head 3
head1
head2

സേവനത്തിന്റെ ലോക ചരിത്ര വഴികളിലൂടെ സഞ്ചരിച്ച് നഴ്സുമാര്‍

ഡബ്ലിന്‍ : സേവനത്തിന്റെ ലോക ചരിത്ര വഴികളിലൂടെ സഞ്ചരിക്കുകയാണ് നഴ്സുമാര്‍. അവരറിയാതെ തന്നെ അവരുടെ സേവനം ചരിത്രം ഏറ്റുവാങ്ങുന്നു. ഓരോ വര്‍ഷവും ഈ ഏറ്റെടുക്കലിനെ ലോകം ആദരിക്കുന്നു, അനുസ്മരിക്കുന്നു, അംഗീകരിക്കുന്നു. ഇതാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ലോകം മരണത്തിലേയ്ക്ക് നടന്നടുത്ത കോവിഡ് ദുരന്തത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ നഴ്സുമാര്‍ നല്‍കിയ സേവനം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം ലോകം ഇവര്‍ക്കു മുന്നില്‍ നമ്രശിരസ്‌കരാവുന്നത്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ അപ്രതീക്ഷിത കടന്നുവരവ് നഴ്സുമാര്‍ക്കും ആതുരശുശ്രൂഷയ്ക്കും മുന്‍കാലത്തേക്കാള്‍ മുന്തിയ പ്രാധാന്യം കൈവരുത്തി. സ്വന്തം ജീവനെയും ജീവിതത്തെയും അവഗണിച്ച് സേവനസന്നദ്ധരാവുകയായിരുന്നു ഓരോ നഴ്സുമാരും. അങ്ങനെ രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലായി നഴ്സിംഗ് സമൂഹം മാറി. നിസ്തുലമായ ഒട്ടേറെ സേവന മുഹൂര്‍ത്തങ്ങള്‍ അവര്‍ ലോകത്തിന് സമ്മാനിച്ചു.

ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയെന്നറിയപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിമായ മേയ് 12 -നാണ് ഇന്റര്‍നാഷണല്‍ നഴ്‌സസ് ദിനം അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് 1965 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. സാമൂഹിക പരിഷ്‌കര്‍ത്താവും സ്റ്റാറ്റിസ്റ്റിഷ്യനുമായ ഇംഗ്ലീഷ് നഴ്സ് ആയിരുന്നു ഫ്ളോറന്‍സ് നൈറ്റിംഗേല്‍. നഴ്‌സ് മാനേജര്‍, വിദ്യാഭ്യാസ പ്രവര്‍ത്തക എന്നീ നിലകളില്‍ ക്രിമിയന്‍ യുദ്ധകാലത്ത് നല്‍കിയ സ്തുത്യര്‍ഹമായ സേവനം ഇവരെ പ്രശസ്തയാക്കി. നഴ്‌സിംഗിന്റെ അഭിമാനസ്തംഭമായി വളര്‍ന്ന ഇവര്‍ വിക്ടോറിയന്‍ സാംസ്‌കാരിക വ്യക്തിത്വവുമായി മാറി.

യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥനായ ഡൊറോത്തി സതര്‍ലാന്‍ഡ് ഈ ദിവസം നിര്‍ദ്ദേശിച്ചെങ്കിലും അന്നത് അംഗീകരിക്കപ്പെട്ടില്ല. പിന്നീട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനത്തെ നഴ്സസ് ദിനമായി തീരുമാനിക്കുകയായിരുന്നു.

Comments are closed.