head2
head1
head 3

ഇന്ത്യയില്‍ ക്യാംപസുകള്‍ ആരംഭിക്കാന്‍ താത്പര്യമറിയിച്ച് ഇറ്റലിയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: വിവിധ ഇറ്റാലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ അവരുടെ ക്യാംപസുകള്‍ ആരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര വിദ്യഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ലോകസഭയില്‍ നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറ്റലിയിലെ പ്രമുഖ ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ Istituto Marangoni ആണ് ഇത്തരത്തില്‍ താത്പര്യമറിച്ച് മുന്നോട്ട് വന്ന സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലുള്ളത്. ഇന്ത്യയില്‍ ഫാഷന്‍ ഡിസൈനിങ് മേഖലയിലെ ഒരു സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനാണ് അവരുടെ ശ്രമം.

ഇറ്റലിയെക്കൂടാതെ ഇന്ത്യയില്‍ ക്യാംപസ് ആരംഭിക്കുന്നതിനായി ഫ്രാന്‍സ് ആസ്ഥാനമായുള്ള സര്‍വ്വകലാശാലകളും സമീപിച്ചതായി വിദേശകാര്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ക്യാംപസുകള്‍ ആരംഭിക്കുന്നതോടെ ഇന്ത്യക്കകത്തും,അയല്‍രാജ്യങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഒരുങ്ങുമെന്ന് മന്ത്രി സുഭാഷ് സര്‍ക്കാര്‍ സഭയില്‍ പറഞ്ഞു.

ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയില്‍ (GIFT) വിദേശസര്‍വ്വകലാശാലകളിലെ കോഴ്‌സുകള്‍ നടത്താന്‍ അനുമതി നല്‍കുമെന്ന് നേരത്തെ ബജറ്റ് പ്രഖ്യാപനത്തിനിടയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഫിനാന്‍ഷ്യന്‍ മാനേജ്‌മെന്റ്, ഫിന്‍ടെക്, ശാസ്ത്ര-സാങ്കേതിക തുടങ്ങിയ മേഖലകളിലെ കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

Comments are closed.