head1
head2
head 3

ഇന്ത്യക്കെതിരായ അയര്‍ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; 14 അംഗ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍

ഡബ്ലിന്‍ : ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള അയര്‍ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആന്‍ഡ്രൂ ബാല്‍ബേര്‍ണിയാണ് നായകന്‍. ഈ മാസം 26, 28 തീയതികളിലായാണ് ഇന്ത്യയുടെ അയര്‍ലണ്ട് പര്യടനം.

ടോപ് ഓര്‍ഡര്‍ ബെറ്റര്‍ സ്റ്റീഫന്‍ ഡോഹെനിയും ഫാസ്റ്റ് ബൗളര്‍ കോനോര്‍ ഓള്‍ഫെര്‍ട്ടുമാണ് തങ്ങളുടെ കന്നി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ പോകുന്നത്. പോള്‍ സ്റ്റിര്‍ലിംഗ്, ജോര്‍ജ്ജ് ഡോക്രെല്‍, മാര്‍ക്ക് അഡയര്‍, ആന്‍ഡി മക്‌ബ്രൈന്‍ എന്നീ പ്രമുഖ താരങ്ങളും ഇന്ത്യക്കെതിരെ പോരിനിറങ്ങും.

സ്റ്റിര്‍ലിംഗും ബാല്‍ബിര്‍ണിയും ഹാരി ടെക്ടറും ബാറ്റിംഗ് ഡിപ്പാര്‍ട്‌മെന്റിനെ നയിക്കുമ്പോള്‍, ജോഷ്വ ലിറ്റില്‍, ക്രെയ്ഗ് യംഗ്, മാര്‍ക്ക് അഡയര്‍ എന്നിവര്‍ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നു. അതേസമയം, ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ആന്‍ഡ്രൂ മക്‌ബ്രൈന്‍ ഓഫ് സ്പിന്‍ ഓപ്ഷനും ലെഗ് സ്പിന്‍ ഓള്‍റൗണ്ടര്‍ ഗാരെത് ഡെലാനി ലെഗ് സ്പിന്‍ ഓള്‍റൗണ്ടറായും ഉള്ളതിനാല്‍, ഇന്ത്യന്‍ വംശജനായ ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ സിമി സിംഗിന് ടീമില്‍ ഇടമില്ല.

സിമി സിംഗ്

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഹെന്റിച്ച് മലാന്‍ ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ ഐറിഷ് പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കും.

ജൂണ്‍ 26, ജൂണ്‍ 28 തീയതികളില്‍ ഡബ്ലിനിലെ മാലഹൈഡിലാണ് അയര്‍ലണ്ട്-ഇന്ത്യ ടി20 മത്സരങ്ങള്‍ നടക്കുക. പരമ്പരയ്ക്കുള്ള 17 അംഗ ടീമിനെ ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങി നിന്ന രാഹുല്‍ ത്രിപാഠിയും ഇടം കണ്ടെത്തി.

അയര്‍ലണ്ട് പര്യടനം നടക്കുന്ന സമയത്ത് തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നതിനാല്‍ രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയാസ് അയ്യര്‍ എന്നീ താരങ്ങള്‍ സ്‌ക്വാഡിലില്ല. ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണാകും അയര്‍ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള അയര്‍ലണ്ട് ടീം: ആന്‍ഡ്രൂ ബാല്‍ബേര്‍ണി, മാര്‍ക്ക് അഡയര്‍, കര്‍ട്ടിസ് കാംഫര്‍, ഗാരത് ഡെലനി, ജോര്‍ജ് ഡോക്ക്‌റെല്‍, സ്റ്റീഫന്‍ ഡൊഹേനി, ജോഷ്വ ലിറ്റില്‍, ആന്‍ഡ്രൂ മക്‌ബ്രൈന്‍, ബാരി മക്കാര്‍ത്തി, കോണര്‍ ഓല്‍ഫെര്‍ട്ട്, പോള്‍ സ്റ്റിര്‍ലിങ്, ഹാരി ടെക്ടര്‍, ലോര്‍കന്‍ ടക്കര്‍, ക്രെയ്ഗ് യങ്.

ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗൈക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ തൃപാഠി, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉംറാന്‍ മാലിക്.

Comments are closed.