head2
head 3
head1

ഐ.പി.എല്‍ മെഗാ ലേലം അടുത്ത മാസം; രജിസ്റ്റര്‍ ചെയ്തത് മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെ 1214 താരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 15ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ 1214 താരങ്ങള്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. മുന്‍ ഇന്ത്യന്‍ താരവും മലയാളി പേസറുമായ എസ്. ശ്രീശാന്തും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 12, 13 തീയതികളില്‍ ബെംഗളൂരുവിലാണ് ഐപിഎല്‍ മെഗാലേലം നടക്കുക.

ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 2 കോടി രൂപയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 49 താരങ്ങളാണ്. ഇതില്‍ 17 പേര്‍ ഇന്ത്യന്‍ താരങ്ങളും 32 പേര്‍ വിദേശ താരങ്ങളുമാണ്. ആര്‍. അശ്വിന്‍, ചഹല്‍, ദീപക് ചഹര്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്‌ന, റായിഡു, മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേശ് യാദവ് തുടങ്ങിയവരാണ് രണ്ട് കോടിക്ക് രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ താരങ്ങള്‍.

വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെ ചില വമ്പന്‍ താരങ്ങള്‍ താര ലേലത്തില്‍ പേര് നല്‍കിയിട്ടില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, ബെന്‍ സ്റ്റോക്സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ് എന്നിവരാണ് ഇതില്‍ പ്രമുഖര്‍.

50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും താരം പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്തിമപട്ടികയില്‍ ഇടം പിടിച്ചില്ല. ഇക്കുറി ഏതെങ്കിലും ടീമില്‍ ശ്രീശാന്ത് പന്തെറിയുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകര്‍.

Comments are closed.