, മര്‍ഫി, മകള്‍ റേച്ചല്‍ പെണ്‍മക്കളായ റോസ്, ക്ലോഡാഗ്, സിയ എന്നിവരെല്ലാം ചേര്‍ന്ന് 2005ല്‍ ക്യൂബന്‍ കടല്‍ത്തീരത്തും യാത്ര നടത്തി.

പിതാവ് ഫെര്‍ഗസ് മര്‍ഫിയ്ക്ക് കൗണ്ടി ലൈബ്രേറിയനായ ജോലി കിട്ടിയപ്പോള്‍ ഡബ്ലിനില്‍ നിന്ന് വാട്ടര്‍ഫോര്‍ഡിലെ ലിസ്മോറിലേക്ക് താമസം മാറ്റി. അമ്മ കാത്‌ലീന്‍, അപൂര്‍വ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗിയായിരുന്നു. അതിനാല്‍ അവര്‍ ഡെര്‍വ്‌ലയെ ധൈര്യമുള്ള കുട്ടിയായി വളര്‍ത്തി. 14ാം വയസ്സില്‍ അമ്മയെ പരിചരിക്കുന്നതിനായി പഠനം ഉപേക്ഷിക്കേണ്ടി വന്നു. 16 വര്‍ഷം അമ്മയുടെ കാവലാളായി മര്‍ഫി നിലകൊണ്ടു.

അതിനിടയില്‍ത്തന്നെ ഇംഗ്ലണ്ടിലേക്കും യൂറോപ്പിലേക്കും ചെറിയ ബൈക്ക് യാത്രകള്‍ നടത്താന്‍ കാത്‌ലീന്‍ മകളെ പ്രോത്സാഹിപ്പിച്ചു. ആ പ്രോല്‍സാഹനമാണ് ഈ സാഹസികയാത്രയ്ക്ക് മര്‍ഫിയ്ക്ക് ഇന്ധനം നല്‍കിയത്.

1979ല്‍ യു എസിലെ ഏറ്റവും വലിയ ആണവ അപകടമുണ്ടായ ത്രീ മൈല്‍ ഐലന്‍ഡിലൂടെ ഇവര്‍ കടന്നുപോയി. എയ്ഡ്‌സ് പകര്‍ച്ചവ്യാധിയുടെ കാലത്ത് കെനിയ, സിംബാബ്വെ എന്നിവിടങ്ങളിലൂടെയും വിപ്ലവത്തിന് ശേഷം റൊമാനിയയിലും വംശഹത്യയ്ക്ക് ശേഷം റുവാണ്ടയിലും ദശാബ്ദം നീണ്ട യുദ്ധത്തിന് ശേഷം ബാല്‍ക്കണിലൂടെയും ഇവര്‍ യാത്ര നടത്തി. 1931 നവംബര്‍ 28 -നായിരുന്നു ഇവരുടെ ജനനം.

Comments are closed.